Image

റഫ ആക്രമണത്തിന് ഇസ്രയേൽ വരേണ്യ  സേനാ വിഭാഗത്തെ സജ്ജമാക്കി (പിപിഎം) 

Published on 25 April, 2024
റഫ ആക്രമണത്തിന് ഇസ്രയേൽ വരേണ്യ  സേനാ വിഭാഗത്തെ സജ്ജമാക്കി (പിപിഎം) 

ഗാസയിലെ ഒരു മില്യണിലേറെ പലസ്തീൻകാർ അഭയം തേടിയിട്ടുള്ള റഫ മേഖലയിൽ ആക്രമണം നടത്താൻ ഇസ്രയേലി പ്രതിരോധ സേന (ഐ ഡി എഫ്) അവരുടെ വരേണ്യ വിഭാഗമെന്നു വിളിക്കപ്പെടുന്ന നഹാൽ ബ്രിഗേഡിനെ സജ്ജമാക്കി. എണ്ണമറ്റ സിവിലിയൻമാരുടെ ജീവൻ അപകടത്തിലാവുന്ന ആക്രമണത്തിൽ നിന്നു പിന്മാറണമെന്ന ലോകത്തിന്റെ അഭ്യർഥന തള്ളിക്കളഞ്ഞു ഇസ്രയേൽ ആക്രമണത്തിനു ഒരുങ്ങുന്നുവെന്നു ഇതോടെ വ്യക്തമായി.  

ഹമാസിന്റെ ശക്തി ദുർഗമായ ഖാൻ യൂനിസിൽ ആക്രമണം നടത്തിയത് നഹാൽ ബ്രിഗേഡ് ആണ്. മധ്യ ഗാസയിൽ ആക്രമണം നടത്തിയ ശേഷം അവിടെ നിലയുറപ്പിച്ച നഹാൽ ബ്രിഗേഡിനെ റഫയിലേക്കു വിടുമെന്നു ഐ ഡി എഫ് വൃത്തങ്ങൾ പറഞ്ഞു. മധ്യഗാസയിലേക്കു കാർമേലി, യൂഫ്റ്റ ബ്രിഗേഡുകളെ നിയോഗിച്ചു. 

റഫയിൽ ഹമാസിന്റെ നാലു ബറ്റാലിയനെ കൂടി തീർക്കാനുണ്ടെന്നു ഐ ഡി എഫ് പറയുന്നു. ഗാസയിൽ മതം ആറു ബറ്റാലിയൻ ബാക്കിയുണ്ട്. ഇസ്രയേലി ഗവൺമെന്റ് തീയതി നിശ്ചയിച്ചാൽ നഹാൽ ബ്രിഗേഡ് റഫയിൽ ആക്രമണം തുടങ്ങും. 

ഈജിപ്ഷ്യൻ അതിർത്തിയോടു തൊട്ടു കിടക്കുന്ന റഫയിൽ ആക്രമണം നടത്തുന്നതിൽ പ്രസിഡന്റ് അബ്ദൽ ഫത്താ സിസി ആശങ്ക പ്രകടിപ്പിച്ചതിനാൽ ഐ ഡി എഫ് മേധാവി ഹെർസി ഹാലെവി ഉൾപ്പെടെയുള്ളവർ ഈജിപ്ഷ്യൻ ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തി.

യുഎസ് ഉത്തരങ്ങൾ തേടുന്നു 

അതേ സമയം ഗാസയിൽ ഐ ഡി എഫ് തകർത്ത ആശുപത്രികളിൽ നിരവധി ജഡങ്ങൾ ഒന്നിച്ചു കുഴിച്ചു മൂടിയതായി സ്ഥിരീകരിച്ചതോടെ വൈറ്റ് ഹൗസ് ഉത്തരങ്ങൾ തേടി. "ഇതേപ്പറ്റി സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തിയേ തീരൂ," വൈറ്റ് ഹൗസ് വക്താവ് ജയ്ക്ക് സള്ളിവൻ പറഞ്ഞു. "എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടണം." 

മൂന്നിടത്തായി 392 ജഡങ്ങളാണ് കണ്ടെത്തിയത്. ഖാൻ യൂനിസ് ആശുപത്രിയിൽ തന്നെ 300 ജഡങ്ങൾ കണ്ടെത്തിയെന്ന് ഗാസ സിവിൽ ഡിഫൻസ് പറയുന്നു. അൽ ഷിഫാ ആശുപത്രിയിലും കൂട്ടമായി കുഴിച്ചിട്ടതു കണ്ടെത്തി. 

അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചു സംരക്ഷണം കിട്ടേണ്ട ആശുപത്രികളിൽ ആറു മാസമായി ഇസ്രയേൽ നിരന്തരം ബോംബിംഗ് നടത്തുകയായിരുന്നു. 

Israel deploys elite troops for Rafah attack 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക