Image

നിലപാടില്‍ മാറ്റമില്ല, പിന്തുണ യുഡിഎഫിനു തന്നെ: എസ്ഡിപിഐ

Published on 22 April, 2024
നിലപാടില്‍ മാറ്റമില്ല, പിന്തുണ യുഡിഎഫിനു തന്നെ: എസ്ഡിപിഐ

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫിന് വോട്ട് ചെയ്യാനുള്ള നിലപാടില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് എസ്ഡിപിഐ. എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രവര്‍ത്തക തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ആണ് നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ രണ്ടു തവണയായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായാണ് വ്യക്തമാവുന്നത്. 

ഇന്ത്യയെ തകര്‍ക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷ കക്ഷിക്ക് ശക്തി പകരാന്‍ മുന്നിട്ടിറങ്ങണമെന്ന് തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷില്‍ പ്രസംഗിക്കവേ എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അരീക്കല്‍ ബീരാന്‍കുട്ടി ആവശ്യപ്പെട്ടു. രാജ്യം ഉയര്‍ത്തി പ്പിടിച്ചിരുന്ന മൂല്യങ്ങളെ ഓരോന്നായി തകര്‍ത്ത ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യ സമൂഹം ഒരുമിച്ച് നില്‍ക്കുമ്പോള്‍, ദേശീയ തലത്തില്‍ മതനിരപേക്ഷ കക്ഷിയോടൊപ്പം നില്‍ക്കുക എന്നത് പൗരന്മാരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് സംസ്ഥാന തലത്തില്‍ മാത്രം മുന്നണിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവരെ ശക്തിപ്പെടുത്തുന്നത് അപ്രസക്തമാണ്. പകരം ദേശീയ കാഴ്ചപ്പാടോടുകൂടി മറ്റ് അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കൊണ്ട് കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നേരത്തെ എസ്ഡിപിഐ സ്വീകരിച്ച നയത്തില്‍ ഉറച്ച് നില്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജ്ജമാണെന്നും ഇതിനിടയിലെ വിവാദങ്ങളൊന്നും മുഖവിലക്കെടുക്കില്ലന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക