Image

മലയാള സംഗീത ലോകത്തെ തീരാ നഷ്ടമെന്ന് സിനിമാ ലോകം; അനുശോചന കുറിപ്പുമായി താരങ്ങള്‍

Published on 16 April, 2024
മലയാള സംഗീത ലോകത്തെ തീരാ നഷ്ടമെന്ന്  സിനിമാ ലോകം; അനുശോചന കുറിപ്പുമായി താരങ്ങള്‍

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയന് ആദരാഞ്ജലികള്‍ അർപ്പിച്ച്‌ മലയാള സിനിമാ ലോകം. തന്റെ ഗാനങ്ങളിലൂടെ അദ്ദേഹം എല്ലാക്കാലവും മലയാളികളുടെ മനസില്‍ ജീവിക്കുമെന്ന് പ്രിയ താരങ്ങള്‍ അനുശോചന കുറിപ്പിലൂടെ പറഞ്ഞു.

'ശാസ്ത്രീയ സംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയില്‍ വേറിട്ട സംഭാവനകള്‍ നല്‍കുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു ശ്രീ കെജി ജയൻ. ഗാനങ്ങളിലെ ഭക്തിയും നൈർമ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്‌, സഹോദരസ്‌നേഹത്തില്‍ നമുക്ക് ഏവർക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികള്‍.' എന്നായിരുന്നു മോഹൻലാന്റെ അനുശോചന കുറിപ്പ്.

'മലയാള സംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്ന ജയവിജയന്മാരില്‍ ജയൻ മാഷും നമ്മെ വിട്ടു പിരിഞ്ഞു… എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ മലയാളികളുടെ പ്രിയ നടൻ മനോജ് കെ ജയന്റെ പിതാവ് കൂടിയായ ജയൻമാഷിന് കണ്ണീരില്‍ കുതിർന്ന പ്രണാമം'.  സംഗീത സംവിധായകനും ഗായകനുമായ ശരത്ത് കുറിച്ചതിങ്ങനെ 

'പ്രിയ സുഹൃത്തും സഹപ്രവർത്തകനും സഹോദരനുമായ ശ്രീ മനോജ് കെ ജയന്റെ പിതാവും സംഗീതജ്ഞനുമായ കെ ജി ജയൻ അന്തരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. ആദരാഞ്ജലികള്‍' എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെ ദിലീപ് പങ്കുവച്ച കുറിപ്പ്.

നടൻ സുരേഷ് ഗോപിയും ജയൻ മാസ്റ്ററിന് ആദരാഞ്ജലികള്‍ അറിയിച്ചിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ഒരു ഓർമ്മ ചിത്രം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. ജയൻ മാസ്റ്ററുടെ രൂപത്തെക്കാളേറെ ഓർമ്മകളില്‍ വരുന്നത് അദ്ദേഹത്തന്റെ കരുത്തുറ്റ ശബ്ദമാണെന്നും മലയാള സംഗീത ലോകത്തെ തീരാ നഷ്ടമാണ് ജയൻ മാസ്റ്ററെന്നുമായിരുന്നു 'ഗായകൻ ജി വേണുഗോപാല്‍ പങ്കുവച്ച കുറിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക