Image

'പാരത്രിക ചിന്തകള്‍ പുരോഗതിയുടെ മുഖ്യമാനദണ്ഡം'

Published on 14 December, 2013
'പാരത്രിക ചിന്തകള്‍ പുരോഗതിയുടെ മുഖ്യമാനദണ്ഡം'
ദമാം: പാരത്രിക ബോധം അടിയുറച്ച സമൂഹങ്ങള്‍ക്ക് മാത്രമേ ജീവിതത്തിലെ നാനാരംഗങ്ങളിലും പുരോഗതി കൈവരിക്കാനാവൂ എന്നും നാളെയുടെ ശാശ്വത ജീവിതത്തെപ്പറ്റി പുനര്‍വിചിന്തനമില്ലത്തവര്‍ക്ക് കൈവരുന്ന കേവല ഭൗതീക നേട്ടങ്ങള്‍ക്ക് നൈമിഷിക ആയുസ് മാത്രമാണുള്ളതെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മൗലവി സുഹൈര്‍ ചുങ്കത്തറ വ്യക്തമാക്കി.

കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുകളുടെ ഖുര്‍ ആനിലേക്ക് സുന്നത്തിലേക്ക് കാമ്പയിന്റെ ഭാഗമായി ദമാം ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതു പ്രഭാഷണത്തില്‍ 'നാളെയുടെ രക്ഷക്ക്' എന്ന വിഷയത്തെ അധികരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

തമ്മില്‍ തല്ലിയും ചോരപ്പുഴ ഒഴുക്കിയും കാലം കഴിച്ചിരുന്ന പൗരാണിക സമൂഹത്തെ നന്മയുടെയും പുരോഗതിയുടെയും നേര്‍വഴിയില്‍ പ്രവാചകന്‍ തിരുനബിക്ക് വഴി നടത്താനായത് അവരില്‍ നാളെയുടെ പാരത്രിക ജീവിതത്തെക്കുറിച്ചുള്ള ചിന്തകളിലൂടെയാണ്.

ഒരു നിമിഷത്തെ മന:ശാന്തിക്കുവേണ്ടിപ്പോലും മനുഷ്യര്‍ വിനോദങ്ങളെ വിലയ്ക്കുവാങ്ങേണ്ടുന്ന സാഹചര്യങ്ങളാണ് നിലവില്‍ നാം നേരിടുന്നത്. പ്രവാചകന്മാര്‍ നയിച്ച ശാശ്വത മോക്ഷത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇത്തരം വിലകുറഞ്ഞ വിനോദങ്ങളുടെ പുറകെ പായേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകളുടെ എണ്ണവും വണ്ണവും കൂടുന്നതാണ് നേട്ടങ്ങളുടെ മുഖ്യമാനദണ്ഡമെന്ന ചിന്ത ഏവരും കൈവെടിയണമെന്നും സാക്ഷാല്‍ തിരുനബിയുടെ വിയോഗം പോലും ഈ സത്യസന്ദേശത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിട്ടില്ലെന്നും കുപ്രചരണങ്ങളില്‍ വശംവദരാവാതെ ചരിത്ര വസ്തുതകളില്‍ നിന്നും വിശ്വാസികള്‍ ഗുണപാഠം ഉള്‍ക്കൊള്ളണമെന്നും പൊതുപ്രഭാഷണ സംഗമം ഉദ്ഘാടനം ചെയ്ത ഐസിസി മലയാള പ്രബോധക വിഭാഗം മേധാവി അബ്ദുള്‍ ജബാര്‍ അബ്ദുള്ള മദീനി ഉപദേശിച്ചു. ഓച്ചിറ യൂസഫ് സാഹിബ് നദവി ആമുഖ പ്രഭാഷണം നടത്തി. കാമ്പയിന്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ആബിദ് കെ.വി സ്വാഗതവും നൗഷാദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു. 

സ്ത്രീകളും കുട്ടികളും അടക്കം ജാതി മതഭേതമന്യേ നൂറുകണക്കിന് ആളുകള്‍ പൊതുപ്രഭാഷണത്തില്‍ സംബന്ധിച്ചു. മുഹ്‌സിന്‍ ഒളവണ്ണ, മുഹമ്മദാലി പുലാശേരി, ഖാലിദ് എ.കെ, ഡോ. അബ്ദുള്‍ കബീര്‍ ആലുവ, മുജീബ് പൂന്തുറ, സിറാജ് തിരുവനന്തപുരം,അബ്ദുള്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍,സമീര്‍ എടത്തോള്‍,മൊയ്തീന്‍കുട്ടി മണ്ണാര്‍ക്കാട്,സിറാജ് ആലുവ,മന്‍സൂര്‍ കോട്ടക്കല്‍,അബ്ദുള്‍ ജബാര്‍,അബ്ദുള്‍ ഗഫൂര്‍ പട്ടാമ്പി,അബ്ദുള്‍ അസീസ് റോയല്‍ മലബാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക