Image

കേരളം - ആകാശക്കാഴ്ച ന്രർമ്മലേഖനം: രാജൻ  കിണറ്റിങ്കര)

Published on 26 April, 2024
കേരളം - ആകാശക്കാഴ്ച ന്രർമ്മലേഖനം: രാജൻ  കിണറ്റിങ്കര)

ഇന്ന് ഏപ്രിൽ 26, കേരളത്തിലെ സ്ഥാനാർത്ഥികളുടെ ജനവിധിയും ജനങ്ങളുടെ തലവിധിയും നിർണ്ണയിക്കപ്പെടുന്ന ദിവസം..  തൻ്റെ പഴയ പ്രജകളെ കാണാൻ വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്ത ഒരു അനുചരനേയും കൂട്ടി മഹാബലി ചക്രവർത്തി പാതാളത്തിന് പുറത്ത് വന്നു.   ഇന്നത്തെ ദിവസം കേരളത്തിലെ റോഡിലൂടെ യാത്ര ചെയ്താൽ പോയ പോലെ  പാതാളത്തിൽ തന്നെ തിരിച്ചെത്തും എന്ന് അനുചരൻ ഓർമ്മിപ്പിച്ചു, അതിനാൽ ആകാശ യാത്ര നടത്തി പ്രജകളെ കാണാം എന്ന് തീരുമാനിച്ചു.  പാതാളവിമാനത്തിലെ സൈഡ് സീറ്റിലിരുന്ന് മഹാബലി താഴേക്ക് ന്നോക്കി. കേരളം എത്ര സുന്ദരം എന്ന് മനസ്സിൽ വിചാരിച്ച് യാത്ര തുടരുമ്പോൾ ഒരു നീണ്ട ക്യൂവിൽ ആളുകൾ പൊരിവെയിലത്ത് അക്ഷമരായി നിൽക്കുന്നു. "ബിവറേജ് ഷോപ്പാണോ അത് ?" മഹാബലി അനുചരനോട് സംശയം ചോദിച്ചു.  അല്ല, അത് പോളിംഗ് ബൂത്താണ്, വോട്ട് ചെയ്യാൻ നിൽക്കുന്നവരാ , അനുചരൻ തിരുത്തി.

ഹെലികോപ്റ്ററിൽ പ്രളയം കാണുന്ന മന്ത്രിയെപ്പോലെ മഹാബലി താഴേക്ക് കൈ വീശി കാണിച്ചു.  " ഇത്ര ഉയരത്ത് നിന്ന് ആക്ഷൻ കാട്ടിയാലൊന്നും അങ്ങോട്ട് കാണില്ല , പൊട്ടത്തരം കാണിക്കാതെ " , വഴികാട്ടി പറഞ്ഞു.

കുറെയാത്ര ചെയ്തപ്പോൾ ഒരു കാറിൽ നിന്ന് വടിവാൾ, കോടാലി, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങൾ ഇറക്കുന്നു. ഇതൊക്കെ എന്താണ്? ഇത് എലക്ഷനല്ലേ, യുദ്ധമല്ലല്ലോ" മഹാബലിക്ക് ആശ്ചര്യം.

അത്  സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ കാറ്റത്ത് പറന്ന് പോകാതിരിക്കാൻ ഒരു മുള്ളാണി തറയ്ക്കാനുള്ള ഉപകരണങ്ങളാണ്.  അനുചരൻ പറഞ്ഞു

അനുചരൻ്റെ മറുപടികളിൽ തൃപ്തനായി മഹാബലി യാത്ര തുടർന്നു.

ഒരു കാടിന് മുകളിലൂടെ യാത്ര ചെയ്ത് ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഒരു ലോറി നിറയെ ഭക്ഷണ കിറ്റുകളുമായി മെല്ലെ നീങ്ങുന്നു. ,   ഇതൊക്കെ എന്താ, കേരളക്കാർ പട്ടിണിയിലാണോ?

അത് അമ്പലത്തിലെ പൂജക്ക് വേണ്ട സാമഗ്രികളാ, ഇതൊക്കെ ഇപ്പോൾ കിറ്റുകളായാണ് ഭഗവാന് സമർപ്പിക്കുന്നത് .
അനുചരൻ പറഞ്ഞ് മനസ്സില്ലാക്കി.

പെട്ടെന്ന്, അയ്യോ തേക്കടിയെത്തി, എത്ര ആനകളാ എന്ന് പറഞ്ഞ് മഹാബലി ഒരു കുട്ടിയെപ്പോലെ തുള്ളിച്ചാടി.  " അത് തേക്കടിയൊന്നുമല്ല, കാട്ടിലെ ആനകൾ നാട്ടിലിറങ്ങിയതാ, ആളുകൾ കാട് കയറിയപ്പോൾ ആനകൾ നാടിറങ്ങി " അത്രയേ ഉള്ളു , അനുചരൻ പറഞ്ഞു .

താഴെ ഒരു ഷട്ടറിട്ട കടക്ക് മുന്നിൽ പകൽ കുറെ ആളുകൾ കിടന്നുറങുന്നു, അത് കണ്ട് മഹാബലിയുടെ മനസ്സലിഞ്ഞു . എൻ്റെ പ്രജകൾ കടത്തിണ്ണയിലാണോ കിടക്കുന്നത് ? തല ചായ്ക്കാൻ ഒരിടമില്ലേ?

അയ്യോ, അത് ഇന്ന് ബിവറേജസ് മുടക്കമായതിനാൽ നാളെ രാവിലെ കട തുറക്കുമ്പോൾ ആദ്യം സാധനം വാങ്ങാൻ വേണ്ടി തലേന്ന് വന്ന് കിടക്കുന്നവരാ , അനുചരൻ മഹാബലിയെ ശാന്തനാക്കി.

താഴെ ആരും കാണുന്നില്ലെങ്കിലും മഹാബലി ചിരിച്ചും കൈ വീശിയും ഇടക്ക് വിങ്ങിപ്പൊട്ടിയും യാത്ര തുടർന്നു.

അതിനിടയിൽ ഒരു കെട്ടിടത്തിൽ നിറയെ കമ്പ്യൂട്ടറുകളും അതിന് മുന്നിൽ കുറെ ചെറുപ്പക്കാരും ശ്രദ്ധയോടെ ജോലി ചെയ്യുന്നു. മഹാബലി ജനാല തുറന്ന് പുറത്തേക്ക് തലയിട്ട് അതൊന്നു കൂടി കാണാൻ വിഫലശ്രമം നടത്തി.

തല ഇടിച്ച് പൊട്ടിക്കണ്ടാ, അത് സൈബർ പോരാളികളുടെ ആസ്ഥാനമാണ്, അവിടെ ഇരുന്ന് പടച്ചുവിടുന്നത് കണ്ടാണ് ഒരു വോട്ടർ സ്ഥാനാർത്ഥികളെ വിലയിരുത്തുന്നത്, അനുചരൻ പറഞ്ഞു

കേരളം വളരെ മാറിപ്പോയി , കള്ളവും ചതിയും അഴിമതിയും എള്ളോളമില്ലാതായി, മഹാബലി പറഞ്ഞു.

ഇത്രയൊക്കെ കണ്ടിട്ടും കള്ളവും ചതിയും എള്ളോളമില്ല എന്നാണോ അങ്ങ് പറയുന്നത്. അനുചരൻ ചോദിച്ചു.

എള്ളോളമില്ല, കുന്നോളമായി എന്നാണ് ഞാനുദ്ദേശിച്ചത്. മഹാബലി വ്യക്തമാക്കി .

ചക്രവർത്തി വിഷമിക്കണ്ട, കേരളത്തിന് ഒരു മാറ്റവുമില്ല, മാറിയത് മലയാളിയാണ്. വരൂ, നമുക്ക് തിരിച്ചു പോകാം .

മഹാബലിയുടെ പാതാളവിമാനം പാതി വഴിയിൽ പാതാളത്തിലേക്ക് തിരിച്ചു പറന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക