Image

നവജാത ശിശുവിന്റെ കൊലപാതകം; അണുബാധയെ തുടര്‍ന്ന് പ്രതി ഐസിയുവില്‍

Published on 04 May, 2024
നവജാത ശിശുവിന്റെ കൊലപാതകം; അണുബാധയെ തുടര്‍ന്ന് പ്രതി ഐസിയുവില്‍

കൊച്ചി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ കസ്റ്റഡിയില്‍ വാങ്ങുന്നത് ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ യുവതി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആന്തരികാവയവങ്ങള്‍ക്ക് അണുബാധയേറ്റത് മൂലം യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ മൊഴി സംബന്ധിച്ചും യുവതിയുടെ സുഹൃത്തിനെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാനില്ലെന്നും കമ്മീഷണര്‍ അറിയിച്ചു.

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഗര്‍ഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കുഞ്ഞിന്റെ അമ്മ പൊലീസിന് നല്‍കിയ മൊഴി. ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗര്‍ഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്. യുവതി ഗര്‍ഭിണിയായത് ആണ്‍സുഹൃത്തിന് അറിയാമായിരുന്നു. പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കി. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കളോട് പറയാന്‍ യുവതിക്ക് ധൈര്യമുണ്ടായില്ല. ആണ്‍ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാല്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാന്‍ ആണ്‍സുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക