Image

ജുബൈലില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു

Published on 16 December, 2013
ജുബൈലില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു
ജുബൈല്‍: ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും നബിചര്യയും മനസിലാക്കാന്‍ പ്രവാചകന്റെ പ്രഥമ സംബോധിത സമൂഹമായ സ്വഹാബത്തുള്‍കൊള്ളുന്ന മുന്‍ഗാമികളെയാണ് ആധാരമാക്കേണ്ടതെന്ന് പ്രമുഖ പണ്ഡിതനായ ഡോ. ഷെയ്ഖ് അബ്ദുള്‍അസീസ് ഇബ്രാഹീം അല്‍ജിബ്‌രീന്‍ പ്രസ്താവിച്ചു.

സൗദി കിഴക്കന്‍ പ്രവിശ്യാ ഇസ്‌ലാഹി സെന്ററുകളുടെ സംയുക്താഭിമുഖ്യത്തില്‍ ജുബൈല്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന 'ഖുര്‍ആ നിലേക്ക് സുന്നത്തിലേക്ക്' കാമ്പയിന്‍ ഉദ്ഘാടം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനിനേയും നബിചര്യയേയും യഥാര്‍ഥരീതിയില്‍ മനസിലാകാത്തതാണ് ലോകത്ത് അനേകം കക്ഷികള്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ രൂപപ്പെടാന്‍ കാരണമായത്. അടിസ്ഥാന പ്രമാണങ്ങളിലേക്ക് തിരിച്ചുവരികയും പ്രമാണ ബദ്ധമായി കാര്യങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്താല്‍ മാത്രമേ മുസ്‌ലിം ഐക്യം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകസൃഷ്ടാവ് മാത്രമാണ് ആരാധനക്കര്‍ഹനെന്നും അതിനാല്‍ മനുഷ്യന്റെ പ്രാര്‍ഥനകള്‍ അവനോട് മാത്രമേ ആകാവൂവെന്നും ഇന്നത്തെ സമൂഹത്തില്‍ കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്ന മനുഷ്യദൈവങ്ങളും സിദ്ധന്മാരും മറ്റും ചൂഷണത്തിന്റെ വക്താക്കളാണെന്നും സുഹൈര്‍ ചുങ്കത്തറ പ്രസ്താവിച്ചു. അന്ധമായ അനുകരണം മനുഷ്യനെ അന്ധകാരത്തിലേക്കെത്തിക്കുമെന്നും മനുഷ്യര്‍ക്ക് പിന്‍പറ്റാവുന്ന ഏറ്റവും നല്ല ചര്യ മുഹമ്മദ് നബി (സ) യുടെ ചര്യയാണെന്നും അതില്‍നിന്നുള്ള വ്യതിചലനം മനുഷ്യനെ വഴികേടിലാക്കു മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാമ്പയിന്‍ ജോയിന്റ് കണ്‍വീനര്‍ യൂസഫ് ഷരീഫ് ആമുഖ പ്രഭഭാഷണം നടത്തി. ചെയര്‍മാന്‍ മൊയ്തീന്‍കുട്ടി മലപ്പുറം അധ്യക്ഷത വഹിച്ചു. യു.എ. റഹീം സാഹിബ് (കെഎംസിസി) ആശംസകളര്‍പ്പിച്ചു. അര്‍ഷദ് ബിന്‍ ഹംസ, അബ്ദുസുബ്ഹാന്‍ സ്വലാഹി, അമീന്‍ തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു. ലഘുലേഖ പ്രകാശനം സുഹൈര്‍ ചുങ്കത്തറ നിര്‍വഹിച്ചു. അഷ്‌റഫ് ആലുവ ഏറ്റുവാങ്ങി. 

കാമ്പയിന്റെ ഭാഗമായി പ്രതിവാര പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ഹദീസ് സെമിനാറുകള്‍ പഠനവേദികള്‍, മജ്‌ലിസുല്‍ ഇല്‍മ, വൈജ്ഞാനിക മത്സരങ്ങള്‍, വനിതാ വിദ്യാര്‍ഥി സംഗമം, ലഘുലേഖ സിഡി വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക