Image

പ്രവാസി നേതാക്കള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

Published on 15 December, 2013
പ്രവാസി നേതാക്കള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
കുവൈറ്റ്: കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കുവൈറ്റിലെ പുതിയ അംബാസഡര്‍ സുനില്‍ ജയിനുമായി കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറും കുവൈറ്റ് കെഎംസിസി പ്രസിഡന്റുമായ ഷറഫുദ്ദീന്‍ കണ്ണേത്ത്, കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറും ഒഐസിസി നേതാവുമായ വര്‍ഗീസ് പുതുക്കുളങ്ങര, കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തി. 

കുവൈറ്റിലെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സാല്‍മിയ, അബാസിയ്യ എന്നീ പ്രദേശങ്ങളില്‍ ഇന്ത്യക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നത് നേതാക്കള്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം വിഷയങ്ങളില്‍ പ്രവാസി നേതാക്കള്‍ ഇടപെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ പിന്തുണയുണ്ടാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാരെ തെരെഞ്ഞുപിടിച്ച് ആക്രമിക്കുകയും സിവില്‍ ഐഡി തട്ടിയെടുത്ത് ആ സിവില്‍ ഐഡി ഉപയോഗിച്ച് വിലകൂടിയ ടെലഫോണുകളും ടെലഫോണ്‍ കാര്‍ഡുകളും വാങ്ങി ഉടമയെ കടക്കെണിയിലാക്കുന്ന സംഘത്തെക്കുറിച്ചും നേതാക്കള്‍ അംബാസഡറോട് വിശദീകരിച്ചു. ഇത്തരം വിഷയങ്ങളില്‍ കുവൈറ്റ് അധികൃതരുമായി ചര്‍ച്ച ചെയ്ത് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം. അപകട ഇന്‍ഷ്വറന്‍സ് കേസുകളില്‍ അനുകൂലമായ വിധിയുണ്ടായിട്ടും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന പ്രവാസികളുടെ വിഷയത്തില്‍ എംബസി ഇടപെടണം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബാസിയയില്‍ കോണ്‍സുലേറ്റ് തുറക്കണം തുടങ്ങിയ ആവശ്യങ്ങള്‍ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

പ്രവാസി നേതാക്കള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക