Image

നിലാവിൽ പൂത്ത പ്രണയം:കവിത, ഹരിലാൽ വൈക്കം

Published on 15 April, 2024
നിലാവിൽ പൂത്ത പ്രണയം:കവിത, ഹരിലാൽ വൈക്കം
ഓരോ പൗർണ്ണമിയിലും
നിന്റെ  ജാലകത്തിനുള്ളിലേക്ക്
നിലാവായൊഴുകി  നിന്നെ ഞാൻ
തഴുകിയതറിയാതെ, 
അമാവാസിയുടെ
കറുത്ത ആകാശത്ത് ഒരു
രക്തനക്ഷത്രത്തെ നീ തിരഞ്ഞത്
ഞാനറിഞ്ഞു. 
അല്ലെങ്കിൽ നിന്റെ പള്ളിയറക്ക്‌
അപ്പുറം ഒരു മാർജാരനെ പോലെ
അതെല്ലാം ഒളിഞ്ഞു കണ്ടു ഞാൻ
ഉൾപുളകം കൊണ്ടു. 
നിന്റെ മലർ ശയ്യയിൽ  എന്നെ
തിരഞ്ഞു വിവശയായ് ഉറങ്ങിയ
രാത്രികളിൽ നിന്റെ മുറ്റം നിറയെ
നക്ഷത്രപ്പൂക്കളായി ഞാൻ ചിതറി
വീണു കിടന്നത് അറിയാതെ നീ
പുലരികളിൽ ജാലകപ്പഴുതിലൂടെ
അശോക വൃക്ഷത്തിന്റെ
എത്താക്കൊമ്പിലേക്ക്
മിഴിനട്ടിരുന്നതും  കണ്ടു. 
നിന്റെ ആകാശത്തു ഞാനൊരു
ചന്ദ്രക്കലപോലെ അലിഞ്ഞു
നേർത്തു പോകുന്നതും
കാണാതെ നീ കുളക്കടവിലെ
ആമ്പൽപൂക്കളോടു പരിഭവം
പറഞ്ഞതും ഞാനറിഞ്ഞു. 
നിന്റെ തൊടിയിലെ കുയിലിന്റെ
പാട്ടിന് കേട്ടു മറന്ന ഗന്ധർവന്റെ
ഈണം ശ്രുതിയിട്ടത്  ഹൃദയം
കൊണ്ടു തൊട്ടറിഞ്ഞിട്ടും  എന്തേ
എന്നെ നീ കാണാതെ പോയെന്ന്
എനിക്കറിയില്ല. !
നീ ഒരിക്കൽ എന്നോട് ചോദിച്ചില്ലേ,
ഞാൻ എന്തുകൊണ്ട് നിന്റെ
വെള്ളാരംകണ്ണുകളിൽ പൂക്കുന്ന
മഞ്ഞ മന്ദാര പൂക്കളെ പറ്റി മാത്രം
പാടുന്നുവെന്നു, 
എന്തുകൊണ്ട് നിന്റെ ഉജ്വലമായ
പുഞ്ചിരിയെ പറ്റി മാത്രം കണ്ണിൽ
നോക്കി പറയുന്നുവെന്ന്. 
മുഖക്കുരുവിൽ കിനിയുന്ന
കസ്തൂരിയുടെ സൗരഭ്യത്തെ
പറ്റി മാത്രം വാചാലമാകുന്നത് എന്തെന്നും. 
 
നീ നിന്റെ വിശുദ്ധ പുസ്തകം
തുറന്നു നോക്കുക, ഹൃദയം
ദൈവത്തോട് സംസാരിക്കുന്ന ഭാഷ
പ്രണയത്തിന്റെതെന്ന് തന്നെ അല്ലേ എന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക