Image

ഇന്ത്യൻ അംബാസഡർ ഫാൻസി ഡ്രസിനു  വേഷം കെട്ടിയെന്നു എം പിയുടെ ആക്ഷേപം (പിപിഎം) 

Published on 16 April, 2024
ഇന്ത്യൻ അംബാസഡർ ഫാൻസി ഡ്രസിനു  വേഷം കെട്ടിയെന്നു എം പിയുടെ ആക്ഷേപം (പിപിഎം) 

കംബോഡിയയിൽ നവവത്സര ആഘോഷത്തിനു അപ്സരസായി വേഷം കെട്ടിയ ഇന്ത്യൻ അംബാസഡർ ദേവയാനി ഖൊബ്രഗാഡെയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ് എം പി. അംബാസഡർ ഫാൻസി ഡ്രസിൽ പങ്കെടുക്കാൻ പോയോ എന്നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള സാകേത് ഗോഖലെ ചോദിക്കുന്നത്. 

കാൽ നൂറ്റാണ്ടായി നയതന്ത്ര രംഗത്തു പ്രവർത്തിക്കുന്ന  ഖൊബ്രഗാഡെ ഏപ്രിൽ 13നു നടന്ന ആഘോഷത്തിലാണ് വിണ്ണിലെ നർത്തകിയുടെ വേഷമണിഞ്ഞത്. പരമ്പരാഗത ഖെമർ ശൈലിയിലുള്ള വേഷം കംബോഡിയൻ സംസ്കാരത്തെ എത്തിപ്പിടിക്കാൻ നടത്തിയ ശ്രമമാണെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. "അംബാസഡർക്കു ഖെമർ സംസ്കാരത്തോടും പൈതൃകത്തോടും അഗാധമായ ആദരമുണ്ട്. നമ്മുടെ സംസ്കാരങ്ങൾ തമ്മിലുളള ധന്യമായ ബന്ധം ആവിഷ്കരിക്കയാണ് അവർ ചെയ്തത്." 

എന്നാൽ ഗോഖലെ പറയുന്നത് വിദേശകാര്യ മന്ത്രി ഡോക്ടർ എസ്. ജയശങ്കറിന്റെ കീഴിൽ ഇന്ത്യൻ വിദേശകാര്യങ്ങൾ എത്ര ദയനീയമായി എന്നതിന്റെ തെളിവാണിത് എന്നാണ്. അംബാസഡർ ഡോക്ടർ ഖൊബ്രഗാഡെ നിർലജ്ജം ഫാൻസി ഡ്രസ് നടത്തുകയാണ്. 

"അയ്യായിരത്തിലേറെ ഇന്ത്യക്കാരെ കംബോഡിയയിൽ മനുഷ്യക്കടത്തു സംഘങ്ങൾ ബന്ദികളാക്കി വച്ചിട്ടുണ്ടെന്നു ഗോഖലെ ആരോപിച്ചു. "എന്നിട്ടു ഇന്ത്യയുടെ അംബാസഡർ എന്താണ് ചെയ്യുന്നത്. അപ്സരസായി വേഷം കെട്ടി ഫാൻസി ഡ്രസിനു പോയി ഫോട്ടോ എടുക്കുന്നു. ഇതാണോ വിദേശത്തു ഇന്ത്യക്കാരുടെ ജീവന്റെ വില?" 

ഡോക്ടറായ ശേഷം ഐ എഫ് എസ് എടുത്ത ഖൊബ്രഗാഡെ 2013ൽ ന്യൂ യോർക്കിൽ ഡെപ്യൂട്ടി കോൺസൽ ജനറലായിരിക്കെ വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പെട്ടിരുന്നു. മഹാരാഷ്ട്രയിലെ പല്ഖർ ജില്ലയിലുള്ള താരാപൂർ പട്ടണത്തിൽ നിന്നുള്ള അംബാസഡർ മികച്ച അത്‌ലറ്റും യോഗിയുമാണ്. പിതാവ് ഉത്തം  ഖൊബ്രഗാഡെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു. 

കംബോഡിയയിൽ അംബസഡറായി നിയമിക്കപ്പെട്ടത് 2020ലാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന അശോക് ചവാനെ വീഴ്ത്തിയ ആദർശ് സൊസൈറ്റി അഴിമതിക്കേസുമായി ഖൊബ്രഗാഡെ കുടുംബത്തെ ബന്ധപ്പെടുത്തിയിരുന്നു. കോൺഗ്രസ് വിട്ടു ബി ജെ പിയിൽ ചേക്കേറിയ ചവാൻ പക്ഷെ ഇപ്പോൾ വിവാദങ്ങളെ അതിജീവിച്ചു ആ പാർട്ടിയുടെ രാജ്യസഭാംഗമായി കഴിയുന്നു. 

Ambassador flayed for 'fancy dress' 

Join WhatsApp News
നാടൻപ്രവാസി 2024-04-17 02:57:46
അച്ഛൻ നല്ല ഒന്നാംതരം ഐ . യെ . എസ് ഫ്രാഡ്‌ . വിമത ഭടന്മാർക്കുള്ള ഫ്ലാറ്റുകൾ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി അടിച്ചു മാറ്റിയ രാജ്യസ്നേഹി . മകൾ അച്ഛനേയും കടത്തിവെട്ടി അമേരിക്കൻ സർക്കാരിനെയും ഇന്ത്യ സർക്കാരിനെയും കള്ള ഡോക്യുമെന്റ് ഉണ്ടാക്കി വെട്ടിപ്പ് നടത്തി നാട് കടത്തപെട്ട നയതന്ത്ര മഹിള. അമേരിക്കയിൽ ജനിച്ച , അമേരിക്കൻ പാസ്പോർട്ട് ഉള്ള സ്വന്തം മക്കൾക്കു ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിച്ചപ്പോൾ പിടിക്കപ്പെട്ട മഹിളാരത്നം . ഭാരതത്തെ അടുത്ത ഇരുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ ലോകോത്തര രാജ്യമാക്കും എന്ന് വീമ്പളകുന്ന നേതാവിൻ്റെ ഭരണത്തിൽ ഇതുപോലെയുള്ള ഫ്രാഡുകളെ കണ്ടില്ലെൻകിലെ അത്ഭുതമുള്ളു . ഇതുപോലത്തെ ഉടായിപ്പിനെയാണൊ ഭാരതം അംബാസഡർ ആയി നിയമിക്കുന്നത് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക