Image

കോൺഗ്രസ്‌ പ്രകടനപത്രികയും കേരള ക്രൈസ്തവരുടെ  ആശങ്കകളും: അഡ്വ. ഷോൺ ജോർജ്

Published on 16 April, 2024
കോൺഗ്രസ്‌ പ്രകടനപത്രികയും കേരള ക്രൈസ്തവരുടെ  ആശങ്കകളും: അഡ്വ.  ഷോൺ ജോർജ്


2024 ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക ഗൗരവത്തോടെ വായിച്ച ഒരു സുറിയാനി ക്രിസ്ത്യാനിയെന്ന നിലയിൽ എന്റെ മനസ്സിൽ ഉയർന്ന ആശങ്കകളും ഭയപ്പാടുകളും ഇവിടെ പങ്കുവയ്ക്കുകയാണ്. സശ്രദ്ധം വായിക്കുകയും വിചിന്തനവിധേയമാക്കുകയും ചെയ്യുമല്ലോ.

ഭാരതത്തിലെ ക്രൈസ്തവസാന്നിധ്യം

ഭാരതം ഉൾപ്പെടുന്ന പൗരസ്ത്യദേശത്ത് ക്രിസ്തുമതവിശ്വാസികളുടെ സാന്നിധ്യത്തിന് രണ്ടായിരംവർഷം പാരമ്പര്യമുണ്ട്. ഏതാണ്ട് ആയിരം വർഷക്കാലം നീണ്ട വൈദേശികാധിപത്യം അവസാനിപ്പിച്ചുകൊണ്ട് 1947-ൽ നമ്മുടെ മാതൃഭൂമി സ്വാതന്ത്ര്യം നേടുമ്പോൾ  ഹിന്ദു -മുസ്ലിം വിഭജനത്തിന്റെ വലിയ മുറിവോടെയാണ് ഇന്നത്തെ ഭാരതം പിറക്കുന്നത്, അന്നത്തെ ക്രിസ്ത്യൻ ന്യുനപക്ഷങ്ങളും രണ്ടു രാഷ്ട്രങ്ങളിലായി വിഭജിക്കപ്പെട്ടു. ഇന്ത്യയിൽ 1951 ലെ സെൻസസ് പ്രകാരം ക്രിസ്ത്യൻ ജനസംഖ്യ 2.3% ശതമാനമായിരുന്നു . 2011 സെൻസസ് പ്രകാരം അത് 2.34% ആയി നിലനിൽക്കുന്നു. മുസ്ലിം ന്യുനപക്ഷത്തിന്റെ ജനസംഖ്യാനുപാതം 1951 ൽ 9.8 ആയിരുന്നത് 2011 ൽ 14.2 എന്ന രീതിയിൽ ഗണ്യമായി വർധിച്ചുവെങ്കിലും ക്രിസ്ത്യൻ ഉൾപ്പെടെ മറ്റുള്ള ന്യുനപക്ഷങ്ങളുടെ അനുപാതം കാര്യമായ മാറ്റങ്ങൾ ഇല്ലാതെ പഴയതുപോലെ തുടരുന്നു.

കേരളത്തിലെ ന്യൂനപക്ഷരാഷ്ട്രീയം

സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ, ന്യുനപക്ഷങ്ങൾക്ക് സാമൂഹിക -രാഷ്ട്രീയമേഖലയിൽ  സ്വാധീനമുള്ള  പ്രദേശമാണ് കേരളം. സ്വാതന്ത്ര്യ സമരകാലത്തും അതിനുശേഷവും ക്രിസ്ത്യൻ ന്യുനപക്ഷം പൊതുവെ കോൺഗ്രസ് പാർട്ടിയോടും കോൺഗ്രസ്‌ നേതൃത്വം നൽകുന്ന മുന്നണിരാഷ്ട്രീയത്തോടും ചേർന്നുനിന്നു. സ്വാതന്ത്രാനന്തരം കേരളത്തിലെ മുസ്ലിം ന്യുനപക്ഷവും, കോൺഗ്രസിനോടും കോൺഗ്രസ്‌ മുന്നണിയോടും രാഷ്ട്രീയമായ ഐക്യം സൂക്ഷിക്കുന്നു. ഇരുന്യുനപക്ഷങ്ങളിലെയും നേതാക്കൾക്ക് കോൺഗ്രസിന്റെ ദേശീയതലത്തിലെ നയരൂപീകരണത്തിൽ സ്വാധീനമുണ്ടായി എന്നതും വസ്തുതയാണ്. ഇന്ത്യയിലെ ക്രിസ്‌ത്യാനികളുടെ എണ്ണം എടുത്താൽ ഏറ്റവും അധികം ക്രൈസ്തവർ ജീവിക്കുന്ന സംസ്ഥാനം കേരളമാണ്. അതേസമയം മുസ്ലിം ന്യുനപക്ഷത്തിന്റെ കാര്യമെടുത്താൽ അവർക്ക് സാമൂഹിക രാഷ്ട്രീയരംഗത്ത് ഏറ്റവുമധികം സ്വാധീനമുറപ്പിക്കാൻ സാധിച്ച സംസ്ഥാനവും കേരളമാണ്.

എന്നാൽ രണ്ടായിരത്തിനുശേഷമുള്ള രാഷ്ട്രീയം പരിശോധിക്കുമ്പോൾ കോൺഗ്രസ്‌ പാർട്ടിക്ക് പൊതുവെയും ന്യുനപക്ഷങ്ങളോടുള്ള സമീപനത്തിലും മാറ്റങ്ങൾ വരുന്നുണ്ട്. കേരളത്തിന്റെ ജനസംഖ്യാനുപാതത്തിലുണ്ടായ മാറ്റം ഇതിന്റെ അടിസ്ഥാനകാരണമാണ്.1961 ൽ കേരളത്തിന്റെ ജനസംഖ്യയിൽ 21.2% ഉണ്ടായിരുന്ന ക്രിസ്ത്യൻവിഭാഗം 2011 ൽ എത്തുമ്പോൾ 18.38 % ആയിക്കുറഞ്ഞു. മുസ്ലിംവിഭാഗം 17.9 % ൽ നിന്ന് 26.6 % ആയി വർധിച്ചു. ഹിന്ദു ജനസംഖ്യ 1961 ലെ 60.9% ൽ നിന്ന്  2011 ൽ എത്തുമ്പോൾ 54.9% ആയി കുത്തനെ കുറയുകയും ചെയ്തു. പുതിയ ഇന്ത്യയിൽ 2014, 2019 ലോകസഭാ തെരഞ്ഞെടുപ്പുകളിൽ  ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന NDA മുന്നണി വിജയിച്ച് അധികാരത്തിൽ തുടരുമ്പോൾ കേരളത്തിൽ നിന്നാണ് കോൺഗ്രസിന് ഏറ്റവും അധികം എംപി മാരുള്ളത്.

ഇതുവരെ പറഞ്ഞ കാര്യങ്ങൾ ആമുഖമായി മനസ്സിൽ വച്ചുകൊണ്ടു വേണം 2024 ലെ കോൺഗ്രസ്‌ പ്രകടനപത്രികയും കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ഭാവിയും വിലയിരുത്തേണ്ടത്.

പ്രകടനപത്രിക ഒരു വിശകലനം

ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുൻപോട്ട് വയ്ക്കുന്ന പ്രകടനപത്രികയുടെ ഉള്ളടക്കം വളരെ ഗുരുതരമാണ്.   വിഭജനകാലത്തെ ഓൾ ഇന്ത്യ മുസ്ലിം ലീഗിന്റെ അജണ്ടകളാണ് ഇതിലടങ്ങിയിരിക്കുന്നത് എന്ന രൂക്ഷ വിമർശനം പലരും ഉന്നയിക്കുകയുണ്ടായി. ഇന്ത്യാക്കാർക്കായി
ബ്രിട്ടീഷ് പ്രധാനമന്ത്രി മക്ഡോണൾഡ് 1932, ആഗസ്ത് 16 ന് പ്രഖ്യാപിച്ചതും  ഗാന്ധിജി  മരണം വരെ സത്യഗ്രഹ സമരം പ്രഖ്യാപിച്ചുകൊണ്ട് ഒടുവിൽ പൂനാ പാക്ടിലൂടെ ചെറുത്ത് തോൽപിച്ചതുമായ  'കമ്മ്യൂണൽ അവാർഡ് ' തിരികെ കൊണ്ടുവരുന്ന നീക്കമാണ് കോൺഗ്രസ്‌ നടത്തിയിരിക്കുന്നത്. വാസ്തവത്തിൽ ഗാന്ധിജി മുതൽ ഇന്ദിരാ ഗാന്ധി വരെയുള്ള കോൺഗ്രസ്‌ നേതാക്കളുടെ ലെഗസി പൂർണ്ണമായും തകർക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളാണ് രാഹുൽ ഗാന്ധിയെ മുൻനിർത്തി  നടപ്പാക്കുന്നത്.

ദേശീയ ജാതി സെൻസസ്

കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ഒന്നാമത്തെ വാഗ്ദാനം രാജ്യത്ത് ജാതിസെൻസസ് നടപ്പാക്കുമെന്നതാണ്. ഇന്ത്യ മൂന്നാമത്തെ ലോകസാമ്പത്തിക ശക്തിയായി വളരുന്നതിനുള്ള കർമപദ്ധതികളുമായി മുന്നേറുമ്പോൾ, കോൺഗ്രസ്‌ രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ തമ്മിലടിപ്പിച്ച്  നാലുവോട്ട് നേടാൻ സാധിക്കുമോ എന്ന പരീക്ഷണത്തിനാണ്  ദേശീയ ജാതി സെൻസസ് എന്ന അജണ്ടയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജാതി-സംവരണ വിഷയങ്ങൾ ഇന്ത്യയിൽ വളരെ വൈകാരികത ഉളവാക്കുന്നവയാണ്. മണ്ഡൽ കമ്മീഷനുമായി ബന്ധപ്പെട്ട് അരങ്ങേറിയ കലാപങ്ങൾക്ക് നാം സാക്ഷികളാണ്. വിണ്ടും ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനും രാഷ്ട്രത്തിൻ്റെ അഖണ്ഡത തകർക്കാനുമുള്ള ശ്രമമാണ് ജാതിസെൻസ്. ഇതിൻ്റെ പിന്നിൽ ജോർജ് സോറസിനെപ്പോലെയുള്ള അരാഷ്ട്രീയ വാദികളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കോൺഗ്രസ്‌ കഴിഞ്ഞവർഷം അവസാനം നാലു സംസ്ഥാനങ്ങളിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ   ജാതി സെൻസസ് മുഖ്യ അജണ്ടയായി അവതരിപ്പിച്ചതാണ്. എന്നാൽ മഹാഭൂരിപക്ഷം ജനങ്ങളും അത് തള്ളിക്കളഞ്ഞുകൊണ്ട് കോൺഗ്രസിനെ പരാജയപ്പെടുത്തി. ഇപ്പോൾ ലോകസഭാ ഇലക്ഷനിലും അത് തന്നെ മുഖ്യവാഗ്ദാനമാക്കി രാജ്യം മുഴുവനും പ്രചാരണവിഷയമാക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രവിരുദ്ധത തുറന്ന ചർച്ചയാകണം.

ജാതിസെൻസിൽ ക്രിസ്ത്യാനികളുടെ അവസ്ഥയെന്താണ്? മുഴുവൻ ക്രിസ്ത്യാനികളും ഒരു ജാതിയായിരിക്കുമോ? അതോ സഭകളുടെ അടിസ്ഥാനത്തിൽ അവരെ തിരിക്കുമോ? അതോ അവരുടെ മുൻകാല ജാതിയുടെ അടിസ്ഥാനത്തിൽ അവരെ തിരിക്കുമോ? ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങൾക്ക് ഏൽക്കുന്ന വലിയ തിരിച്ചടിയായിരിക്കും ജാതി സെൻസസ്. 1950 ൽ കോൺഗ്രസ് കൊണ്ടുവന്ന നിയമപ്രകാരം പരിവർത്തിത ക്രൈസ്തവർ ആനുകൂല്യങ്ങൾക്കു പുറത്തായതിനാൽ ജാതിസെൻസസ് നടത്തി ആനുകൂല്യങ്ങൾ നൽകുന്നത് ചിലരെയെങ്കിലും ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കും.

സംവരണപരിധി ഉയർത്തൽ

പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ പരിധി നിലവിൽ 50 ശതമാനമാണ്. എന്നാൽ സർക്കാർ ജോലികളിലും വിദ്യാഭ്യാസരംഗത്തും ഉള്ള ജാതി സംവരണപരിധി 50 ശതമാനത്തിൽ നിന്നും ഉയർത്തുന്നതിനുള്ള ഭരണഘടനാഭേദഗതി കൊണ്ടുവരുമെന്ന് പ്രകടന പത്രികയിലെ രണ്ടാമത്തെ വാഗ്ദാനമായി കോൺഗ്രസ്‌  പ്രഖ്യാപിക്കുന്നു. രാജ്യത്ത്  50% ജാതിസംവരണവും 10% സാമ്പത്തിക സംവരണവും ചേർത്ത് 60 % സംവരണമുണ്ട്. കൂടാതെ 4% ഭിന്നശേഷി സംവരണവും ഉണ്ട്.  ജാതി സംവരണപരിധി ഇനിയും ഉയർത്തിയാൽ  ഓപ്പൺമെറിറ്റ് വീണ്ടും കുറഞ്ഞ് 30 ഉം 20 ഉം വരെയാകും. തൻമൂലം യുവാക്കളിൽ  വൻതോതിലുള്ള അരക്ഷിതാവസ്ഥയും വിവേചനവും നിരാശയുമാകും ഫലം. മാത്രമല്ല ഇന്ത്യയുടെ ബൗദ്ധികശേഷി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറപ്പെടാനും ഇതിടയാക്കും. ഇത് ഏറ്റവും അധികം ബാധിക്കുന്ന ഒരുവിഭാഗം യാതൊരു സംവരണവുമില്ലാത്ത സുറിയാനി ക്രിസ്ത്യാനികളായിരിക്കും.

.സുപ്രീം കോടതി   മറാത്ത സംവരണകേസിൽ 2021ൽ പുറപ്പെട്ടുവിച്ച വിധിയിൽ പറയുന്നത് "ജാതിസംവരണം കൊണ്ട് ഉദ്ദേശിക്കുന്നത് ജാതി ആധിപത്യമല്ല ജാതി പ്രാതിനിധ്യം മാത്രമാണ് " എന്നാണ്.  അതായത് ജാതി സംവരണംകൊണ്ട് ഓരോവിഭാഗത്തിനും ജനസംഖ്യാനുപാതിക  ക്വോട്ടാ എന്നല്ല അർത്ഥമാകുന്നത്,  സംവരണം പിന്നാക്കവിഭാഗ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടിയുള്ള അഫർമേറ്റീവ് ആക്ഷൻ മാത്രമായിരിക്കും എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കോടതിവിധി അട്ടിമറിക്കുന്ന നടപടിയാണ് കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്.

സാമ്പത്തിക സംവരണം അട്ടിമറിക്കുന്നു

കോൺഗ്രസ്‌ നൽകുന്ന മൂന്നാമത്തെ വാഗ്ദാനം, എല്ലാ ജാതി ഉപജാതികളെയും സാമ്പത്തിക സംവരണത്തിൽ ഉൾപെടുത്തുമെന്നതാണ്. നിലവിൽ ജാതി സംവരണപരിധിയിൽ ഉൾപ്പെടത്ത ജനറൽ കാറ്റഗറിയിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് മാത്രമാണ് പത്തുശതമാനം ഇ ഡബ്ല്യൂ എസ് സംവരണത്തിന് അർഹത. 2019 ജനുവരിയിൽ കേന്ദ്രസർക്കാർ 103 ആം ഭരണഘടനാഭേദഗതിയിലൂടെ യാഥാർഥ്യമാക്കിയ ഈ സംവരണത്തിനു സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ അംഗീകാരമുണ്ട്. ഇപ്പോൾ കോൺഗ്രസ്‌ ഉന്നയിക്കുന്ന വിഷയം ഭരണഘടനാ ബെഞ്ചിന്റെ മുൻപിൽ വന്നിരുന്നു. ബഹു.  കോടതി അത് പരിശോധിച്ച് ഇരട്ടസംവരണം എന്ന് കണ്ടെത്തി തള്ളിക്കളഞ്ഞു. ജാതി സംവരണവും സാമ്പത്തികസംവരണവും തമ്മിൽ കൂട്ടിക്കുഴച്ച് സാമ്പത്തിക സംവരണം എന്ന ആശയം തന്നെ ഇല്ലാതാക്കുകയാണ് കോൺഗ്രസിൻ്റെ ലക്ഷ്യം.

കേരളത്തിൽ സിറിയൻ ക്രിസ്ത്യൻ വിഭാഗങ്ങൾ ആകെ ജനറൽ കാറ്റഗറിയുടെ ഏകദേശം പകുതിയോളം വരും. ജനറൽ കാറ്റഗറിയിലെ സാമ്പത്തിക പിന്നാക്കക്കാർക്ക്   10% ഇ ഡബ്ല്യൂഎസ് സംവരണം ലഭിച്ചിട്ട് അഞ്ചു വർഷം പോലുമായിട്ടില്ല. വിവിധ ക്രിസ്ത്യൻ സഭകൾ ഉൾപ്പെടെ 164 വിഭാഗങ്ങളിലെ ദരിദ്രർക്ക് ഈ സംവരണത്തിലൂടെ നീതി ലഭിച്ചു.എന്നാൽ കോൺഗ്രസ്‌ വിഭാവനം ചെയ്യുന്നതുപോലെ  ജാതി മത സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവരും കൂടി ഈ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിലേക്ക് കടന്നു വരുന്നതോടെ ക്രിസ്ത്യൻ വിഭാഗം വീണ്ടും പിന്നാക്കം പോകും. ചുരുക്കിപ്പറഞ്ഞാൽ പൊതു മേഖലയിൽ വിദ്യാഭ്യാസത്തിനും സർക്കാർ ജോലികളിലും ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾക്ക് അവസരങ്ങൾ ഇല്ലാതെവരും. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ഉൾപ്പെടെ ജനറൽ കാറ്റഗറിയിൽ വരുന്ന സമുദായങ്ങൾക്ക് പ്രതീക്ഷയുടെ ഒരു നാമ്പ് ജനിപ്പിച്ച ഇഡബ്ല്യു എസ്  നിയമത്തെ അട്ടിമറിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്‌ -മുസ്ലിം ലീഗ് -എസ്ഡിപിഐ- ജമാഅത്ത് ഇസ്ലാമി സഖ്യത്തിന്റെ താല്പര്യം ചർച്ച ചെയ്യേണ്ടതാണ്.

ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾ കൂട്ടപ്പലായനത്തിലേക്ക്

കോൺഗ്രസ്‌ സംവരണവിഷയത്തിൽ ഇതുവരെ പുലർത്തിയ നയസമീപനങ്ങളിൽ നിന്നും തിരിഞ്ഞുനടക്കുന്ന നിലപാട് എടുത്തതോടെ ഏറ്റവും വലിയ തിരിച്ചടിയേൽക്കുന്നത് കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനായിരിക്കും. ക്രിസ്ത്യൻ വിഭാഗങ്ങളുടെ കണക്കെടുത്താൽ ഏതാണ്ട് എഴുപത് ശതമാനംപേർ ജാതി സംവരണത്തിന്റെ പരിധിയിൽ വരുന്നവരല്ല എന്നറിയണം. അതേ സമയം മുസ്ലിം ന്യുനപക്ഷത്തിൽ 100% പേരും ഒബിസിയുടെ പേരിൽ ജാതിസംവരണത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവരാണ്. കേരളത്തിൽ മുസ്ലിം ഒഴികെ എസ് സി, എസ് ടി, പിന്നാക്ക ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ എല്ലാം ജനസംഖ്യാ അനുപാതം കുറഞ്ഞിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഇനി കോൺഗ്രസ്‌ മുന്നോട്ടു വച്ച പ്രകടനപത്രിക നടപ്പായാൽ കേരളത്തിൽ സംഭവിച്ച ജനസംഖ്യാ വ്യതിയാനത്തിൻ്റെ ബലത്തിൽ  ഓപ്പൺ മെരിറ്റ് വിഭാഗത്തിലെ സീറ്റുകൾ മുസ്ലിം സംവരണത്തിലേക്ക് മാറ്റേണ്ടിവരും. ജനസംഖ്യ കുറഞ്ഞതിനാൽ പിന്നാക്ക ക്രിസ്ത്യൻ (ലത്തീൻ)/ ഹിന്ദു വിഭാഗങ്ങളുടെ സീറ്റുകളും  മുസ്ലിം വിഭാഗത്തിന് നൽകപ്പെട്ടേക്കാം.
ആലുവ ആസ്ഥാനമായ ഒരു സംഘടയെ മുൻനിർത്തി
കോടതി വിധികൾ സമ്പാദിച്ച് അതിനവശ്യമായ മുന്നൊരുക്കങ്ങൾ ഇതിനോടകം തന്നെ ഒരുക്കിക്കഴിഞ്ഞതായി വാർത്തകളുണ്ട്. ഇപ്രകാരം ഓപ്പൺ മെരിറ്റിലെ സീറ്റുകൾ കേവലം 20-30 ശതമാനത്തിലേക്ക് താഴുന്ന സാഹചര്യത്തിൽ  സർക്കാർ ജോലികളിൽ  ക്രിസ്ത്യൻ പ്രാതിനിധ്യം ഒരു മരീചികയായി മാറും. രാജ്യത്ത് നിന്നും ഈ വിഭാഗത്തിൽപ്പെട്ട യുവജനങ്ങളുടെ കൂട്ടപ്പലായനത്തിലാകും കാര്യങ്ങൾ ചെന്നവസാനിക്കുക.

എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണം

കോൺഗ്രസ്‌ പ്രകടനപത്രികയുടെ ഒന്നാം അദ്ധ്യായത്തിൽ കൊടുത്തിട്ടുള്ള 13 ആം വാഗ്ദാനം പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗസംവരണം ഏർപ്പെടുത്തുന്നതിന് പ്രത്യേകനിയമം കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. അതോടെ ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾ ജോലിക്കും വിദ്യാഭ്യാസത്തിനും  ആശ്രയിക്കുന്ന സഭയുടെ തന്നെ സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളിലും ഒബിസി സംവരണം പ്രാബല്യത്തിലാകും. സഭയിലെ ചെറുപ്പക്കാർ പരമാവധി നാട്ടിൽത്തന്നെ നിൽക്കുകയും സർക്കാർ ജോലികളിലും മറ്റും പ്രവേശിക്കാൻ പരിശ്രമം ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്ന ക്രിസ്ത്യൻ സഭാ നേതൃത്വം ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ട്.

സ്വകാര്യ സ്കൂളുകളിൽ ഫീസ് നിയന്ത്രണം

ക്രൈസ്തവ സഭകളുടേതായി ധാരാളം സ്വകാര്യ സ്കൂളുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.  ഫീസ് നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നത് (പ്രകടനപത്രിക, വിദ്യാഭ്യാസം 4) ഇവയുടെ സാമ്പത്തിക സുസ്ഥിതിയെ ബാധിക്കും. സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്ര ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനോ ജീവനക്കാർക്ക് മതിയായ ശമ്പളം നൽകാനോ സാധിക്കാതെവരും.

പരിവർത്തിത ക്രൈസ്തവർക്ക് ഒന്നുമില്ല

പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളുടെ സംവരണ പ്രശ്നം ക്രിസ്ത്യൻ സഭകൾ 1950 മുതൽ ഉന്നയിക്കുന്ന ഒരു വിഷയമാണ്. ഇത് ദേശീയ തലത്തിൽ വലിയ മാനങ്ങൾ ഉള്ള ഒരു വിഷയംകൂടിയാണ്. ഇവരുടെ പിന്നാക്കാവസ്‌ഥയ്ക്ക് പരിഹാരം കാണുന്നതിന്  കോൺഗ്രസ്‌ ഒരു പരാമർശവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കുക. 1950 ലെ  പ്രസിഡൻഷ്യൽ ഉത്തരവിലൂടെ കോൺഗ്രസ്‌ തന്നെ ഇല്ലാതാക്കിയ പട്ടികജാതി പദവിക്ക് പകരമായി, പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തെ MBC (Most Backward Community) യിൽ ഉൾപ്പെടുത്തി  അതിന്റെ ആനുകൂല്യങ്ങളെങ്കിലും അവർക്ക് നൽകേണ്ടതല്ലേ?

പരിസ്ഥിതി-വനവൽക്കരണ പ്രവർത്തനത്തിന് പ്രത്യേക അതോറിറ്റി

വിദ്യാഭ്യാസ-ജോലി രംഗത്തെ കോൺഗ്രസ്‌ പ്ലാനുകളാണ് ഇത്രവരെ ചർച്ച ചെയ്തത്. എന്നാൽ ഇതിനൊന്നും പോകാതെ  സ്വന്തം കൃഷിയിടങ്ങളിൽ അധ്വാനിച്ചു പരിമിതികൾക്കുള്ളിൽ ജീവിച്ചുവരുന്ന മലയോര വാസികളെ ആട്ടിപ്പായിക്കാനും 'കോൺഗ്രസ്‌ പ്രതിജ്ഞാബദ്ധമാണ്' എന്നറിയണം. പ്രകടനപത്രികയിൽ പരിസ്ഥിതി എന്ന അധ്യായത്തിൽ ആദ്യത്തെ വാഗ്ദാനം പരിസ്ഥിതി സംരക്ഷണത്തിന് സ്വതന്ത്ര അതോറിറ്റി സ്ഥാപിക്കും എന്നതാണ്. പശ്ചിമഘട്ടത്തിലും അല്ലാതെയും ഉള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളെക്കൊണ്ടും ഫോറസ്ററ് ഉദ്യോഗസ്ഥരെക്കൊണ്ടും കപട പരിസ്ഥിതിവാദികളെക്കൊണ്ടും പൊറുതിമുട്ടി ജീവിക്കുന്ന ജനത്തെ ഇനി ഒരു സ്വതന്ത്ര അതോറിറ്റിക്ക് കൂടി ഏൽപ്പിച്ചു കൊടുക്കുന്നത്തോടെ കർഷകന് അവന്റെ മണ്ണിൽനിന്ന് കുടിയിറങ്ങാം. യുപിഎ സർക്കാർ കൊണ്ടുവരികയും ബിജെപി സർക്കാർ തള്ളിക്കളയുകയും ചെയ്ത പ്രത്യേക പശ്ചിമഘട്ട അതോറിറ്റി എന്ന സംവിധാനം പുതിയ പേരിൽ വീണ്ടും കൊണ്ടുവരികയാണ്.

ഇതേ അധ്യായത്തിലെ ഏഴാം വാഗ്ദാനം വനവിസ്തൃതി വർധിപ്പിക്കും എന്നതാണ്. വനം -വന മേഖല എന്നിവ പുനർനിർവചിക്കുമെന്നും പ്രാദേശിക ജനതകളെ ഉൾപ്പെടുത്തി വനവൽക്കരണം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ  കോൺഗ്രസിന്റെ ലക്ഷ്യം കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ. ഏറ്റവും ഒടുവിൽ മനുഷ്യ -വന്യജീവി സംഘർഷ മേഖലകളിൽ പ്രത്യേകം ഇടപെട്ട് പരിഹാരം കണ്ടെത്തും എന്നൊരു ഒഴുക്കൻ പ്രസ്താവനകൊണ്ട് കേരളത്തിൽ മലയോരജനതയുടെ നിലനിൽപ്പിന്റെ വിഷയത്തെ ലാഘവമായി കാണുകയും ചെയ്യുന്നു.ചുരുക്കിപ്പറഞ്ഞാൽ വന്യജീവി ആക്രമണം കർഷകർ നേരിട്ടുന്ന ഒരു ജീവൽപ്രശ്നമായി കണക്കാക്കി പരിഹാരം ഉണ്ടാക്കുന്നതിന് ഈ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി തയ്യാറല്ല എന്ന സന്ദേശം പ്രകടനപത്രികയിൽത്തന്നെ വ്യക്തമാണ്.

ധാർമിക അധ:പതനം

LGBTQIA+ കാർക്ക് ഒരുമിച്ചു ജീവിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും എന്ന കോൺഗ്രസ് പ്രകടനപത്രികാ വാഗ്ദാനം ( പ്രസ്തുത ശീർഷകത്തിലെ നമ്പർ 11) രാജ്യത്തു നിലനിൽക്കുന്ന കുടുംബ വ്യവസ്ഥിതിയെയും ധാർമികതയെയും എപ്രകാരം ബാധിക്കും എന്ന് ക്രൈസ്തവസഭകൾ ചിന്തിക്കേണ്ടതല്ലേ? ഇതിലെ + നുള്ളിൽ ശിശുപീഡകരും മൃഗഭോഗികളും എല്ലാം ഉൾപ്പെടും എന്ന് അറിഞ്ഞിട്ടു തന്നെയാണോ ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.

ഉപസംഹാരം

പാത്രമേതായാലും വിഷം കുടിക്കരുത് എന്നാണല്ലോ പ്രമാണം. പാത്രം കോൺഗ്രസിൻ്റേതായാൽ വിഷം കുടിക്കാമോ എന്നതാണ് വിഷയം. വളരെ നാളുകൾക്ക് മുമ്പ് ഇറങ്ങിയ 'പാപ്പീ അപ്പച്ചാ' എന്ന സിനിമയിലെ ഗാനത്തിൽ ഒരു വരിയുണ്ട്  "സുറിയാനി ക്രിസ്ത്യാനീ ഇതു മോന്തിച്ചാകല്ലേ" പാട്ട് മദ്യത്തെക്കുറിച്ചാണെങ്കിലും ഇവിടെ കോൺഗ്രസ് പാത്രത്തിൽ വിളമ്പുന്ന വിഷത്തെക്കുറിച്ചും ഇതു വളരെ പ്രസക്തമാണ്.


 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക