Image

തിരുവനന്തപുരത്ത്  തരൂർ തന്നെ  വിജയിക്കുമെന്നാണ്  പ്രതീക്ഷ (ജോർജ് എബ്രഹാം)

Published on 16 April, 2024
തിരുവനന്തപുരത്ത്  തരൂർ തന്നെ  വിജയിക്കുമെന്നാണ്  പ്രതീക്ഷ (ജോർജ് എബ്രഹാം)

ഇക്കുറി തരൂർ തന്റെ  മണ്ഡലത്തിലൂടെ 'പര്യടനം' നടത്തുമ്പോൾ,ആ വാഹനവ്യൂഹത്തെ അനുഗമിക്കുന്നതിനിടെ എന്നിൽ ചില ഗതകാല സ്മരണകൾ അലയടിച്ചു.2009-ൽ അദ്ദേഹം ആദ്യമായി പാർലമെൻ്റിലേക്ക് മത്സരിച്ച സമയത്തെ കാര്യങ്ങളാണ് ഓർമ്മയിൽ വന്നത്.അന്ന് അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിലെ പുതുമയും കൗതുകവുംകൊണ്ടാണ് ആകാംക്ഷയോടെ ജനക്കൂട്ടം വഴിയോരങ്ങളിൽ കാത്തുനിന്നത്.അയൽവീടുകളിലെ അമ്മമാർ തങ്ങളുടെ മക്കളെ  തോളത്തുവച്ചുപോലും  അദ്ദേഹത്തെ ഒരുനോക്ക് കാണാൻ റോഡിലേക്ക് ഓടിയെത്തുമായിരുന്നു. ഇന്ന് കാലം മാറി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ തരൂർ ഇപ്പോൾ സുപരിചിതനും അറിയപ്പെടുന്ന ആളുമാണ്. അതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

  കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഭരണഘടനയെയും ബഹുസ്വര തത്വങ്ങളെയും ശക്തമായി പ്രതിരോധിക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തിന് തന്റെ വോട്ടർമാർക്ക് മുൻപിൽ അഭിമാനത്തോടെ പറഞ്ഞുഫലിപ്പിക്കാം എന്നതാണ് ഗുണം.  എന്നാൽ, അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്ത ജനങ്ങൾക്ക് ആ നേട്ടങ്ങൾ കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്നുള്ളതാണ് വെല്ലുവിളി ഉയർത്തുന്നത്.നിലവിൽ സ്ഥാനം കയ്യാളുന്ന  ഏതൊരു സ്ഥാനാർത്ഥിയെയും എപ്പോഴും വേട്ടയാടുന്ന ഒരു പ്രതിസന്ധിയാണ് അത്. 
 മോഡിയുടെ നയങ്ങളെ കടുത്തഭാഷയിൽ  വിമർശിച്ചും  എല്ലാവരെയും ഉൾക്കൊള്ളുന്ന ശക്തനായ വക്താവായും ജനാധിപത്യത്തെ  ഉയർത്തിക്കാട്ടികൊണ്ടും തരൂർ പാർലമെൻ്റിൽ സ്വയം ഒരു മാതൃക തീർത്തിട്ടുണ്ട്.

എന്നാൽ, അടിസ്ഥാന യാഥാർത്ഥ്യങ്ങൾ പരിശോധിക്കുമ്പോൾ, ഒരു കാര്യം വ്യക്തമാകും: കേരളത്തിലെ വോട്ടർമാർ രാഷ്ട്രീയക്കാരുടെ ലളിതമായ വിശദീകരണങ്ങളിൽ തൃപ്തരല്ല, മറിച്ച് 
സങ്കീർണ്ണമായ വിഷയങ്ങളിൽ രാഷ്ട്രീയക്കാരുടെ സത്യസന്ധമായ പ്രതികരണങ്ങളാണ് അവർക്കുവേണ്ടത്.  വിഴിഞ്ഞം തുറമുഖ വികസനവും അനുബന്ധ പ്രശ്നങ്ങളും മികച്ച ഉദാഹരണങ്ങളാണ്. തരൂർ ആദ്യമായി പ്രചാരണത്തിനിറങ്ങിയപ്പോൾ, ജനകീയ വിഷയങ്ങളിൽ ഇടപെടുകയും അത് നടപ്പാക്കുകയും ചെയ്യുക എന്നതാണ് മേൽകൈ ഉള്ള വൃത്തങ്ങളിൽ നിന്ന് പൊതുവായി ഉയർന്ന ആവശ്യം. അക്കാര്യത്തിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. തുറമുഖ വികസനത്തിന് ലേലത്തിൽ പങ്കെടുക്കാൻ ആളില്ലാതായപ്പോൾ, അദാനിയോട് പങ്കെടുക്കാൻ  വ്യക്തിപരമായി അഭ്യർത്ഥിച്ചതായും അദ്ദേഹം പരസ്യമായി പറഞ്ഞു. പക്ഷെ,പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയും അനന്തരഫലങ്ങളും പൂർണ്ണമായി മനസ്സിലാക്കേണ്ടതുണ്ട്. വികസനം മൂലമുണ്ടാകുന്ന കടലാക്രമണത്തിൽ മാത്രമല്ല, അത് മൂലം കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിലെ പരാജയത്തിലും തീരദേശ സമൂഹം ഇന്ന് വേദനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, വീണ്ടും ജനവിധി തേടുമ്പോൾ തരൂരിനെ വേട്ടയാടാൻ ഇരുതല മൂർച്ചയുള്ള വാളായി നിലകൊള്ളുകയാണ് വിഴിഞ്ഞം.
ഇസ്രയേലികൾക്കും പലസ്തീനികൾക്കും ഇടയിൽ നടക്കുന്ന യുദ്ധം, കേരളത്തിലെ മുസ്ലീം സമൂഹത്തിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉണർത്തുന്നുണ്ട്. ഇന്നത്തെ കേരളത്തിൻ്റെ രാഷ്ട്രീയ ഭൂമികയിൽ,അധികാരത്തിലുള്ള പാർട്ടിയും  മുസ്ലീം സമുദായവും ഇന്ത്യയിലെ മണിപ്പൂരിൽ നടന്നതിനെക്കാൾ കൂടുതൽ വാചാലരാകുന്നത്  ഗാസയിൽ സംഭവിച്ചതിനെക്കുറിച്ചാണ്. 
 മണിപ്പൂരിലേത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടമായി പലരും തള്ളിക്കളയും. സത്യമതാണോ? ആ വാദം ശരിയാണെങ്കിൽ, എന്തുകൊണ്ട്, മെയ്തികളും (ഭൂരിപക്ഷം ഹിന്ദുക്കൾ) കുക്കികളും (ഭൂരിപക്ഷം ക്രിസ്ത്യാനികൾ) തമ്മിലുള്ള ആ പോരാട്ടത്തിന്റെ പ്രാരംഭദശയിൽ , മെയ്തി ക്രിസ്ത്യാനികളുടെ  249 പള്ളികൾ തകർക്കപ്പെട്ടു? ഈ ഒച്ചപ്പാടിനും ബഹളങ്ങൾക്കും നടുവിൽ,  വിശദാംശങ്ങളിലേക്ക് ശ്രദ്ധ ചെലുത്താൻ ആരും മെനക്കെടുമെന്ന് തോന്നുന്നില്ല!

എന്നാൽ, പലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി തരൂർ നടത്തുന്ന പ്രവർത്തനത്തെക്കുറിച്ചും ദ്വിരാഷ്ട്ര പരിഹാരത്തിന് വേണ്ടി അദ്ദേഹം ഉറച്ചുനിൽക്കുന്നതിനെക്കുറിച്ചും ലോകത്ത് എല്ലാവർക്കും അറിയാം. എന്നിട്ടും, നിലവിലെ പോരാട്ടത്തിന് തുടക്കമിട്ട ഹമാസിൻ്റെ തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനയെ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം പ്രതികൂലമായാണ് കാണുന്നത്. അധികാരത്തിൽ തുടരാൻ തീവ്ര ഘടകകക്ഷികളോട് പോലും ഇടപെടുന്ന തിരക്കിലായ കേരളത്തിലെ സി.പി.എം, തരൂരിനെതിരെ ആകസ്മികമായി വീണുകിട്ടിയ ആയുധമായി അദ്ദേഹത്തെ പലസ്തീൻ വിരുദ്ധനായി ചിത്രീകരിക്കുകയാണ്.ഒരു സമുദായത്തിന്റെ വോട്ടുചോർച്ച ഉണ്ടാകാൻ ഈ കുതന്ത്രം കാരണമാകുമോ എന്ന് കാത്തിരുന്ന് കാണണം. സിപിഐയുടെ വോട്ട് വിഹിതം ബിജെപി സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യും  എന്നതിൽ സംശയമില്ല.

പാർട്ടി പ്രവർത്തകരിൽ നിന്ന് ഞാൻ കേൾക്കുന്ന മറ്റൊരു സാധാരണമായ പരാതി,വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നേതാവായൊരു ഇമേജ് തരൂരിന് സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ്. രാജ്യത്തെ ഏറ്റവും തിരക്കുള്ള വ്യക്തികളിൽ ഒരാളായ തരൂരിന് പാർലമെൻ്റിലെ പ്രായോഗിക പ്രവർത്തനത്തിന് പുറമെ  പല ഇടങ്ങളിലും തലകാണിക്കുന്നതിനും പ്രസംഗിക്കുന്നതിനും വലിയ സ്വീകാര്യത ഉള്ളതുകൊണ്ടുതന്നെ  അദ്ദേഹത്തിൻ്റെ ജീവനക്കാർ ഇക്കാര്യത്തിൽ ഉചിതമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നെന്ന് നിസ്സംശയം പറയാം. ഓഖി ദുരന്തത്തിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിൽ തരൂർ പരാജയപ്പെട്ടുവെന്ന് തീരദേശത്തെ സാമൂഹിക പ്രവർത്തകരിൽ ഒരാൾ എന്നോട് പറഞ്ഞു. പരാതി സ്ഥിരീകരിക്കാനുള്ള എൻ്റെ ചോദ്യത്തിന്, തരൂരിൻ്റെ ഓഫീസ് അദ്ദേഹത്തിൻ്റെ പ്രസ്താവനകൾക്കൊപ്പം  പാർലമെൻ്റിലേതുൾപ്പെടെ നിരവധി രേഖകൾ എനിക്ക് അയച്ചുതന്നിട്ടുണ്ട്. ലോക്‌സഭയിൽ അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ മാധ്യമങ്ങൾ ശരിയായ രീതിയിൽ മുന്നോട്ടുകൊണ്ടുപോയില്ല. അദ്ദേഹത്തിൻ്റെ ഓഫീസ് വൃത്തങ്ങൾ  ഈ വിനിമയങ്ങളിൽ പലതും ഇംഗ്ലീഷിൽ ശരിയായി വിവർത്തനം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യേണ്ടതാണ്.

 ഈ വിഷയത്തിൽ സിപിഎമ്മിന്റെ പങ്കിനെക്കുറിച്ചും അവർ നടത്തിയ ഗുരുതരമായ തിരുമറികളെക്കുറിച്ചുമാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടതെന്ന് ആർക്കും അറിയാത്തതല്ല. കേരള രാഷ്ട്രീയത്തിലെ സൂക്ഷ്മ നിരീക്ഷകർക്ക്, കേരളത്തിൽ കാലുറപ്പിക്കാൻ കഴിയാത്ത ബിജെപിയുടെ ശാശ്വത പരാജയത്തിൻ്റെ കാരണം വ്യക്തമാണ്. ഏതൊരു തിരഞ്ഞെടുപ്പ് കാലത്തും, ഒരു ബി.ജെ.പി സ്ഥാനാർത്ഥി യു.ഡി.എഫിനോടോ  എൽ.ഡി.എഫിനോടോ  അടുക്കുമ്പോൾ, നിരവധി വോട്ടർമാർ ബി.ജെ.പിയെ പരാജയപ്പെടുത്താൻ തങ്ങളുടെ വോട്ടുകൾ മറിക്കും. ഇത്തവണ അത് നടക്കുമോ എന്നതാണ് ചോദ്യം. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് പോരാട്ടമെന്ന് പറയാമെങ്കിലും തിരുവനന്തപുരത്തെ നിജസ്ഥിതി തികച്ചും വ്യത്യസ്തമാണ്. ടൺ കണക്കിന് പണവുമായി ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എന്തും ചെയ്യാൻ കെല്പോടെയാണ് നിൽക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇതിൽ നിന്ന് മറ്റു  പാർട്ടി പ്രവർത്തകർക്കും ന്യൂനപക്ഷ മത നേതാക്കളും കൈ ഇട്ടുവാരിയിരിക്കാമെന്നും ആക്ഷേപമുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിൽ തിരശ്ശീലയ്ക്ക് പിന്നിൽ എന്തെങ്കിലും ധാരണയുണ്ടോ എന്നതായിരിക്കണം തരൂർ പ്രചാരണത്തിൻ്റെ യഥാർത്ഥ ആശങ്ക.
പിണറായി വിജയൻ്റെയും കുടുംബാംഗങ്ങളുടെയും അഴിമതിയാരോപണങ്ങളെല്ലാം അങ്ങാടിപ്പാട്ടാണ്. മോഡിയുടെ ഇഡി രാജ്യത്തുടനീളം പ്രതിപക്ഷ നേതാക്കളെയും നിലവിലെ ഭരണകൂടത്തിൻ്റെ മറ്റ് എതിരാളികളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന തിരക്കിലായിരിക്കുമ്പോൾ, കേരള മുഖ്യമന്ത്രി എങ്ങനെ സ്കോട്ട് ഫ്രീ ആയി പോകുന്നു? ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ പോലും ഇതുവരെ തെറ്റ് ചെയ്തതിന് കാര്യമായ തെളിവുകളില്ലാതെ ജയിലിലാണ്; സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, കൊച്ചിൻ മിനറൽസ് പേയ്‌മെൻ്റുകൾ, അങ്ങനെ പ്രമുഖ ഏജൻസികളുടെ അന്വേഷണമൊന്നും നടക്കുന്നില്ല, പ്രോസിക്യൂഷൻ്റെ അഭ്യർത്ഥന പ്രകാരം ലാവ്‌ലിൻ കേസ് പലതവണ മാറ്റിവച്ചു. സ്പെഷ്യലൈസ്ഡ് ഏജൻസികൾ അവരുടെ ജോലികൾ മാത്രമാണ് ചെയ്യുന്നത് എന്നാണ് ബിജെപി സർക്കാർ വാദിക്കുന്നത്. അങ്ങനെയെങ്കിൽ, ഇക്കാര്യത്തിൽ അവരുടെ നിഷ്‌ക്രിയത്വത്തെ അവർ എങ്ങനെ ന്യായീകരിക്കും?

അതുപോലെ ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവരിൽ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ കണ്ടെടുത്ത മൂന്ന് കോടി രൂപയുടെ കള്ളപ്പണത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട വിജിലൻസും സംസ്ഥാനത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ല. ഇതെല്ലാം ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർലീനമായ ധാരണയുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നു. അപ്പോൾ ചോദ്യം, ഇവിടെ എന്താണ് ഇടപാട്? കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയെ പ്രാപ്തരാക്കാൻ സി.പി.എമ്മിന് ഒരു ക്വിഡ്-പ്രോ-ക്വോ പ്രവർത്തിക്കുന്നുണ്ടോ? കാത്തിരുന്നറിയാം!

പണം- അധികാരം എന്നീ ഘടകങ്ങൾ ഒത്തിണങ്ങി ഒപ്പം നിന്നിട്ടും, രാജീവ് ചന്ദ്രശേഖർ സ്ഥാനാർഥി എന്ന നിലയിൽ താൻ യോഗ്യനല്ലെന്ന് പറയാതെ പറയുകയാണ്. മികച്ച ബാക്ഗ്രൗണ്ടുള്ള  'ആഗോള പൗരൻ' ആയി ഇവിടെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും തരൂരുമായൊരു സംവാദത്തിന് ചന്ദ്രശേഖർ തയ്യാറല്ല. കർണാടകയുടെ രാജ്യസഭാ എംപി എന്ന നിലയിൽ  എന്താണ് ചെയ്തതെന്ന് ചന്ദ്രശേഖറിനോട് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ, നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോജക്റ്റിനെക്കുറിച്ചുള്ള തൻ്റെ അജ്ഞത വെളിവാക്കുന്നതിന്  പുറമേ, അത് സംസ്ഥാനത്തിന് പുറത്തുള്ള ചോദ്യമായി തള്ളുകയും ചെയ്തു. അതേസമയം തിരുവനന്തപുരത്തെ തരൂരിന്റെ പ്രവർത്തനങ്ങളെ ആവർത്തിച്ച് കുറ്റപ്പെടുത്തുകയും ചെയ്തു. ചന്ദ്രശേഖറിന്റെ ആദ്യകാല സമ്പത്ത് പ്രാഥമികമായും തൻ്റെ ഭാര്യാപിതാവിന്റെ  കമ്പനിയായ ബിപിഎൽ വഴിയാണ് സമ്പാദിച്ചത്. 
ചന്ദ്രശേഖർ തൻ്റെ ബിപിഎൽ ഓഹരി വിൽക്കുന്നതിന് മുമ്പ്, കമ്പനിയുടെ തെറ്റായ മാനേജ്‌മെൻ്റിനും ഷെയർഹോൾഡിംഗ് പാറ്റേണിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാണിച്ച്  ഭാര്യാപിതാവ്  2004-ൽ  കോടതിയിൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ,തന്റെ സമ്മതം കൂടാതെ ഓഹരി   വിൽക്കുന്നതിൽ നിന്നും കൈമാറ്റം ചെയ്യുന്നതിൽ നിന്നും മരുമകനെ തടഞ്ഞിരുന്നു എന്ന് പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമായ ഒരു റിപ്പോർട്ടിൽ പറയുന്നു.
 
ഇപ്പോൾ, നാമനിർദ്ദേശ പത്രികയിൽ അദ്ദേഹം തൻ്റെ മൊത്തം ആസ്തി ഏകദേശം 28 കോടി രൂപയും നികുതി വിധേയമായ വരുമാനം 680  രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന്  നമുക്കറിയാം. .
വിദേശത്തുള്ള ഷെൽ കമ്പനികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ അദ്ദേഹത്തിൻ്റെ കൈവശമുള്ളതിൻ്റെ വിശദാംശങ്ങൾ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ആ റിപ്പോർട്ടുകളിൽ ഇയാളുടെ ആസ്തി ഏകദേശം 7500 കോടിയോളം വരും എന്നാണ് കണക്കാക്കുന്നത്. നികുതി ആവശ്യങ്ങൾക്കായി 'സ്മാർട്ട്' അക്കൗണ്ടിംഗിലൂടെ അയാൾക്ക് അതെല്ലാം നിയമപരമായി ന്യായീകരിക്കാൻ കഴിയും. കള്ളപ്പണം മുഴുവൻ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ഒരിക്കൽ പ്രഖ്യാപിച്ച മോഡി  ഭരണകൂടം, തൻ്റെ സ്വത്തുക്കൾ എങ്ങനെ മറയ്ക്കാമെന്നതിൽ മികച്ച വൈദഗ്ധ്യമുള്ള ഒരാളെ സ്ഥാനാർത്ഥിയായി കിരീടമണിയിച്ചിരിക്കുകയാണ്. ദേശസ്നേഹം, പ്രതിബദ്ധത, രാജ്യത്തോടുള്ള ആദരവ് എന്നിവയെക്കുറിച്ച് നമ്മളെപ്പോലുള്ള സാധാരണക്കാരോട് നിരന്തരം പ്രഭാഷണം നടത്തുന്ന ദേശീയതയുടെ ചിലമഹത്‌വക്താക്കളാണ് അവർ. ഈ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ തിരുവനന്തപുരത്തെ വോട്ടർമാരെ സത്യം പറയാതെ കബളിപ്പിക്കുന്നത് വഞ്ചനയാണ്.  ഇത് തീർച്ചയായും ഒരു സമഗ്രതയുടെ പ്രശ്‌നമാണ്. വോട്ടർമാർക്ക് അത്തരമൊരു കഥാപാത്രത്തെ പ്രതിനിധിയാക്കാൻ താൽപ്പര്യമുണ്ടോ എന്നത് ഏപ്രിൽ 26-ന് അറിയാം.

ഈ മണ്ഡലത്തിലെ ഉന്നതരുടെയും ഉയർന്ന ഇടത്തരക്കാരുടെയും മനസ്സിൽ സംശയമില്ലാതെ ഇടം പിടിക്കുന്ന ബി.ജെ.പി ആഖ്യാനത്തെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് തരൂർ പ്രചാരണത്തിൻ്റെ മറ്റൊരു വെല്ലുവിളി. ഞാൻ സംസാരിച്ച പലരുടെയും അഭിപ്രായത്തിൽ,  'മോഡി  എന്തായാലും ജയിക്കും, കോൺഗ്രസിന് ഭാവിയില്ല, ചന്ദ്രശേഖർ ജയിച്ചാൽ തിരുവനന്തപുരത്തിന് വേണ്ടി എന്തെങ്കിലും ചെയ്തേക്കാം'!'എന്നാണ് കേൾക്കുന്നത്.
 തങ്ങളുടെ ഫലപ്രദമായ പ്രചാരണശൈലികൊണ്ട് മോഡി വിജയം ആവർത്തിക്കുമെന്ന പ്രതീതി ആളുകളിൽ ജനിപ്പിക്കാൻ ബിജെപിക്ക് കഴിയുന്നുണ്ടെന്നതിൽ  സംശയമില്ല. ഇന്ത്യയിലെ തന്നെ ഉയർന്ന തലത്തിലുള്ളവർ ഈ തെരഞ്ഞെടുപ്പിനെ അത്ര കാര്യമാക്കുന്നില്ല.ബിജെപി  കൂടുതൽ ശക്തി പ്രാപിക്കുന്നതിന് മുമ്പ് തരൂരിന്റെ  പ്രചരണ വൃത്തങ്ങൾ ഇതിനെതിരെ വളരെ വേഗത്തിൽ പ്രതികരിക്കേണ്ടതുണ്ട്.

 അതൃപ്തിയുള്ള ചില കോൺഗ്രസുകാരും അസൂയയുള്ള നേതാക്കളും തരൂരിന്റെ പാളയത്തിൽ തമ്പടിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അവരെ സംബന്ധിച്ചിടത്തോളം, തരൂരിൻ്റെ പരാജയമോ രാഷ്ട്രീയ മണ്ഡലത്തിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ നാടുകടത്തലോ സ്വാഗതാർഹമാണ്. പല സാമ്രാജ്യങ്ങളും/ശ്രമങ്ങളും പരാജയപ്പെട്ടത് ബാഹ്യ ഭീഷണികൾ കൊണ്ടല്ല, മറിച്ച് ഉള്ളിലെ സംഘർഷങ്ങൾ കൊണ്ടാണ്. ആ ഘടകങ്ങൾ മുൻവാതിലിലൂടെ കടന്നുവരാം. അവ നാശം വിതയ്ക്കുക മാത്രമല്ല, നേതൃത്വത്തിന് വിനാശകരമായ പ്രഹരം നൽകാനും അവയ്ക്ക് കഴിയും.  വിയോജിപ്പുള്ള ചില ശബ്ദങ്ങളും മുദ്രാവാക്യം വിളികളും  തരൂരിൻ്റെ രണ്ട് 'പര്യടനങ്ങൾക്കിടയിൽ ഉയർന്നതും പ്രചാരണത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ചില മാധ്യമങ്ങളെ വിലയ്‌ക്കെടുത്തതുപോലെ, അവരിൽ പലരെയും വിലയ്‌ക്കെടുത്ത് ബിജെപി യുടെ കൈയിലെ ഉപകരണങ്ങളാക്കിയിരിക്കുകയാണ്.

ഈ പ്രതിസന്ധികളും വെല്ലുവിളികളും എല്ലാം മറികടന്ന് , തിരുവനന്തപുരത്തെ ജനങ്ങൾ ഭരണഘടനയും നമ്മുടെ ജീവിതരീതിയും സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് ആയുധമാക്കുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ വേർതിരിച്ചറിയാൻ കഴിവുള്ള വോട്ടർമാരാണ് കേരളീയർ. ആത്യന്തികമായി, സാമാന്യബുദ്ധി വാഴും, തരൂർ വിജയിക്കുമെന്ന് പ്രത്യാശിക്കുന്നു.

Join WhatsApp News
Sunil 2024-04-17 16:30:13
George Abraham is admitting that Sasi Tharoor is going to lose. Unless and until the Nehru family is out, Indian National Congress will not survive. The sad situation of the Congress party is the result of the actions of Indira Gandhi. When she tried to destroy our Democracy, the leaders of the party supported her. The Indian National Congress does not deserve my vote. The Congress party became an embodiment of corruption.
Jacob 2024-04-17 18:13:13
Congress party’s biggest achievement led to its downfall. I am referring to the liberalization of economy by PM Rao and FM Manmohan Singh. Economy improved, multinationals came to India and india became a powerhouse in the field of information technology. Nehru’s License-Permit-Quota Raj was gradually disbanded. Congress party lost its grip on economy and bribes to party Netas decreased. Congress party never again recovered from this downfall. Politicians could not unionize the labor in the IT field because of its unique business model, copied from America. I sincerely hope Sashi Tharoor will win.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക