Image

ജോലി മാറുന്നതു വിലക്കുന്ന കരാർ വ്യവസ്ഥ  എഫ് ടി സി റദ്ദാക്കി; കോടതിയിൽ ചോദ്യം  ചെയ്യുമെന്നു തൊഴിലുടമകൾ (പിപിഎം) 

Published on 27 April, 2024
ജോലി മാറുന്നതു വിലക്കുന്ന കരാർ വ്യവസ്ഥ                      എഫ് ടി സി റദ്ദാക്കി; കോടതിയിൽ ചോദ്യം   ചെയ്യുമെന്നു തൊഴിലുടമകൾ (പിപിഎം) 

ഒരേ വ്യവസായത്തിൽ തന്നെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്കു മാറുന്നതിൽ നിന്നു ജീവനക്കാരെ വിലക്കുന്ന കരാറുകളിൽ (non-compete agreement) നിന്നു യുഎസ് ജീവനക്കാർക്കു ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ് ടി സി) മോചനം നൽകി. ഏപ്രിൽ 23നു പ്രഖ്യാപിച്ച ആനുകൂല്യം 30 മില്യൺ കരാർ ജീവനക്കാർക്കു പ്രയോജനപ്പെടുമെന്നു എഫ് ടി സി ചൂണ്ടിക്കാട്ടി. 120 ദിവസം കഴിയുമ്പോൾ അത് നടപ്പിൽ വരും. 

ഇത്തരം കരാറുകൾ വേതനം നൽകാതിരിക്കാൻ സൗകര്യം ഒരുക്കുന്നുവെന്നു എഫ് ടി സി . 

ജീവനക്കാർക്ക് ഇനി ഒരേ വ്യവസായത്തിൽ തന്നെ ജോലി മാറാൻ കഴിയും. പാടില്ല എന്ന വ്യവസ്ഥ കരാറിൽ ഉൾപെടുത്തുന്നതിൽ നിന്നു തൊഴിലുടമകളെ ചട്ടം വിലക്കുന്നു. അത്തരം വ്യവസ്ഥ അസാധുവാണെന്നു അവർ ജീവനക്കാരെ അറിയിക്കയും വേണം. 

അമേരിക്കൻ ജീവനക്കാർക്കു പുതിയ ജോലികൾ തേടാൻ സ്വാതന്ത്ര്യമുണ്ടെന്നു ഉറപ്പു വരുത്തുന്നതാണ് പുതിയ ചട്ടങ്ങളെന്നു എഫ് ടി സി ചെയർ പാക്കിസ്ഥാനി വംശജയായ ലീന എം. ഖാൻ പറഞ്ഞു. 

അതിനെതിരെ കോടതിയിൽ പോകുമെന്നു തൊഴിലുടമകൾ പറഞ്ഞു. അമേരിക്കൻ ബിസിനസുകളെ തകർക്കുന്ന നിയമമാണ് ഇതെന്നും നഗ്നമായി അധികാരം പിടിച്ചെടുക്കുകയാണ് എഫ് ടി സി ചെയ്തതെന്നും യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് സി ഇ ഒ സുസാൻ പി. ക്ലർക് പറഞ്ഞു. "അതിനെതിരെ ചേംബർ കോടതിയിൽ പോകും. ഇത് അനാവശ്യമായ ചട്ടമാണ്. അത്തരം ശ്രമങ്ങൾ ചെറുക്കുമെന്നു മറ്റു ഏജൻസികളും മനസിലാക്കണം." 

2021ൽ പ്രസിഡന്റ് ജോ ബൈഡൻ ഒരു എക്സിക്യൂട്ടീവ് ഓർഡറിന്റെ ഭാഗമായി ശുപാർശ ചെയ്തതാണ് ഈ ചട്ടം. നിലവിൽ വന്നു കഴിഞ്ഞാൽ എല്ലാ ജീവനക്കാർക്കും തൊഴിലുടമ തളച്ചിടുന്ന വ്യവസ്ഥകളിൽ നിന്നു മോചനം ലഭിക്കും. സീനിയർ എക്സിക്യൂട്ടീവുകൾക്കു ഈ ഒഴിവ് ലഭിക്കില്ല. എന്നാൽ മൊത്തം ജീവനക്കാരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേയുള്ളൂ അവരുടെ എണ്ണം. 

ബൈഡൻ ചൊവാഴ്ച പറഞ്ഞു: "ആർക്കു വേണ്ടി ജോലി ചെയ്യണം എന്നു തീരുമാനിക്കാനുളള സ്വാതന്ത്ര്യം ജീവനക്കാർക്ക് ഉണ്ടാവണം." 

ഏതാണ്ട് 50% വരെ ജീവനക്കാർ തൊഴിൽ മാറാൻ പാടില്ല എന്ന വ്യവസ്ഥയ്ക്കു വിധേയരായാണ് ജോലി ചെയ്യുന്നത്. ചട്ടം മാറുന്നതോടെ പ്രതിവർഷം $300 ബില്യന്റെ വേതന വർധന ഉണ്ടാവുമെന്നു എഫ് ടി സി പറയുന്നു. 

എഫ് ടി സി 3-2 വോട്ടിനു പുതിയ വ്യവസ്ഥകൾ തീരുമാനിച്ചപ്പോൾ, മില്യൺ കണക്കിനു കരാറുകൾ റദ്ദാക്കാനുള്ള അധികാരം എഫ് ടി സിക്കു ഇല്ലെന്നു എതിർത്തു വോട്ട് ചെയ്ത രണ്ടു കമ്മീഷണർമാർ വാദിച്ചു. 

മൂന്ന് സംസ്ഥാനങ്ങളിൽ പഴയ വ്യവസ്ഥ നേരത്തെ നിരോധിച്ചിരുന്നു: കാലിഫോർണിയ, നോർത്ത് ഡക്കോട്ട, ഒക്‌ലഹോമ. 

FTC bans contracts that disallow workers shifting 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക