Image

ഹമാസ് അംഗീകരിച്ച നിർദേശങ്ങൾ യുഎസ്  പരിശോധിക്കുന്നു; റഫയിൽ ആക്രമണം (പിപിഎം) 

Published on 07 May, 2024
ഹമാസ് അംഗീകരിച്ച നിർദേശങ്ങൾ യുഎസ്  പരിശോധിക്കുന്നു; റഫയിൽ ആക്രമണം (പിപിഎം) 

ഗാസയിൽ വെടിനിർത്തലിനു ഹമാസ് അംഗീകരിച്ച നിർദേശങ്ങൾ യുഎസ് പരിശോധിച്ചു വരികയാണെന്നു വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറയുന്നു. നിർദേശങ്ങൾ ഇസ്രയേലിന്റെ ആവശ്യങ്ങൾ അനുസരിച്ചല്ല എന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതിനു പിന്നാലെ തിങ്കളാഴ്ച ഇസ്രയേലി സേന ഐ ഡി എഫ് റഫയിൽ കനത്ത ആക്രമണം ആരംഭിക്കയും ചെയ്തു. 

ഹമാസ് അംഗീകരിച്ച നിർദേശങ്ങൾ ഇവയാണ്: ഗാസയിൽ നിന്നു ഐ ഡി എഫ് പൂർണമായി പിന്മാറണം, യുദ്ധത്തിൽ അഭയാർഥികളായ പലസ്തീൻകാർക്കു സ്വന്തം വീടുകളിലേക്കു മടങ്ങാൻ കഴിയണം, സ്ഥിരം വെടിനിർത്തൽ എന്ന ലക്ഷ്യത്തോടെ ബന്ദികളെയും തടവുകാരെയും കൈമാറണം. 

ഇസ്രയേൽ അത് അംഗീകരിക്കുന്നില്ലെങ്കിലും ചൊവാഴ്ച കയ്‌റോയിൽ ചർച്ചയ്ക്കു സംഘത്തെ അയക്കുമെന്നു നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞു. 

കിർബി പറഞ്ഞു: "ബന്ദികളുടെ മോചനത്തിനും പലസ്തീൻ ജനതയുടെ ക്ഷേമത്തിനും ഒരു ഒത്തുതീർപ്പാണ് ഏറ്റവും നല്ലതെന്നു യുഎസ് കരുതുന്നു." സി ഐ എ മേധാവി വില്യം ബേൺസിനെയാണ് പ്രസിഡന്റ് ബൈഡൻ ചർച്ചയ്ക്കു അയച്ചിട്ടുള്ളത്. ബൈഡൻ തിങ്കളാഴ്ച രാവിലെയും നെതന്യാഹുവുമായി അര മണിക്കൂറോളം സംസാരിച്ചിരുന്നു. 

ഹമാസ് ആക്രമണത്തെ തുടർന്ന് അടച്ച കെരേം ശാലോം ക്രോസിംഗ് മാനുഷിക സഹായം എത്തിക്കാൻ വീണ്ടും തുറക്കണമെന്ന ബൈഡന്റെ നിർദേശം നെതന്യാഹു അംഗീകരിച്ചെന്നു കിർബി പറഞ്ഞു. റഫയിലെ ആക്രമണത്തെ യുഎസ് പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ ഒരു മില്യണിലധികം ആളുകളുണ്ട്. 

ആക്രമണം തുടങ്ങി 

റഫയിൽ നിന്ന് ഒഴിഞ്ഞു പോകാൻ സിവിലിയന്മാരോടു തിങ്കളാഴ്ച നിർദേശിച്ച ഇസ്രയേൽ രാത്രി തന്നെ അവിടെ കനത്ത ബോംബിംഗ് നടത്തി. ചില ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തുന്നതെന്നു  ഐ ഡി എഫ്  പ്രസ്താവനയിൽ പറഞ്ഞു. 

ഇസ്രയേലി ടാങ്കുകൾ റഫയിൽ പ്രവേശിച്ചെന്നു ഈജിപ്ഷ്യൻ വൃത്തങ്ങൾ പറഞ്ഞു. രാത്രി ഉടനീളം ബോംബാക്രമണം ഉണ്ടായെന്നു പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. 

US looking at deal Hamas accepted 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക