Image

ബ്രിട്ടീഷ് കാലത്ത് പോലും ഇത്തരമൊരു ക്രൂരത നടന്നിട്ടില്ല: കെജരിവാളിന് ഷുഗര്‍ ലെവല്‍ 300 കടന്നു; തിഹാര്‍ ജയിലിന് മുന്നില്‍ എഎപി പ്രതിഷേധം

Published on 21 April, 2024
ബ്രിട്ടീഷ്  കാലത്ത് പോലും ഇത്തരമൊരു ക്രൂരത നടന്നിട്ടില്ല: കെജരിവാളിന് ഷുഗര്‍ ലെവല്‍ 300 കടന്നു; തിഹാര്‍ ജയിലിന് മുന്നില്‍ എഎപി പ്രതിഷേധം

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഷുഗര്‍ നില 300 കടന്നുവെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ച്‌ ആം ആദ്മി പാര്‍ട്ടി പ്രതിഷേധിക്കുന്നു.

കെജരിവാളിന്റെ ആരോഗ്യ നില വളരെ മോശമാണെന്നും ഉടനടി ഇന്‍സുലിന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എഎപി നേതാവ് അതിഷിയുടെ നേതൃത്വത്തില്‍ തിഹാര്‍ ജയിലിന് മുന്നില്‍ പ്രതിഷേധം നടത്തുന്നത്.

ഏപ്രില്‍ 10, 15 തിയതികളില്‍ ഗുളികകള്‍ നല്‍കരുതെന്നും ഇന്‍സുലിന്‍ തന്നെ ആവശ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എയിംസില്‍ നിന്ന് സീനിയര്‍ ഡയബറ്റോളജിസ്റ്റിനെ ഏര്‍പ്പാടാക്കണമെന്ന് ചൂണ്ടിക്കാട്ടി ജയില്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബനിവാള്‍ ശനിയാഴ്ച എയിംസ് ഡയറക്ടര്‍ക്ക് അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് എഎപി പ്രതിഷേധ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്. കെജരിവാളിനെ തിഹാര്‍ ജയിലില്‍ സാവധാനം മരണത്തിലേയ്ക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന ആംആദ്മി പാര്‍ട്ടി നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

''കഴിഞ്ഞ 20 ദിവസമായി അരവിന്ദ് കെജരിവാള്‍ ജയിലിലാണ്. 30 വര്‍ഷമായി പ്രമേഹ രോഗിയാണ്. ഷുഗര്‍ ലെവല്‍ 300 കടന്നിരിക്കുന്നു. ലോകത്തിലെ ഏതെങ്കിലും ഡോക്ടറോട് ചോദിച്ചാല്‍ ഇന്‍സുലിന്‍ ഇല്ലാതെ 300ന് മുകളിലുള്ള ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയും. എന്നാല്‍, ബിജെപിയുടെ നിര്‍ദേശപ്രകാരം തിഹാര്‍ ഭരണകൂടം ഇന്‍സുലിന്‍ നിഷേധിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് പോലും ഇത്തരമൊരു ക്രൂരത നടന്നിട്ടില്ല. ഷുഗര്‍ ലെവല്‍ 300ന് മുകളിലുള്ള പ്രമേഹരോഗിക്ക് ഇന്‍സുലിന്‍ നിഷേധിക്കുന്ന ബിജെപിയില്‍ നിന്ന് എന്തൊരു ക്രൂരതയാണ് ഇതെന്നും അതിഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നല്‍കാന്‍ തയ്യാറായാണ് വന്നത്. ഇത് സ്വീകരിക്കാനും അവര്‍ തയ്യാറല്ല. ഇത് മരണത്തിലേയ്ക്ക് തള്ളിവിടുകയല്ലാതെ മറ്റെന്താണെന്നും അതിഷി എക്‌സില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക