Image

നീതി നിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് മനുഷ്യത്വത്തിന്റെ മഹനീയ മാതൃക: ഇ.ടി. ബഷീര്‍ എംപി

Published on 15 December, 2013
നീതി നിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് മനുഷ്യത്വത്തിന്റെ മഹനീയ മാതൃക: ഇ.ടി. ബഷീര്‍ എംപി
ജിദ്ദ: കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി ബാംഗളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസിര്‍ മഅ്ദനി നീതി നിഷേധത്തിന്റെ ഏറ്റവും വലിയ പ്രതീകമാണെന്നും നീതി നിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. 

ജസ്റ്റീസ് ഫോര്‍ മഅ്ദനി ഫോറം ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിയെപ്പോലെ നിരപരാധികളായ നിരവധിപേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയിലുകളില്‍ പീഡിതരായി കഴിയുന്നുണ്ട് അവരുടെ കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ ശ്രമിക്കുന്നുണെ്ടന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സര്‍ക്കാര്‍ ജനങ്ങളെ വേട്ടയാടുകയാണെന്നും ജനാധിപത്യം സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫോറം ചെയര്‍മാന്‍ ഗോപിനാഥ് നെടുങ്ങാടി അഭിപ്രായപ്പെട്ടു. മനുഷ്യാവകാശസംരക്ഷത്തിന് കാര്‍മികത്വം വഹിച്ച യുറോപ്യന്‍ അമേരിക്കന്‍ സമൂഹമാണ് ചരിത്രത്തില്‍ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടുള്ളതെന്നും മനുഷ്യാവകാശത്തിന്റെ മഹനീയ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും 'മനുഷ്യാവകാശം: യാഥാര്‍ഥ്യവും സങ്കല്‍പ്പവും' എന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബാസ് അലി സമര്‍ഥിച്ചു. മനുഷ്യരെല്ലാം തുല്യരാണ് എന്നത് വിശ്വാസപ്രമാണമായി അംഗീകരിക്കുന്നവര്‍ക്കേ മനുഷ്യാവകാശത്തിന് കാര്‍മികത്വം വഹിക്കാന്‍ അവകാശമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിന്റെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ സാധാരണ മനുഷ്യനെ വ്യാമോഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മനുഷ്യാവകാശത്തെകുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടിനെ കുറിച്ച് ശക്ത്മായ ബോധവത്കരണം നടത്തുകയും അവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടര്‍ ഇബ്രാഹിം ഷംനാട് അഭിപ്രായപ്പെട്ടു. 

മഅ്ദനി സംസാരിച്ചത് മുസ്‌ലിങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. പാവപ്പെട്ടര്‍ക്കും അവര്‍ണര്‍ക്കും വേണ്ടിയുള്ളതായിരുന്നു. അത്തരമൊരു വ്യക്തിയെ ജയിലിടച്ചു പീഡിപ്പിക്കുന്നത് അപമാനവും ഭരണകൂട ഭീകരതയുമാണെന്ന് പ്രഫ. റെയ്‌നോള്‍ഡ് (കിംഗ് അബ്ദുല്‍ അസീസ് യൂണിവേര്‍സിറ്റി ഇംഗ്ലീഷ് വിഭാഗം), അഭിപ്രായപ്പെട്ടു. പൂച്ചയെ കൊല്ലുന്ന പട്ടിക്കും കൃഷി നശിപ്പിക്കുന്ന പന്നിക്കും കിട്ടുന്ന സംരക്ഷണം പോലും മനുഷ്യന് നിഷേധിക്കപ്പെടുകയാണെന്ന് ഉദാഹരണം സഹിതം അദ്ദേഹം വിശദീകരിച്ചു.

രാജ്യത്ത് നടക്കുന്ന പൗരാവകാശ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നു ഗള്‍ഫ് തേജസ് പ്രതിനിധി റാഫി ബീമാപ്പള്ളി പറഞ്ഞു. മഅ്ദനി കുറ്റം ചെയ്തിട്ടുണെ്ടങ്കില്‍ തക്കതായ ശിക്ഷ കൊടുക്കുന്നതില്‍ ആരും എതിരല്ല പക്ഷെ കുറ്റാരോപിതനായ ഒരു പൗരനെ കള്ളക്കേസുകളില്‍ കുടുക്കിയും മതിയായ ചികില്‍സ നല്‍കാതെയും വര്‍ഷങ്ങളോളം ജയിലിലിട്ടു പീഡിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനത്തിന്റെ നഗ്‌നമായ ഉദാഹരണമാണെന്ന് അഡ്വ. കെ.എച്ച്. മുനീര്‍ (കണ്‍വീനര്‍, ജസ്റ്റീസ് ഫോര്‍ മഅ്ദനി ഫോറം) പറഞ്ഞു.

പ്രസിദ്ധ സിനിമ സംവിധായകന്‍ കെ.പി ശശി സംവിധാനം ചെയ്ത 'ഫാബ്രിക്കേറ്റഡ്' ഡോക്കുമെന്ററി ഫിലിം സിഡിയുടെ ജിദ്ദ ഏരിയ പ്രകാശനം കെ.ടി അബൂബക്കറില്‍ നിന്നും സ്വീകരിച്ച് കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തോമസ് വൈദ്യന്‍ നിര്‍വഹിച്ചു.

നാസര്‍ ചിങ്ങോലി, സുബൈര്‍ മൌലവി, ഷാനവാസ് വണ്ടൂര്‍, മഹബൂബ് അലി പത്തപ്പിരിയം, സലാം പോരുവഴി എന്നിവര്‍ നേതൃത്വം നല്‍കി. അന്‍വര്‍ വടക്കാങ്ങര സ്വാഗതവും മുഹമ്മദ് റാസി നന്ദിയും പറഞ്ഞു. ഫസലുള്ള മൗലവി ഖിറാഅത്ത് നടത്തി. 

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

നീതി നിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് മനുഷ്യത്വത്തിന്റെ മഹനീയ മാതൃക: ഇ.ടി. ബഷീര്‍ എംപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക