Image

20 ബന്ദികളെ മോചിപ്പിച്ചാല്‍ മതി; വെടിനിര്‍ത്തല്‍ കരാറിൽ ഇളവ് വരുത്തി ഇസ്രയേല്‍

Published on 26 April, 2024
20 ബന്ദികളെ മോചിപ്പിച്ചാല്‍ മതി; വെടിനിര്‍ത്തല്‍ കരാറിൽ  ഇളവ് വരുത്തി ഇസ്രയേല്‍

ജെറുസലേം:  പലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തല്‍ എന്നിവ സംബന്ധിച്ച്‌ ഇസ്രയേല്‍ പുതിയ കരാർ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്.

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുന്നതുമായി ബദ്ധപ്പെട്ട് പുതിയ വ്യവസ്ഥകള്‍ അവതരിപ്പിക്കാൻ ഇസ്രയേലി സുരക്ഷാ കാബിനറ്റ് യോഗം ചേർന്നു. ഇസ്രായേലി മധ്യസ്ഥർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മന്ത്രിസഭക്കും മുന്നില്‍ പുതിയ പദ്ധതി അവതരിപ്പിച്ചതായാണ് റിപ്പോർട്ട്. ഇത് മധ്യസ്ഥർ മുഖേനെ  ഹമാസിന് മുന്നില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

പുതിയ നിർദേശങ്ങള്‍ സംബന്ധിച്ച്‌ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

അതേസമയം, കരാറിന്റെ ഭാഗമായി 20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതില്‍ അടങ്ങിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ 40 ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നത്.

ഗസ്സയില്‍ ആഴ്ചകള്‍ നീളുന്ന വെടിനിർത്തല്‍ പ്രഖ്യാപിക്കുമെന്നും ഈ കാലയളവില്‍ ഇസ്രയേല്‍ സൈനികരെ പിൻവലിക്കുമെന്നും നിർദിഷ്ട കരാറിലുണ്ട്. അതേസമയം, ബന്ദികളെ വിട്ടയക്കുന്നതിന് പകരം എത്ര ഫലസ്തീനികളെ മോചിപ്പിക്കുമെന്നത് കരാറിലില്ല. കരാർ നിലവില്‍ വന്നശേഷമാകും അതിനെക്കുറിച്ചുള്ള ചർച്ചകള്‍.

കരാറിന്റെ കാലാവധി തീർന്നാല്‍ ആക്രമണം വീണ്ടും ആരംഭിക്കുമെന്നുമാണ് ഇസ്രയേല്‍ നിലപാട്. ഈജിപ്ഷ്യൻ പ്രതിനിധി വെള്ളിയാഴ്ച ഇസ്രായേലിലെത്തി കരാറിലെ വിശദാംശങ്ങള്‍ ചർച്ച ചെയ്യുമെന്നാണ് വിവരം.

അതേസമയം, ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ഹമാസ് വക്താവ് സമി അബു സുഹ്‍രി വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉള്‍പ്പെടെ 18 രാജ്യങ്ങളുടെ നേതാക്കള്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് കഴിഞ്ഞദിവസം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക