Image

തൃശ്ശൂർ പൂരം വെള്ളിയാഴ്ച അരങ്ങേറും (വിജയ് സി.എച്ച്)

Published on 16 April, 2024
തൃശ്ശൂർ പൂരം വെള്ളിയാഴ്ച അരങ്ങേറും (വിജയ് സി.എച്ച്)

പൂരങ്ങളുടെ പൂരമെന്ന് പൂരപ്രേമികളും, ഭൂമിയിൽ നടക്കുന്ന ഏറ്റവും വർണശബളമായ ഉത്സവമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്കോയും വിശേഷിപ്പിക്കുന്ന തൃശ്ശൂർ പൂരം വെള്ളിയാഴ്ച അരങ്ങേറും! ഏപ്രിൽ പത്തൊമ്പതാം തീയതി, മേടമാസത്തിലെ പൂരം നാളിൽ!


ദിനംപ്രതി വർധിച്ചുവരുന്ന താപനിലയും, തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു അലമുറയിട്ടുകൊണ്ടിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പു പ്രചരണ വാഹനങ്ങളും പൂരപ്രേമികളുടെ അഭിനിവേശം ഒരണു പോലും കുറച്ചിട്ടില്ല. ആനകൾക്കും, എഴുന്നള്ളത്തുകൾക്കും, വെടിക്കെട്ടിനും ഹൈക്കോടതി അനുശാസിക്കുന്ന പുത്തൻ നിയന്ത്രണങ്ങളും അവരുടെ ആവേശത്തിനു മങ്ങലേൽപിക്കുന്നില്ല.
തൃശ്ശൂ൪ പൂരത്തിൻ്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും, മുഖ്യമായ എട്ട് ഘടകപൂര ക്ഷേത്രങ്ങളിലും പതിമൂന്നാം തീയതി പല സമയങ്ങളിലായി പൂരം കൊടിയേറിയതു മുതൽ ശക്തൻ തമ്പുരാൻ്റെ തട്ടകം ആവേശത്തിമിർപ്പിലാണ്.

തെക്ക് മണികണ്ഠനാലിനും, പടിഞ്ഞാറ് നടുവിലാലിനും, വടക്ക് നായ്ക്കനാലിനും സമീപം സ്വരാജ് റൗണ്ടിൽ ചേലിൽ ഉയർന്നുവരുന്ന നിലപന്തലുകൾ കാണുവാനായി ചുറ്റും കൂടി നിൽക്കുന്നവർ അറിയുന്നതേയില്ല താപനില പലപ്പോഴും ഹാനികരമായി ഉയരുന്നുണ്ടെന്ന്. ഉത്സാഹം അലതല്ലിയ ഒരു യുവ 'ഗഡി' ഉച്ചത്തിൽ വിളിച്ചുപറയുന്നതു കേട്ടു, "പൂരമെത്തി ഗഡികളേ"യെന്ന്!
വടക്കുന്നാഥൻ ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുര നടയിൽ, പറമേക്കാവിനു മുൻവശം ഇക്കുറി നിർമിച്ചിരിക്കുന്ന തൃശ്ശൂർ പൂരം എക്സിബിഷൻ സമുച്ചയത്തിൻ്റെ പ്രവേശന കവാടം പൂർവാധികം മനോഹരമാണെന്നു മാത്രമല്ല, തൃശ്ശൂർ നഗരവും പൂരവും സ്ഥാപിച്ച ശക്തൻ തമ്പുരാൻ്റെ കമനീയമായ ശിൽപത്താൽ അത് അലംകൃതവുമാണ്. അടുത്തുനിന്നു ശക്തരൂപത്തിൻ്റെ ഭംഗി ആസ്വദിക്കുന്നവർ നിരവധി.


രാവെന്നോ, പകലെന്നോ, ചൂടെന്നോ ചിന്തിക്കാതെ എക്സിബിഷൻ കാണാനെത്തുന്ന സന്ദർശകരുടെ തിരക്ക് ഓരോ മണിക്കൂറിലും വർധിച്ചുവരുന്നു. കോഴിക്കോടൻ ഹലുവ മുതൽ, രാജസ്ഥാനി അച്ചാർ വരെ യഥേഷ്ടം ലഭിക്കുന്ന സ്റ്റാളുകളും, ആകാശം മുട്ടുന്ന യന്ത്രഊഞ്ഞാലുകൾ മുതൽ ISRO-വിൻ്റെ മസ്സൈൽ ടെക്നോളജി വരെ ധൃതിയിലൊന്നു കണ്ടുതീർക്കണമെങ്കിൽ ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും വേണം. മുപ്പത്തിയഞ്ചു രൂപയുടെ പ്രവേശന ടിക്കറ്റ് നഷ്ടമായില്ലെന്നു സന്ദർശകർക്കു ബോധ്യപ്പെട്ടാലത് സ്വാഭാവികം! പൂരമഹോത്സവത്തിനു ശേഷവും ഒരു മാസത്തിലേറെ കാലം ഈ പ്രദർശനമാമാങ്കം ഇവിടെ സജീവമായി പ്രവർത്തിക്കുക പതിവാണ്.
പൂരത്തലേന്നു കാലത്ത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പൻ അഞ്ചു കിലോമീറ്റർ വടക്കുള്ള കുറ്റൂർ ദേശം വിട്ടിറങ്ങി വടക്കുന്നാഥൻ ക്ഷേത്രത്തിലെത്തി വലംവച്ചു തെക്കേ ഗോപുരവാതിൽ തള്ളിത്തുറന്നു

വെളിയിലെത്തിയാൽ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിൻ്റെ ഔദ്യോഗിക വിളംബരമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ഗോപുരവാതിൽ തുറക്കാൻ ഇത്തവണയും ഭാഗ്യം ലഭിച്ചിരിക്കുന്നത് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കരിവീരൻ എറണാകുളം ശിവകുമാറിനാണ്.

പ്രദേശത്തു തിങ്ങിനിറഞ്ഞുനിൽക്കുന്ന ആയിരങ്ങൾ നെയ്തലക്കാവിലമ്മയുടെ ദർശനം ലഭിച്ച ആഹ്ളാദത്തിൽ അത്യുച്ചത്തിൽ ആരവം മുഴക്കുന്നതോടെ ശക്തൻ്റെ തട്ടകം പൂരലഹരിയിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. നാദവർണ വിസ്മയങ്ങൾ സമന്വയിക്കുന്നൊരു സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി വൻ പുരുഷാരം മാറാൻ പോകുന്നതിൻ്റെ തുടക്കമിതാണ്!
വിളംബരദിനത്തിൻ്റെ തലേന്നു വൈകീട്ടു നടക്കുന്ന സേമ്പ്ൾ വെടിക്കെട്ടുകൾ, പൂരത്തിനു രണ്ടു നാൾ മുമ്പാണെങ്കിലും, അവ കാണാതിരിക്കാൻ കഴിയാത്തവരാണ് പൂരപ്രേമികൾ. ആദ്യം പാറമേക്കാവിൻ്റെയും, പിന്നീട് തിരുവമ്പാടിയുടേയും. പൂരത്തിനു അരങ്ങേറാനിരിക്കുന്ന വമ്പൻ കരിമരിന്നു വിസ്മയത്തിൻ്റെ എല്ലാ ചേരുവകളും ഉൾപ്പെടുത്തികൊണ്ടായിരിയ്ക്കും
സേമ്പ്ൾ വെടിക്കെട്ട്. പാറമേക്കാവും തിരുവമ്പാടിയും തമ്മിലുള്ള ഇഞ്ചോടിഞ്ചു മത്സരമായിരിക്കുമത്! ഓലപ്പടക്കങ്ങളുടെ തടികൂടിയ മാലകളിൽ തുടങ്ങി അമിട്ടുകളിലേയ്ക്കും, ഗുണ്ടുകളിലേയ്ക്കും, കുഴിമിന്നി കദിനകളിലേയ്ക്കും പൊട്ടാസ് പ്രയോഗം മാറുമ്പോൾ തേക്കിൻകാടിനു 'തീപിടിയ്ക്കും'! പൂരനഗരിയുടെ ആകാശവീഥികളിൽ അഗ്നിജ്വാലകൾ പടരും. വർണം വാരിവിതറി മാനത്ത് പൊട്ടിവിരിയുന്ന പടുകൂറ്റൻ അമിട്ടുകളുടെ ജാലവിദ്യകൾ കണ്ടും കേട്ടും പൂരപ്രേമികൾ പ്രകമ്പനം കൊള്ളും. കൊള്ളാം, ഇതൊരു കൊച്ചു പതിപ്പാണ്, പൂരക്കലാശമായി സംഭവിക്കാനിരിയ്ക്കുന്ന ബൃഹത്തായ കരിമരുന്നു കരവിരുത് ഭാവനയിലൊന്നു കണ്ടുനോക്കാമോ!

പൂരനാളിൽ രാവിലെ ആറരയോടെ കണിമംഗലം ശാസ്താവിൻ്റെ തിടമ്പേറ്റിയ ഗജവീരൻ തെക്കേ ഗോപുരവാതിൽ വഴി വടക്കുന്നാഥനിലേയ്ക്കു പ്രവേശിക്കുന്നു. കണിമംഗലമാണ് ആദ്യമെത്തുന്ന ഘടകപൂരം. പടിഞ്ഞാറെ ഗോപുരം വഴി കണിമംഗലം ശാസ്താവ് പുറത്തേയ്ക്ക് എഴുന്നള്ളുന്നതിനെ തുടർന്ന് ചെമ്പൂക്കാവ്, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ്‌, ലാലൂർ, കാരമുക്ക്, അയ്യന്തോൾ, പനയ്ക്കമ്പിള്ളി മുതലായ മറ്റു ഏഴു ചെറുപൂരങ്ങളും ഓരോന്നായി വടക്കുന്നാഥനിലെത്തുന്നു. പൂരത്തിലെ മറ്റൊരു ആകർഷകമായ സംഗതിയാണ് മഠത്തിൽ വരവ്. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടി ഭഗവതി പഴയ നടക്കാവിലെ നടുവിൽ മഠത്തിൽ എത്തി ഉണ്ണിക്കണ്ണനു പൂജ കഴിച്ചു, തിരിച്ചു കൊണ്ടുവരുന്നതാണ് മഠത്തിൽ വരവ്. തിമില, മദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ്, ശംഖ് എന്നിവ ഒന്നുചേരുന്ന പഞ്ചവാദ്യമാണ് അകമ്പടി.


പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതി പതിനഞ്ചാനകളുടെ അകമ്പടിയോടെ വടക്കുംനാഥ സന്നിധിയിലേയ്ക്ക് എഴുന്നള്ളും. കിഴക്കേ ഗോപുരവാതിലിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ദേവി പടിഞ്ഞാറു ഭാഗത്തുള്ള ഇലഞ്ഞിച്ചുവട്ടിലേയ്ക്കു നീങ്ങുന്നു. ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളമാണ് പിന്നീട്. കഴിഞ്ഞ വർഷം മുതൽ പുതിയ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരാണ്. ഇലഞ്ഞിത്തറയിൽ രണ്ടര മണിക്കൂർ നീളുന്ന പാണ്ടിമേളത്തിന് ചെണ്ടയും, ഇലത്താളവും, കൊമ്പും, കുഴലുമായി ഇരുനൂറ്റിയമ്പതോളം വാദ്യകലാകാരന്മാർ വേണം. കൊല്ലവർഷം 971 മേടമാസത്തിലെ പൂരം നാളിൽ (1796, മേയ്) ശക്തൻ തമ്പുരാൻ തൃശ്ശൂർ പൂരം ആരംഭിച്ചതിനു മുന്നെ തുടങ്ങുന്നു യഥാർത്ഥത്തിൽ മലയാളികളുടെ ചെണ്ടയിഷ്ടം. ഇലഞ്ഞിത്തറമേളം കണ്ടും കേട്ടും, അവർ ആവേശഭരിതരാകും, രോമാഞ്ചമണിയും! ഇലഞ്ഞിത്തറമേളം ഒരിയ്ക്കൽ കേട്ടവർ വീണ്ടും വീണ്ടും ഇലഞ്ഞിച്ചുവട്ടിലെത്തുന്നതും അതുകൊണ്ടാണ്.
ഇലഞ്ഞിത്തറമേളം കഴിയുന്നതോടെ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ തെക്കേ ഗോപുരവാതിലിലൂടെ പുറത്തേക്കിറങ്ങി എം.ഒ റോഡിലൂടെ എഴുന്നള്ളി തൃശ്ശൂർ നഗരസഭാ കാര്യാലയത്തിനു മുമ്പിൽ നിലകൊള്ളുന്ന മഹാരാജാവിൻ്റെ പ്രതിമയെ വലംവച്ചു വണങ്ങുന്നു.


'തെക്കോട്ടിറക്കം' കഴിഞ്ഞെത്തുന്ന ഗജവീരന്മാർ, കുടമാറ്റത്തിനു തയ്യാറായി, സ്വരാജ് റൗണ്ടിൽ തെക്കേ ഗോപുരവാതിലിനു അഭിമുഖമായി വിന്യസിക്കപ്പെടുന്നു. താമസിയാതെ തിരുവമ്പാടി ഭാഗത്തെ കരിവീരന്മാർ തെക്കേ ഗോപുരവാതിലിലൂടെ കടന്നു സമീപത്തുതന്നെ പാറമേക്കാവ് ആനകൾക്കഭിമുഖമായി സ്ഥാനമുറപ്പിക്കും. അപ്പോഴേയ്ക്കും ക്ഷേത്രത്തിൻ്റെയും റൗണ്ടിൻ്റെയും തെക്കുഭാഗം മുച്ചൂടും, കൂടാതെ എം.ഒ റോഡ് പൂർണമായും, കുടമാറ്റം കാണാനെത്തിയവരുടെ മഹാസമുദ്രമായി മാറിക്കഴിഞ്ഞിരിയ്ക്കും. പലയിനം വർണക്കുടകളുടെ മാന്ത്രികക്കാഴ്ച്ചകൾ മാനത്ത് വരച്ചുകാട്ടിക്കൊണ്ട് പാറമേക്കാവും തിരുവമ്പാടിയും വാശിയേറിയ മത്സരത്തിലേർപ്പെടുന്നു. ആരവങ്ങളും ആർപ്പുവിളികളുമായി കുടമാറ്റമെന്ന അപൂർവ സംഭവം പൂരപ്രേമികൾക്ക് ഒരു അവിസ്മരണീയ അനുഭവമായിത്തീരുകയും ചെയ്യുന്നു! പിന്നീട് രാത്രിപ്പൂരവും, അർദ്ധരാത്രിയ്ക്കു ശേഷം വെടിക്കെട്ടുമാണ്.


പിറ്റേന്നു ഉച്ചയ്ക്കു മുമ്പേ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാരുടെ എഴുന്നള്ളത്തുകൾ പടിഞ്ഞാറെ ഗോപുരനടയിലെത്തി, അടുത്ത പൂരത്തിനു വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ, ഉപചാരം ചൊല്ലി പിരിയുന്നു.
വടക്കുന്നാഥൻ ക്ഷേത്ര മൈതാനം ആളൊഴിഞ്ഞു കാണുന്നത് പൂരനഗരിയിലുള്ളവർക്ക് പെട്ടെന്നു അസഹ്യമായി തോന്നാമെങ്കിലും, അടുത്ത പൂരമരങ്ങേറും വരെ തലോലിയ്ക്കാൻ ഉള്ളു നിറയെ നിറമുള്ള ഓർമ്മകളുമായാണ് ശക്തൻ തമ്പുരാൻ്റെ രാജവീഥിയിൽ നിന്നു അവർ മടങ്ങുക!

തൃശ്ശൂർ പൂരം വെള്ളിയാഴ്ച അരങ്ങേറും (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക