Image

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന് ഭയന്ന്': തെലങ്കാന പൊലീസിന്‍റെ റിപ്പോർട്ട്

Published on 04 May, 2024
'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന് ഭയന്ന്': തെലങ്കാന പൊലീസിന്‍റെ റിപ്പോർട്ട്

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന രോഹിത് വെമുല ദളിതനായിരുന്നില്ലെന്നും ജാതി സംബന്ധിച്ച യഥാർഥ വിവരം പുറത്തുവരുമെന്ന ഭയത്താലാണു ജീവനൊടുക്കിയതെന്നും തെലങ്കാന പൊലീസിന്‍റെ റിപ്പോർട്ട്.

രാജ്യത്ത് വൻ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിൽ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കന്തരാബാദ് എംപി ബണ്ഡാരു ദത്താത്രേയ, എംഎൽസി ആയിരുന്ന എൻ. രാമചന്ദ്ര റാവു, സർവകലാശാല വിസി അപ്പാ റാവു, എബിവിപി നേതാക്കൾ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കൊന്നും പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യയിലേക്കു തള്ളിവിട്ട കാരണങ്ങളുടെ തെളിവുകൾ ലഭ്യമല്ലെന്നും പൊലീസ്.

രോഹിതിന്‍റെ ജാതി സർട്ടിഫിക്കെറ്റ് വ്യാജമായി ഉണ്ടാക്കിയതാണ്. അമ്മയാണ് അദ്ദേഹത്തിന് എസ്‌സി സർട്ടിഫിക്കെറ്റ് നൽകിയത്. ഇത് പിടിക്കപ്പെടുമെന്നും തന്‍റെ ബിരുദങ്ങൾ നഷ്ടമാവുമെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും രോഹിത് ഭയന്നിരുന്നു. അക്കാഡമിക രംഗത്തെ മോശം പ്രകടനവും രോഹിതിനെ ബാധിച്ചു. ആദ്യം പിഎച്ച്ഡിക്കു രജിസ്റ്റർ ചെയ്ത വിഷയം രണ്ടു വർഷത്തിനുശേഷം അവസാനിപ്പിച്ചു. മറ്റൊരു വിഷയത്തിൽ പിഎച്ച്ഡിക്കു ചേർന്നു. ഇതിലും മികവു പുലർത്താനായില്ല.

“പഠനത്തെക്കാൾ വിദ്യാർഥി രാഷ്‌ട്രീയത്തിൽ താത്പര്യം പ്രകടിപ്പിച്ച രോഹിതിന് അക്കാഡമിക് മികവ് പുലർത്താനായില്ല. ജാതി തെളിയിക്കാൻ ബന്ധുക്കൾക്കൊപ്പം ഡിഎൻഎ പരിശോധനയ്ക്ക് തയാറാണോ എന്ന് അമ്മ രാധിക വെമുലയോട് ചോദിച്ചപ്പോൾ അവർ മൗനം പാലിച്ചു. രോഹിതിനെ ഹോസ്റ്റൽ മുറിയിൽ നിന്നു പുറത്താക്കിയതടക്കം സർവകലാശാല സ്വീകരിച്ച നടപടികൾ ചട്ടപ്രകാരമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

13ന് തെലങ്കാനയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങൾ തള്ളുന്ന റിപ്പോർട്ട് സമർപ്പിച്ചത്. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത് എന്നതും ശ്രദ്ധേയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക