Image

വിഴിഞ്ഞം സമരത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ലത്തീന്‍ അതിരൂപത

Published on 24 April, 2024
വിഴിഞ്ഞം സമരത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു;   ലത്തീന്‍ അതിരൂപത


തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ മരവിപ്പിച്ചെന്ന പരാതിയുമായി സഭ. വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ബിഷപ് തോമസ് ജെ നെറ്റോ പറഞ്ഞു. പള്ളികളില്‍ ഞായറാഴ്ച വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കുലര്‍ സഭ പുറത്തുവിട്ടു.

വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആര്‍സിഎ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് സഭ ചൂണ്ടിക്കാട്ടുന്നു. നല്ലിടയന്‍ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സര്‍ക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണെന്നാണ് ബിഷപ്പിന്റെ പരോക്ഷ വിമര്‍ശനം. സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. സഭയുടെ സാമ്പത്തിക അവസ്ഥ വിശ്വാസികളെ അറിയിക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ പുറത്തുവിട്ടതെന്നും സഭ വിശദീകരിക്കുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സഭയെ കൂട്ടിലാക്കാനുള്ള ബി.ജെ.പിയുടെ നീക്കം കഴിഞ്ഞദിവസം തിരുവനന്തപുരം ലത്തീന്‍ അതിരൂപത തള്ളിക്കളഞ്ഞിരുന്നു. ബി.ജെ.പിക്ക് വേണ്ടി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പ് നടക്കുന്ന 26നു മുമ്പ് ഒരു നേതാക്കളുമായും ആര്‍ച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തില്ലെന്ന് അതിരൂപത അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക