Image

സൽമാനു നേരെയുണ്ടായ ആക്രമണം യുഎസിൽ  ആസൂത്രണം ചെയ്തത്; താരത്തിനു ബിഷ്ണോയ്  സംഘത്തിന്റെ വധ ഭീഷണി (പിപിഎം) 

Published on 16 April, 2024
സൽമാനു നേരെയുണ്ടായ ആക്രമണം യുഎസിൽ   ആസൂത്രണം ചെയ്തത്; താരത്തിനു ബിഷ്ണോയ്   സംഘത്തിന്റെ വധ ഭീഷണി (പിപിഎം) 

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്കു നേരെ ഞായറാഴ്ച ഉണ്ടായ വെടിവയ്‌പിനു പിന്നിലെ ഗൂഢാലോചന അമേരിക്കയിലാണ് നടന്നതെന്നു സൂചന. അറസ്റ്റിലായ രണ്ടു പേരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ മാധ്യമങ്ങൾ യുഎസിലും ഇന്ത്യയിലും സജീവമായ ലോറൻസ് ബിഷ്ണോയ്-രോഹിത് ഗോദാറാ കുറ്റവാളി സംഘങ്ങളെ സംഭവവുമായി ബന്ധിപ്പിക്കുന്നത്. 

യുഎസിൽ അൻമോൽ ബിഷ്ണോയ് എന്ന ഗുണ്ടാ നേതാവാണു ആക്രമണത്തിനു രണ്ടു പേരെ സംഘടിപ്പിക്കാൻ ഗോദാറയോട് ആവശ്യപ്പെട്ടതെന്നു പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും  ഗോദാറയ്ക്കു വാടക കൊലയാളികൾ ഉള്ളതു കൊണ്ടാണ് അങ്ങിനെയൊരു ദൗത്യം അയാളെ ഏല്പിച്ചത്. പഞ്ചാബി പോപ്പ് ഗായകൻ സിദ്ധു മൂസേവാലയെ വധിച്ച കുറ്റം ആരോപിക്കപ്പെട്ട ലോറൻസ് ബിഷ്ണോയുടെ സഹോദരനാണ് അൻമോൽ ബിഷ്ണോയ്. എണ്ണമറ്റ കുറ്റകൃത്യങ്ങളിൽ ബന്ധപ്പെട്ട ഇവർക്ക് അപാരമായ രാഷ്ട്രീയ സ്വാധീനവും ഉണ്ട്. 

സൽമാനെ ലോറൻസ് ബിഷ്ണോയ് പലകുറി ഭീഷണിപ്പെടുത്തിയിരുന്നുവെന്നു റിപ്പോർട്ടുകളിൽ കാണുന്നു. 

ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് മുംബൈയിൽ ബാന്ദ്ര വെസ്റ്റിലുളള ഗാലക്‌സി അപ്പാർട്മെന്റ്സിലെ സൽമാന്റെ വീടിനു നേരെ നാലു വെടിയുണ്ടകൾ പാഞ്ഞത്. മണിക്കൂറുകൾക്കു ശേഷം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു അൻമോൽ ബിഷ്ണോയ് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടു. 

സൽമാന് ആദ്യത്തെയും അവസാനത്തെയും താക്കീതാണ് ഇതെന്ന് അയാൾ കുറിച്ചു. ഇനി വെടിയുണ്ടകൾ തറയുന്നത് ചുമരുകളിൽ ആവില്ലെന്നും ഭീഷണി മുഴക്കി. "ഇതൊരു ട്രെയ്‌ലർ മാത്രമാണ് സൽമാൻ ഖാൻ. ഞങ്ങളുടെ കരുത്തു കാട്ടാനും ഞങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നു പറയാനും. ഇത് ആദ്യത്തെയും  അവസാനത്തെയും താക്കീതാണ്.

"നിനക്കു  ദാവൂദ് ഇബ്രാഹിമും ചോട്ടാ ഷക്കീലുമൊക്കെ ദൈവങ്ങളായിരിക്കും. ഞങ്ങൾക്ക് പക്ഷെ അവരുടെ പേരിട്ട രണ്ടു പട്ടികളുണ്ട്. ഇതിൽ കൂടുതലൊന്നും പറയുന്നില്ല." 

പോസ്റ്റിന്റെ ഒടുവിൽ കുറിച്ചിട്ടുള്ളത് "ജയ് ശ്രീറാം" എന്നാണ്. മരുഭൂമിയിൽ ജീവിച്ചിരുന്ന ഒരു ഗുരുവിന്റെ പുനർജന്മമാണ് തങ്ങളെന്ന് ബിഷ്ണോയ് കുടുംബം വിശ്വസിക്കുന്നു. അവർക്കു പുണ്യമെന്നു കരുതപ്പെടുന്ന കറുത്ത മാനിനെ വെടിവച്ച കേസിൽ സൽമാൻ അഞ്ചു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ അപ്പീലിൽ അദ്ദേഹം മോചിതനായി. അന്നു തന്നെ ലോറൻസ് ബിഷ്ണോയ് സൽമാനെ ഭീഷണിപ്പെടുത്തിയിരുന്നു.  

ബിഷ്ണോയ് കുറ്റവാളി സംഘത്തിൽ ഗോൾഡി ബ്രാർ, രോഹിത് ഗോദാര, കാല ജത്തേദി എന്നിങ്ങനെ കുപ്രസിദ്ധി നേടിയ കുറ്റവാളികൾ ഏറെയുണ്ട്. സൽമാൻ ഖാന് ദാവൂദ് ഉൾപ്പെടെ മുംബൈ അധോലോകത്തു പലരുമായി ബന്ധമുണ്ടെന്നു നേരത്തെ ആരോപണം ഉയർന്നിരുന്നു. രണ്ടു വർഷമായി നടനും പിതാവിനും നിരന്തരം ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നു. 58 വയസുള്ള സൂപ്പർസ്റ്റാർ മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെയുളള വലിയൊരു കുടുംബത്തോടൊപ്പമാണ് ബാന്ദ്രയിൽ കടൽക്കരയിലെ വീട്ടിൽ താമസിക്കുന്നത്. 

ബൈക്കിൽ വന്നു വെടിവച്ച പ്രതികൾ 21 ദിവസമായി മുംബൈ പനവേലിൽ താമസിച്ചു വരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. 24 മണിക്കൂറും പോലീസ് സുരക്ഷയുള്ള സൽമാൻ വീട്ടിൽ ഉണ്ടായിരുന്ന നേരത്താണ് വെടിവയ്‌പുണ്ടായത്. 

പ്രതികൾ ഗുജറാത്തിലെ ഒരു ക്ഷേത്രത്തിൽ ഒളിച്ചിരിപ്പായിരുന്നുവെന്നു മുംബൈ പോലീസ് പറയുന്നു. വിക്കി ഗുപ്ത (24), സാഗർ പാൽ (23) എന്നിവരെ വിമാനമാർഗം മുംബൈയിൽ കൊണ്ടുവന്നു ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരും ബിഹാറികളാണ്. 

വിശാൽ എന്ന പേരിലും അറിയപ്പെടുന്ന സ്ഥിരം കുറ്റവാളിയായ ഗുപ്ത ഡൽഹിയിൽ തീഹാർ ജയിലിൽ കിടന്നിട്ടുണ്ട്. ഗുജറാത്തിലെ ഭുജിലുള്ള ക്ഷേത്രത്തിൽ നിന്നാണ് ഇരുവരെയും പിടിച്ചതെന്നു മുംബൈ പോലീസ് കമ്മിഷണർ ലക്ഷ്മി ഗൗതം പറഞ്ഞു. 

Attack at Salman house was plotted in US 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക