Image

സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവിലെ വിഷം: സംശയം ബലപ്പെടുന്നു

Published on 04 May, 2024
സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവിലെ വിഷം: സംശയം ബലപ്പെടുന്നു

ഹരിപ്പാട്: യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്‌സ് സൂര്യ സുരേന്ദ്രന്റെ(23) മരണത്തിന് കാരണം അരളിപ്പൂവിലെ വിഷാംശമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്‌ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലം കൂടി പുറത്തുവന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ലണ്ടനില്‍ ജോലി കിട്ടി പുറപ്പെടുന്നതിന് മുമ്പ് അയല്‍വീട്ടിലേക്ക് യാത്ര പറയാന്‍ പോയിരുന്നു.

ഇതിനിടെ ഫോണില്‍ സംസാരിക്കുന്നതിനിടെ അരളിയുടെ ഇലയും പൂവും നുള്ളി വായിലിട്ട് ചവച്ചു. ഉടന്‍ തന്നെ തുപ്പി കളഞ്ഞെങ്കിലും അതിന്റെ അംശങ്ങള്‍ ഉള്ളിലേക്ക് പോയി. തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയിലുടനീളം ഛർദിയുണ്ടായിരുന്നു സൂര്യയ്ക്ക്. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്‌എച്ച്‌ഒ അഭിലാഷ് കുമാർ പറഞ്ഞു.

ഇമിഗ്രേഷന്‍ ചെക്കിങ്ങിനിടെ കുഴഞ്ഞുവീണ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അരളിപ്പൂവിന്റെ വിഷമാണോ എന്ന് അറിയാനായി കെമിക്കല്‍ പരിശോധന നടത്തും. മൂന്ന് ദിവസത്തിനുള്ളില്‍ കെമിക്കല്‍ ലാബിലെ പരിശോധന ഫലം ലഭിക്കും. തിങ്കളാഴ്ചയാണ് യു.കെയില്‍ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ സൂര്യ കുഴഞ്ഞു വീണത് .

 അകാലത്തില്‍ മകളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഹരിപ്പാട് പള്ളിപ്പാട് കൊണ്ടുരേത്ത് വീട്ടില്‍ സുരേന്ദ്രന്‍- അനിത ദമ്പതികള്‍. ഏറെനാള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ജോലിയായിരുന്നു സൂര്യക്ക് ലഭിച്ചത്. എസ്എസ്എല്‍സി മുതല്‍ ബിഎസ്‌സി നഴ്‌സിങ് വരെ പാസായത് ഉയര്‍ന്ന മാര്‍ക്ക് നേടിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക