Image

'നവയുഗം' നിസ്വാര്‍ഥ നിയമ സേവന അവാര്‍ഡ് മുഹമ്മദ് നജാത്തിക്ക്

Published on 13 December, 2013
'നവയുഗം' നിസ്വാര്‍ഥ നിയമ സേവന അവാര്‍ഡ് മുഹമ്മദ് നജാത്തിക്ക്
  
ദമാം: വ്യത്യസ്ഥ മേഖലകളില്‍ നിസ്വാര്‍ഥ സേവനത്തിലൂടെ വ്യക്തിമുദ്ര പതിച്ചവര്‍ക്കായി നവയുഗം സാസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ 'നിസ്വാര്‍ഥ സേവന' അവാര്‍ഡിന്റെ 2013 ലെ ജോതാവിനെ പ്രഖ്യാപിച്ചു. 

പ്രവാസികളുമായി ബന്ധപെട്ട നിയമ സഹായ മേഖലകളില്‍ പതിറ്റാണ്ടിലേറെയായി നിസ്വാര്‍ഥ സേവനം തുടരുന്ന ദമാം ശരീഅത്ത് കോടതിയിലെ പരിഭാഷകന്‍ കൂടിയായ മുഹമ്മദ് നജാത്തിക്കാണ് ഇത്തവണത്തെ അവാര്‍ഡ്. വിവിധ ഘട്ടങ്ങളിലെ അഭിപ്രായ രൂപീകരണത്തിനൊടുവില്‍ നവയുഗം കേന്ദ്ര കമ്മിറ്റിയാണ് അവാര്‍ഡ് ജോതാവിനെ പ്രഖ്യാപിച്ചത്. 2013 റിയാലും പ്രശസ്തി പത്രവും ഫലകവും ഉള്‍ക്കൊള്ളുന്നതാണ് അവാര്‍ഡ്. 

2014 ജനവരി 24 ന് ദമാമില്‍ നടക്കുന്ന വിപുലമായ പരിപാടിയില്‍ കേരളത്തില്‍ നിന്നത്തെുന്ന രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള മൂന്നു പ്രശസ്തരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് സമ്മാനിക്കും. 

2009 മുതലാണ് നവയുഗം അവാര്‍ഡ് നല്‍കി തുടങ്ങിയത്. നിസ്വാര്‍ത്ഥ രാഷ്ട്രീയ സേവനത്ത് വെളിയം ഭാര്‍ഗവനാണ് പ്രഥമ അവാര്‍ഡ് സമ്മാനിച്ചത്. തുടര്‍ന്ന് പ്രവാസ മേഖലയില്‍ നിസ്വാര്‍ഥ സാമൂഹ്യസേവനം നടത്തുന്ന ഷാജി മതിലകത്തിന് 2010 ലെ അവാര്‍ഡും മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാജിദ് ആറാട്ടുപുഴക്ക് 2011ലെ നിസ്വാര്‍ഥ മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡും നല്‍കി. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിന് 2012 ലെ അവാര്‍ഡ് അല്‍ കൊസാമ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീദേവി മേനോന് സമ്മാനിച്ചു.

23 വര്‍ഷമായി ദമാമിലുള്ള മുഹമ്മദ് നജാത്തി നിലമ്പൂര്‍ വളാമ്പറമ്പ് സ്വദേശിയാണ്. ചുങ്കത്തറ നജാത്തുല്‍ അനാം അറബി കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ നജാത്തി സൗദിയിലെ ഇമാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി.13 വര്‍ഷമായി സൗദി ശരീഅത്ത് കോടതിയില്‍ പരിഭാഷകനായി ജോലിചെയ്യുന്ന നജാത്തി ഈ മേഖലയിലെ ഏക മലയാളി കൂടിയാണ്. സൗദി പൗരന്റെ കണ്ണ് നഷ്ടപെട്ടതിനെ തുടര്‍ന്ന് പ്രതിക്രിയയായി അഞ്ചല്‍ സ്വദേശി നൗഷാദിന്റെ കണ്ണ് നീക്കം ചെയ്യാനുള്ള ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസിനെ തുടര്‍ന്ന് സൗദി നിയമത്തെ കുറിച്ച് പ്രവാസികള്‍ക്കുള്ള ബോധവത്കരണവുമായി നജാത്തി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് നിരവധി അവസരങ്ങളില്‍ നജാത്തിയുടെ സേവനം കിഴക്കന്‍ മേഖലയിലെ പ്രവാസികള്‍ക്ക് സഹായകരമായിട്ടുണ്ട്. 2012 ല്‍ സൗദി ട്രാഫിക് അഥോറിറ്റി കിഴക്കന്‍ മേഖല നജാത്തിയെ ആദരിക്കുകയും പ്രശംസാ പത്രം കൈമാറുകയും ചെയ്തിരുന്നു. ഭാര്യ:ജുമൈല. മക്കള്‍; വസീം, ബാസിം, ഫൗസാന്‍, മര്‍വാന്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

'നവയുഗം' നിസ്വാര്‍ഥ നിയമ സേവന അവാര്‍ഡ് മുഹമ്മദ് നജാത്തിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക