Image

കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Published on 06 May, 2024
കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ചെന്നൈ: കന്യാകുമാരി ഗണപതിപുരത്ത് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സര്‍വദര്‍ശിത് (23), പ്രവീണ്‍ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്.

സഹപാഠിയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 12 വിദ്യാർഥികൾ സംഘമായാണ് നാഗർകോവിലിൽ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇവർ കന്യാകുമാരിയിൽ എത്തുകയായിരുന്നു. ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ശക്തമായ തിരയിൽ പെട്ടുപോകുകയായിരുന്നു. ഏഴുപേർ കുളിക്കുന്നതിന് കടലിലിറങ്ങി. ബാക്കിയുള്ളവർ കരയിൽ ഇരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരാണ് അപകടവിവരം നാട്ടുകാരെയും പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളെയും അറിയിച്ചത്.

മത്സ്യത്തൊഴിലാളികൾ ഉടൻതന്നെ കടലിൽ തിരച്ചിൽ ആരംഭിക്കുകയും മുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവർ കന്യാകുമാരി ജില്ലാ ഗവർൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായ, കരയിലുണ്ടായിരുന്ന വിദ്യാർഥികളിൽ രണ്ടുപേർ കുഴഞ്ഞുവീണതിനെ തുടർന്ന് ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൂത്തുക്കുടി, കന്യാകുമാരി മേഖലയിൽ കടൽക്ഷോഭത്തിനുള്ള സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു

  തിരുച്ചിറിപ്പിളളി മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് എല്ലാവരും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക