Image

മാലദ്വീപില്‍ മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷം

Published on 22 April, 2024
മാലദ്വീപില്‍ മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷം

മാലി: മാലദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം. 93 അംഗ പാര്‍ലമെന്റില്‍ മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി എന്‍ സി) മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയതായി മാലിദ്വീപിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഫലം പ്രഖ്യാപിച്ച 86 സീറ്റില്‍ 66 ഉം പി എന്‍ സി ഉറപ്പിച്ചു. 47 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

രാജ്യത്ത് മത്സരിച്ച 41 വനിതാ സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പേരും പി എന്‍ സിയില്‍ നിന്നുള്ളവരാണ്. മെയ് ആദ്യം മുതല്‍ പുതിയ അസംബ്ലി അധികാരത്തില്‍ വരും. ഫലങ്ങളുടെ ഔപചാരികമായ അംഗീകാരത്തിന് ഒരാഴ്ചയെടുക്കും. സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഭൂരിപക്ഷത്തിന്റെ അഭാവം മുയിസുവിനെ തളര്‍ത്തിയിരുന്നു.

പി എന്‍ സിക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും ഈ പാര്‍ലമെന്റില്‍ എട്ട് സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ വിജയം മുയിസുവിന് ആശ്വാസമാകും. പ്രധാന പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം ഡി പി) കേവലം ഒരു ഡസന്‍ സീറ്റുകളോടെ ദയനീയ പരാജയത്തിലേക്ക് നീങ്ങി. ചൈനയുമായി കൂടുതല്‍ സാമ്ബത്തിക സഹകരണത്തോടെ മുന്നോട്ട് പോകാനുള്ള മുയിസുവിന്റെ പദ്ധതിക്കുള്ള നിര്‍ണായക പരീക്ഷണമായാണ് വോട്ടെടുപ്പിനെ ലോകം ഉറ്റുനോക്കിയിരുന്നത്.

ശക്തമായ ഇന്ത്യാവിരുദ്ധ കാഴ്ചപ്പാടുള്ള നേതാവാണ് മുയിസു. ചൈനയുമായി സാമ്ബത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികള്‍ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. ഈ വര്‍ഷമാദ്യം മുയിസുവിന്റെ മന്ത്രിസഭാംഗങ്ങള്‍ ഇന്ത്യക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. പ്രസിഡണ്ടിനെ നിശ്ചയിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പ്.

എങ്കിലും മുയിസുവിന്റെ നയങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തി പകരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക