Image

കോണ്‍സുലേറ്റിന്റെ അനാസ്ഥ; ഗഫൂറിന്റെ മൃതദേഹം തിരിച്ചറിയാന്‍ വൈകി

Published on 16 December, 2013
കോണ്‍സുലേറ്റിന്റെ അനാസ്ഥ; ഗഫൂറിന്റെ മൃതദേഹം തിരിച്ചറിയാന്‍ വൈകി
  
ജിദ്ദ: വാഹനാപകടത്തില്‍ മരിച്ച് നാലുമാസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലപ്പുറം വിളയില്‍ എളയങ്കോട് സ്വദേശി ഗഫൂറിന്റെ മൃതദേഹം തിരിച്ചറിയാന്‍ വൈകിയത് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അനാസ്ഥ കാരണമാണെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മരിച്ചത് ഇന്ത്യക്കാരനാണെന്ന് അപകടം നടന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് കോണ്‍സുലേറ്റിലേക്ക് വിവരം കൈമാറിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് സൗദിയിലെത്തിയ ഗഫൂര്‍ ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് കാണാതാവുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഗഫൂര്‍ അവസാനമായി നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടത്. പിന്നീട് ഒരു വിവരവും ഇല്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ ജിദ്ദയിലും മക്കയിലും അന്വേഷണം നടത്തിയെങ്കിലും കണെ്ടത്താനായില്ല. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ മന്ത്രി ഇ. അഹമ്മദ് എന്നിവര്‍ക്ക് ഭാര്യ ബുഷ്‌റ പരാതി നല്‍കി. പരാതി കോണ്‍സുലേറ്റിലേക്ക് അയച്ചിരുന്നെങ്കിലും ഇടപെടലുകളൊന്നുമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ റമദാന്‍ 28ന് ഗഫൂര്‍ അപകടത്തില്‍ മരിച്ചുവെന്നാണ് ആശുപത്രി രേഖകളില്‍ നിന്നു വ്യക്തമാവുന്നത്. മരിച്ചത് ഇന്ത്യക്കാരനാണെന്ന വിവരം പോലീസ് ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റിന് കൈമാറിയിരുന്നു. എന്നാല്‍ ഇക്കാര്യവും അന്വേഷിക്കാന്‍ കോണ്‍സുലേറ്റ് അധികൃതര്‍ തയാറായില്ല. സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് മൃതദേഹം തിരിച്ചറിയാനും മറവുചെയ്യാനും സാധിച്ചതെന്നും കോണ്‍സുലേറ്റിന്റെ ഇത്തരം അവഗണന ആര്‍ക്കും ഉണ്ടാവാതിരിക്കാനാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കോണ്‍സുലേറ്റിന്റെ അനാസ്ഥ കാരണം വാഹനാപകട മരണങ്ങളില്‍ പ്പെടുവര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പോലും സങ്കീര്‍ണാമാവാനാണ് സാധ്യത. നാട്ടില്‍നിന്നു നല്‍കിയ പരാതികളുടേതടക്കം വിവിധ രേഖകളുടെ പകര്‍പ്പുകളും ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. നിയമ വിദഗ്ധരുമായി ആലോചിച്ച് കോണ്‍സുലേറ്റ് അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഗഫൂറിന്റെ ഭാര്യാ സഹോദരന്മാരായ എ.ടി അബ്ദുനാസര്‍ കിഴിശേരി, മുഹമ്മദ് ഇസ്മായില്‍ കിഴിശേരി, ബന്ധുവായ അബ്ദുര്‍റഹ്മാന്‍ വിളയില്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക