Image

ഫ്രട്ടേണിറ്റി ഫോറം തുണയായി; റഫീഖ് നാടണഞ്ഞു

Published on 16 December, 2013
ഫ്രട്ടേണിറ്റി ഫോറം തുണയായി; റഫീഖ് നാടണഞ്ഞു
ദമാം: പ്രതീക്ഷകളും സ്വപ്നങ്ങളും വഴിയിലുപേക്ഷിച്ച് ഒന്നരവര്‍ഷത്തെ പ്രവാസം നല്‍കിയ വേദനകളും അസുഖങ്ങളുമായി കൊല്ലം പള്ളിശേരിക്കല്‍ റഫീഖ് (28) നാടണഞ്ഞു. 

കുവൈറ്റിലെ ലേബര്‍ ക്യാമ്പിലെ ദുരനുഭവങ്ങള്‍ ഇവിടെയും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു റഫീഖ് ദമാമില്‍ ഹൗസ് ഡ്രൈവര്‍ വീസയില്‍ എത്തിയത്. ഒരു വര്‍ഷത്തോളം ജുബൈല്‍ കേന്ദ്രമായി ഒരു സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു. കലാവധി തീര്‍ന്നപ്പോള്‍ സ്‌പോണ്‍സറെ സമീപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇഖാമ പുതുക്കാന്‍ 6000 റിയാല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒടുവില്‍ പലരില്‍നിന്നും കടംവാങ്ങി നല്‍കിയെങ്കിലും പുതുക്കി നല്‍കാന്‍ സ്‌പോണ്‍സര്‍ തയാറായില്ല. അതിനുപകരം കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. അതിനിടയില്‍ താമസ രേഖകള്‍ ശരിയല്ലാത്തതിനാല്‍ ചെയ്തിരുന്ന ജോലിയും നഷ്ടമായി. ഇതിനെത്തുടര്‍ന്ന് റഫീഖ് പോലീസ് പിടിയിലാവുകയും ചെയ്തു. ഒടുവില്‍ ഇദ്ദേഹത്തിന്റെ നിസഹായാവസ്ഥ മനസിലാക്കിയ പോലീസ് സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് ഇഖാമ പുതുക്കി വാങ്ങാന്‍ നിര്‍ദേശിച്ച് വിട്ടയ്ക്കുകയായിരുന്നു. 

ഇതിനിടയില്‍ ഹെര്‍ണിയ രോഗം ബാധിതനായ റഫീഖ് ദമാമിലെ പാര്‍ക്കിലാണ് തണുപ്പും ചൂടും സഹിച്ച് ദിവസങ്ങള്‍ തള്ളി നീക്കിയത്. നിതാഖാത്ത് പ്രഖ്യാപിച്ചതോടെ അസുഖത്തോടൊപ്പം താമസ പ്രതിസന്ധിയും രൂക്ഷമായി.

വിഷയത്തില്‍ ഇടപെട്ട ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകര്‍ റഫീഖിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയും സ്‌പോണ്‍സറുമയി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഫോറം നല്‍കിയ ടിക്കറ്റില്‍ കഴിഞ്ഞ ദിവസം റെഫീഖ് ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ നാടണഞ്ഞു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക