Image

നിജ്ജാര്‍ വധം: അറസ്റ്റിലായ മൂന്നുപേരെപ്പറ്റി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറിവ് ലഭിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

Published on 04 May, 2024
നിജ്ജാര്‍ വധം: അറസ്റ്റിലായ മൂന്നുപേരെപ്പറ്റി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറിവ് ലഭിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ടൊറന്റോ : ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരെപ്പറ്റി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറിവ് ലഭിച്ചിരുന്നുവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. 

ഹിറ്റ് സ്‌ക്വാഡിലെ അംഗങ്ങളായ രണ്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരണ്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്. 2023 മെയ് 1-നും നിജ്ജാര്‍ കൊല്ലപ്പെട്ട തീയതിക്കും ഇടയില്‍ ഇവര്‍ ഉള്‍പ്പെട്ട സംഘം സറേയിലും എഡ്മിന്റനിലും ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് കാനഡയിലുള്ള പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും അവരെ കര്‍ശന നിരീക്ഷണത്തിലാക്കിയിരുന്നതായും കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ പറയുന്നു.

2023 ജൂണ്‍ 18-ന് ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് മുമ്പില്‍ വെച്ചാണ് നിജ്ജാറിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നത്. കാറിനുള്ളില്‍ നിരവധി തവണ വെടിയേറ്റ് മരിച്ച നിലയിലാണ് നിജ്ജാറിനെ കണ്ടെത്തിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയില്‍ 45 വയസുളള നിജ്ജാറും ഉള്‍പ്പെട്ടിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ബന്ധമുണ്ടെന്ന് സെപ്റ്റംബറില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൗസ് ഓഫ് കോമണ്‍സില്‍ വെളിപ്പെടുത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക