Image

പിന്നെയും ചിരിക്കുന്ന പുലരി (ചെറുകഥ: എം ജി വിനയചന്ദ്രൻ)

Published on 14 April, 2024
പിന്നെയും ചിരിക്കുന്ന പുലരി (ചെറുകഥ: എം ജി വിനയചന്ദ്രൻ)

ഈ പകൽ, ആ ഫ്ലാറ്റ് സമുച്ചയത്തിൽ ഒന്നിൽ ഇപ്പോൾ അവൾ തനിച്ചാണ്, അനുപമ .
പോലീസ് ഓഫിസറായ ഭർത്താവുമൊന്നിച്ച് ഇവിടേക്ക് താമസം മാറിയത് അവൾ മുൻകൈ എടുത്താണ്. അതിനൊരു കാരണമുണ്ടായിരുന്നു, ശരത്തിനെ കഴിവതും കാണാതിരിക്കുക. വിവാഹം കഴിഞ്ഞ നാൾ മുതൽ അതിനുള്ള അവസരങ്ങൾ പരമാവധിഒഴിവാക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.
സ്വന്തം വീട്ടിലേക്ക് പോകുന്നതുംവിരളം. ഒരുമതിലിനപ്പുറമുള്ളശരത്തിൻ്റെ വീട്, അയൽക്കാരായി എത്തിയ നാൾ മുതൽ രണ്ട് കുടുംബങ്ങൾക്കിടയിൽ തളിരിട്ട സൗഹൃദം, അവരുടെമക്കളിലൂടെ വളർന്നു, അതിൽ അനുരാഗത്തിൻ്റെ പരാഗരേണുക്കൾ ചിത്രവർണ്ണങ്ങൾ ചാർത്തിയത്എപ്പോഴെന്ന്അവരറിഞ്ഞില്ല.
പിന്നീട് അവൾ ഒന്നും പറയാതെ  മനസ്സിൽ നിന്നും പടിയിറക്കിവിട്ട അവൻ്റെ മുറി,അതിൻ്റെ തുറന്നിട്ട ജനാലകൾ  അവളെത്തേടി വരുന്ന രണ്ടുകണ്ണുകൾ,അവന് പരിചിതമായ തൻ്റെ വീട് ഒരു ഒളിയിടമല്ലെന്ന് അവൾക്കറിയാമായിരുന്നു.
ശരത്തിനെ അവൾ ഭയക്കുന്നില്ല. കുറ്റബോധവുമില്ല. കാരണം, വിവാഹ നിശ്ചയത്തലേന്ന് രാത്രിയിൽ ആളൊഴിഞ്ഞ നേരം നോക്കി അവളുടെ മുറിയിലേക്ക് വന്ന ശരത്തിൻ്റെ കണ്ണുകളിൽ രോഷം തിരയിളക്കുന്നുണ്ടായിരുന്നെങ്കിലും ദൃഢമായ ശബ്ദത്തിൽ അവൻ ചോദിച്ചത് അനുപമ വ്യക്തമായി ഓർക്കുന്നു.
" ഒരു പോലിസ് ഓഫിസറുടെ ആലോചന വന്നപ്പോൾ നീ എതിർപ്പ് പറഞ്ഞില്ല , അതുകൊണ്ടാണ് തങ്ങൾ മുന്നോട്ട് പോയത് എന്നാണ് നിൻ്റെ അച്ഛൻ എൻ്റെ അച്ഛനോട് പറഞ്ഞത്. ഇത് നിൻ്റെ പൂർണ്ണസമ്മതത്തോടെയുള്ള തീരുമാനമാണന്ന് ഞാൻ പറഞ്ഞാൽ ?"
മുഖം താഴ്ത്തിയുള്ള മൗനമായിരുന്നു അവളുടെ മറുപടി.
ഇത്ര നിസ്സംഗമായി അവൾ അത് സമ്മതിക്കുമെന്ന് ശരത് ഒട്ടും പ്രതീക്ഷിച്ചില്ല.
"നന്നായി, ഒരു ഗസ്റ്റ് അദ്ധ്യാപകനേക്കാൾ ഇത് എന്തുകൊണ്ടും സ്വീകാര്യമാണ് ഒരു പെണ്ണിന്.തുറന്നിട്ട ജനാലകൾ നാളുകൾക്ക് മുൻപെ അടച്ചുപൂട്ടിയത് നീ തന്ന സൂചനയായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കണമായിരുന്നു. നിൻ്റെ മൊബൈൽ ഫോൺ പെട്ടെന്ന് പ്രവർത്തനരഹിതമായതും അകലെ മുത്തശ്ശിയുടെ വീട്ടിൽ സഹായത്തിനായി നീ പോയതും യാദൃശ്ചികമായിരുന്നില്ലെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. നമ്മുടെ ഇഷ്ടത്തിനുമേൽ നിൻ്റെ അവസരോചിതമായ പ്രായോഗികതീരുമാനം. നീ ഈ കാലഘട്ടത്തിന് തികച്ചും യോജിച്ച പെണ്ണാണെന്ന് തെളിയിച്ചിരിക്കുന്നു.
നിൻ്റെ ശാലീനഭാവത്തിന് പിന്നിൽ മറഞ്ഞിരുന്ന കൗശലക്കാരിയെ ഞാൻ തിരിച്ചറിയുന്നു."
അനുപമ മുഖമുയർത്തി അവനെ നോക്കി. അശേഷം കുറ്റബോധമില്ലാതെ അവനെ ശരിവയ്ക്കുക്കുന്ന മുഖഭാവം .
ഇരച്ച് വന്ന കോപം ഉള്ളിലൊതുക്കി ശരത് ചോദിച്ചു
"നിനക്ക് മറ്റൊന്നും പറയാനില്ല? ".
"ശരത്ത് നമ്മൾ വളരെ വൈകിപ്പോയി. ഇനി ഈ അവസാന നിമിഷത്തിൽ ...." അവൾ ആശ്വാസവചനം പോലെ പറഞ്ഞ് വീണ്ടും മുഖം താഴ്ത്തി.
"നമ്മൾ എന്ന പ്രയോഗം വേണ്ട. നീ, നിൻ്റെ തിരസ്ക്കരണം അത് മറയ്ക്കാൻ,വൈകിപ്പോയി എന്ന വാക്ക്അസ്ഥാനത്ത്ഉപയോഗിക്കരുത്.വീണ്ടും നീ എന്നെ വിഡ്ഢിയാക്കാൻ ശ്രമിക്കരുത് " 
ശരത്തിൻ്റെ ശബ്ദം അല്പം ഉയർന്നുവോ ?
" ശരത് പ്ളീസ് വാദിച്ച് ജയിക്കാൻ ഞാനില്ല .സമ്മതിക്കുന്നു .
ശരി, നമുക്ക് നല്ല സുഹൃത്തുക്കളായി പിരിയാം.അതാവും രണ്ടുപേർക്കും നല്ലത് ."
അവൾ നിർവികാരതയോടെ പറഞ്ഞ് അവനെ നോക്കി.
"എത്ര നിസ്സാരമായി നീ അത് പറഞ്ഞൂ! ഒരു വലിയ ഭാരം ഇറക്കി വച്ച ലാഘവത്തോടെ. 
ഞാൻ ഓർക്കുന്നു ഇതുപോലൊരു പൗർണ്ണമി ദിവസമാണ് ഞാൻ നിന്നെ ആദ്യമായി കണ്ടത് ,പത്തുവർഷം മുൻപ്. പൂനിലാവ് നിറഞ്ഞ് നിന്ന ആ സന്ധ്യയിൽ ഈ വീടിൻ്റെ മുറ്റത്ത്, അടുത്ത അയൽപക്കത്ത് താമസത്തിനെത്തിയവരെ കാണാൻ തല നീട്ടി നോക്കിയ പാവാടക്കാരിയെ, എൻ്റെ നേർക്ക് നീട്ടിയ നിൻ്റെ മിഴിമുനകൾക്കൊപ്പം പകുത്തിട്ട നിൻ്റെ കാർക്കൂന്തൽ കെട്ടിൽ ചൂടിയ കുടമുല്ലപ്പൂവിൻ്റെ സുഗന്ധമുണ്ടായിരുന്നു. ആദ്യാനുരാഗത്തിൻ്റെ പൂമണം .
നീയും അത് മറന്നിട്ടുണ്ടാവില്ല.എന്നാൽ ഇന്നത്തെ നിലാവിൽ ആ ഗന്ധമില്ല പകരം നിൻ്റെ വക്ക് ഉടഞ്ഞ വാക്കുകളുടെ ദുർഗന്ധം ഈ മുറിയിൽ നിറയുന്നു "
അവൻ്റെ തീക്ഷ്ണമായ വാക്കുകൾക്ക് മുന്നിൽ ചഞ്ചലയാവാതെ അവൾ പറഞ്ഞൂ.
" ശരത് ശരിതെറ്റുകളുടെ കണക്കെടുപ്പിന് നിന്ന് തരാൻ എനിക്ക് താല്പര്യമില്ല .പ്ലീസ് ഞാൻ പറഞ്ഞല്ലോ നമുക്ക് നല്ല.. .
ശരത് അവളെ തടഞ്ഞു
" വേണ്ട അത് ആവർത്തിച്ച് അശ്ലീലമാക്കണ്ട. കേൾക്കാൻ എനിക്കും താല്പര്യമില്ല സമയവും.
ഈ നിമിഷം മുതൽ നീ എനിക്കൊരോർമ്മ മാത്രമാണ്.
മങ്ങിയ ഓർമ്മ. മഷിത്തണ്ടാൽവികൃതമാക്കപ്പെട്ട ഒരോർമ്മച്ചിത്രം.പക്ഷേ ഞാൻ നിന്നെ ഒരിക്കൽ കൂടി മുഖാമുഖം കാണും അത് എന്നാണെന്ന് ഇപ്പോൾ പറയാനാവില്ല. കാണും അതുറപ്പാണ്."
ശരത് അവളുടെ നേർക്ക്  വിരൽ ചൂണ്ടി മുറിക്ക് പുറത്തേക്ക് വേഗത്തിൽ നടന്നു.പെട്ടെന്ന് തിരിഞ്ഞ്
"ഒന്നുകൂടി, നീ തിരഞ്ഞെടുത്ത ജീവിതത്തിൽ ഞാനൊരു ഭീഷണിയായി വന്ന് നിൽക്കില്ല"
ആ വാക്കിൻ്റെ ഉറപ്പിൽ അവൾ ആശ്വാസം കൊണ്ടു.
മേഘപാളികളാൽ മറയ്ക്കപ്പെട്ട പൗർണ്ണമിത്തിങ്കൾ മെല്ലെ പുറത്തേക്ക് വന്നു.
കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ  അനുപമ ശരത്തിനെ കണ്ടിട്ടില്ല.
അവൻ അവളെ കാണാൻ ശ്രമിച്ചിട്ടില്ലഎന്നവൾവിശ്വസിക്കുന്നു.
അലക്കിയവസ്തങ്ങൾ
ബാൽക്കണിയിൽ വിരിച്ചിട്ട് നിൽക്കുമ്പോഴാണ് ഫോൺശബ്ദിച്ചത്.
അവൾ നോക്കി.
താൻ മനപ്പൂർവ്വം ഒഴിവാക്കിയ ചിരപരിചിതമായ നമ്പർ .
ശരത് ! അവൾ പ്രതികരിച്ചില്ല.
വീണ്ടും ഫോൺ ശബ്ദിക്കുന്നു.
അവൾ പച്ചനിറത്തിൽ വിരൽ തൊട്ടു.
"ഞാൻ ശരത്, എനിക്ക് നിന്നെ കാണണം, ഇന്ന്, ഇപ്പോൾ, ഒരിക്കൽ നമ്മുടെ ഇഷ്ട ഇടമായിരുന്ന പബ്ളിക്ക് ലൈബ്രറി മുറ്റത്തെ മരത്തണലിലെ സിമൻറ് ബഞ്ചിൽ "
അവൻ വാക്കുകൾ മുറിയാതെ ദൃഢമായി പറഞ്ഞു .
" ശരത്, ഞാൻ വരില്ല, എനിക്ക് വരാൻ കഴിയില്ല "
അത് പറയുമ്പോൾ അവളുടെ ശബ്ദം പതറിയിരുന്നു.
"അനുപമ, എൻ്റെ കൈയ്യിൽ കത്തിയോ ആസിഡോ ഇല്ല, 
നീ ഭയക്കേണ്ട. വന്നത് പോലെ നിനക്ക് തിരികെ പോകാം, അതെൻ്റ ഉറപ്പ് "
ശരത് ശാന്തമായി പറഞ്ഞു.
" ശരത് നമ്മൾ രമ്യമായി പറഞ്ഞ് പിരിഞ്ഞതാണ്.പിന്നെ ഇപ്പോൾ. എൻ്റെ ഭർത്താവ് അറിയാതെ, അല്ലെങ്കിൽ എന്ത് പറഞ്ഞിട്ട് . എന്നെവിഷമിപ്പിക്കരുത്."
അവളുടെ വാക്കുകളിൽ ഒരു ഭാര്യയുടെ നിസ്സഹായവസ്ഥയും
ഭയവുംനിഴലിച്ചിരുന്നു.
"അനുപമ, നീ മനപ്പൂർവ്വം മറക്കുന്നു ഞാൻ അന്ന് പറഞ്ഞ വാക്ക്, നിന്നെ ഞാൻ എൻ്റെ സ്വകാര്യ ഇടത്തേക്കല്ല ക്ഷണിച്ചത്. ഒന്ന് നീ മനസ്സിലാക്കുക, ഈ കൂടിക്കാഴ്ച എനിക്ക് ഒഴിവാക്കാൻ കഴിയില്ല മാറ്റിവെയ്ക്കാനും, വായനശാലയിലെ നിൻ്റെ അംഗത്വം ഇപ്പോഴും ഉണ്ടെന്ന് എനിക്കറിയാം, പുസ്തകം മാറ്റി എടുക്കാനായി വരുക. നിൻ്റെ മുൻകാല സുഹൃത്തായിട്ടാണ് ഇപ്പോൾ വിളിച്ചത്.ആ മാനസികനില മാറാൻ നിൻ്റെനിലപാട്കാരണമാവരുത് വരാതിരിക്കരുത്.നീ വരണം''
വിട്ടുവീഴ്ചയുടെ ഇളക്കം തട്ടാത്ത ഉറപ്പ് അവൻ്റെ വാക്കുകളിൽ നിഴലിച്ച് നിന്നു.
ശരത്തിൻ്റെ ആവശ്യം നിരസിക്കുന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കുമെന്ന് അനുപമക്ക് ഉറപ്പായിരുന്നു. അവൻ ഉറച്ച തീരുമാനത്തിലാണ് ,തന്നെ കാണാതെ അവൻ പോകില്ല.
അവൻ ഇവിടേക്ക് വന്നാൽ ?
ശ്രീയേട്ടൻ ഉള്ളപ്പോൾ, ഭർത്താവിൻ്റെ മനസ്സിൽ സംശയത്തിൻ്റെ തീപ്പൊരി വീഴാതെ സൂക്ഷിക്കേണ്ടത് താനാണ്.
ഇനി ഇങ്ങനെ ഉണ്ടാകരുതെന്ന് ശരത്തിനോട് അപേക്ഷിക്കാം.
അനുപമ ശരത്തിനെ കാണാൻ തീരുമാനിച്ചൂ.
പുസ്തകമെടുത്ത് ഭർത്താവിനോട് ഫോണിൽ അനുവാദം വാങ്ങി അവൾ പുറപ്പെട്ടു.
യാത്രയിലുടനീളം അവളുടെ മനസ്സ് കലുഷിതമായിരുന്നു.
താൻ കാരണം മനസ്സിന് മുറിവേറ്റ പുരുഷനെ കാണാനാണ് ഈ യാത്ര. അതും നിർബന്ധിച്ച് ക്ഷണിച്ചിട്ട്.
എന്തിനായിരിക്കണം അത്, അവളുടെ
മനസ്സ് അതുവരെ പോകാത്ത ചിന്താപഥങ്ങളിലൂടെ അതിവേഗം അലയാൻ തുടങ്ങി.
ഓട്ടോഡ്രൈവർ വിളിച്ചപ്പോഴാണ് സ്ഥലത്ത് എത്തിയത് അവൾ അറിഞ്ഞത്.
മരത്തണലിലെ സിമൻറ് ബഞ്ചിൽ അവളെ പ്രതീക്ഷിച്ച് ശരത് ഇരിക്കുന്നത് അനുപമ ദൂരെ നിന്നെ കണ്ടു. മുൻപ് എത്രയോ സന്ദർഭങ്ങളിൽ അവർ ഒരുമിച്ചിരുന്ന അതേ ബഞ്ചിൽ.
അവൾ പ്രതീക്ഷിച്ചതിൽ നിന്നും വിഭിന്നമായി ശരത് തികച്ചും പ്രസന്നവദനനായിരുന്നു. അവൾക്ക് ആശ്വാസമായി. എങ്കിലും ഉൾഭയം വിട്ടുമാറിയില്ല.
ബഞ്ചിൽ അവൾക്കിരിക്കാനായി അവൻ അകന്നിരുന്നു. 
അനുപമയുടെ ഭയം കലർന്ന മുഖത്തേക്ക് ശരത് സൂക്ഷിച്ച് നോക്കി.
അവർക്കിടയിൽ മൗനം വന്ന് നിറഞ്ഞു.
നിമിഷങ്ങൾ നീങ്ങവേ മൗനം മുറിഞ്ഞു.
" അനുപമ, നിന്നെ വിചാരണചെയ്യാനല്ല കാണണമെന്നാവശ്യപ്പെട്ടത്. നമ്മുടെ അനുരാഗ നാടകത്തിൻ്റെ അവസാന രംഗത്തിന് യവനിക വീഴുമ്പോൾ
നീ ഉണ്ടാവണമെന്ന്എനിക്ക് നിർബന്ധമായിരുന്നു.
അതും ഇവിടെവച്ച് "
ശരത് സ്വാഭാവികമായി അത്രയും പറഞ്ഞ് അനുഭാവത്തോടെ അവളെ നോക്കി.
"ശരത് എനിക്കൊന്നും മനസ്സിലാകുന്നില്ല"
അനുപമ സ്വരം താഴ്‌ത്തി പറഞ്ഞു.
" അനുപമ, നീ മറന്നിട്ടുണ്ടാവില്ല,
നമുക്ക്മധുരിക്കുന്നഒരുഭൂതകാലമുണ്ടായിരുന്നു.
പരസ്പരം ഇഷ്ടമാണെന്ന് മനസ്സിൽ ഉറപ്പിച്ചതിനു ശേഷമുള്ള ദിനരാത്രങ്ങൾ. വർണ്ണങ്ങൾ വാരി വിതാനിച്ച പ്രഭാതങ്ങൾ, നിദ്ര അകന്നുനിന്ന രാവുകളിൽ, അനുരാഗത്തിൻ്റെ ഹൃദയതാളങ്ങൾ കണ്ണിലൂടെ ആവാഹിച്ചെടുത്ത് ഞാനും നീയും, ഒരു മതിലിന് ഇരുവശമുള്ള രണ്ട് മുറികളിൽ, അടയാത്ത ജനാലകൾക്കരുകിൽ, രാത്രിയുടെ അന്ത്യയാമങ്ങൾ വരെ ഇമവെട്ടാതെ നോക്കി നിന്നത് എനിക്കിന്ന് വെറും സ്വപ്നമാണ്. " 
ഓർമ്മകളുടെ ചില്ലുജാലകം മെല്ലെ  തുറന്ന ശരത്തിനെ തടഞ്ഞു കൊണ്ട് അനുപമ പറഞ്ഞൂ
" ഒന്നും ഓർമ്മിക്കാൻ ഞാൻ ശ്രമിക്കാറില്ല. ഞാനിന്നൊരു ഭാര്യയാണ്"
"നീ ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്തതിൽ ചിലതുണ്ട് എൻ്റെ ഓർമയിൽ.  അനുരാഗവിവശയായി ഇടവപ്പാതിയിലും വിയർത്ത് നിന്ന നിൻ്റെ കൺകോണുകളിൽ മദജലം പൊടിഞ്ഞത് കണ്ടിട്ടും കാണാതിരുന്നതും,
തൃഷ്ണയുടെ ചൂട് നിശ്വാസങ്ങൾ സിരകളെ തീപിടിപ്പിച്ചപ്പോൾ, ഞാൻ ഒരിക്കൽ പോലും ഇരുട്ടിൻ്റെ മറവിൽ സദാചാരത്തിൻ്റെ മതിൽ മറികടക്കാതിരുന്നതൊന്നു കൊണ്ടും മാത്രമാണ് നിനക്ക് മറ്റൊരു പുരുഷൻ്റെ മുന്നിൽ കുറ്റബോധമില്ലാതെ വധുവായി നിൽക്കാൻ കഴിഞ്ഞത് " 
ശരത്തിൻ്റെ വാക്കുകൾ ശാന്തമായിരുന്നു.
നിരാശയുടെ ധ്വനി ആ വാക്കുകളിൽ ഇല്ലായിരുന്നു.
ഒരു യഥാർത്ഥ്യത്തിൻ്റെ ഓർമ്മപ്പെടുത്തൽ മാത്രമായിരുന്നു അത്.
" ശരത്, നീ എന്തിനാണ് എന്നെ നിർബന്ധമായി ഇവിടെ വിളിച്ച് വരുത്തിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഇത് പറയാനായിരുന്നോ?"
അവൾ അല്പം വിരസമായി ചോദിച്ചു.
"അല്ല എന്ന് നിനക്ക് നന്നായി അറിയാം. പക്ഷേ പിന്നെയെന്തിനെന്ന് നിനക്ക് ഊഹിക്കാൻ കഴിയുന്നില്ല. അതല്ലേ സത്യം,അതിൻ്റെ സംഘർഷം നിൻ്റെ മുഖത്ത് നിഴലിക്കുന്നുണ്ട്. " 
അവൻ്റെ വാക്കുകൾ അവളെകൂടുതൽ അസ്വസ്ഥയാക്കിയതേയുള്ളു.
" ശരത് എനിക്ക് പോകണം പ്ളീസ്;"
അനുപമ തിരികെ പോകാൻ തിടുക്കം കാണിച്ചു.
"ഇനി ഒരിക്കലും ഇങ്ങനെ നമ്മൾ കാണാതിരിക്കാൻ അല്പസമയം കൂടി നിന്നു കൂടേ? .വരണമെന്ന് നിർബന്ധം പറഞ്ഞത്, നീ നേരിൽ നേരായി അറിയേണ്ട ഒന്നുണ്ട്. നമ്മുടെ അനുരാഗത്തിൻ്റെ ചില്ലുകൊട്ടാരം വീണുടഞ്ഞപ്പോൾ എനിക്കേറ്റ മുറിവിൽ നീ വേദനിച്ചുവെങ്കിൽ അഥവാ ഒരു വേളയെങ്കിലും നീ ആഹ്ളാദിച്ചുവെങ്കിൽ അത് ഇനി വേണ്ട"
ശരത്തിൻ്റെ വാക്കുകളിലെ നിഗൂഢത അവളെ കൂടുതൽ അസ്വസ്ഥയാക്കി
" ശരത്, പ്ളീസ് "
അനുപമ യാചനാഭാവത്തിൽ അവനെ നോക്കി. 
അവൻ്റെ മുഖത്ത് വിരിഞ്ഞ മൃദുമന്ദഹാസത്തിൻ്റെ പൊരുൾതേടി അപ്പോഴും അവൾ നിസ്സഹായയായി ഇരുന്നു .
" കാത്തിരിക്കൂ, ഒരു നിമിഷം കൂടി ."
അവളിൽ ആകാംക്ഷ നിറച്ചു കൊണ്ട് ശരത്, അല്പം അകലെ മറ്റൊരു ബഞ്ചിൽ അവരെ സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ നോക്കി. അവളെ അരികിലേക്കു വിളിച്ചു
ഭംഗിയായി വസ്ത്രം ധരിച്ച, കണ്ണടധാരിയായ, അഴകുള്ള പെൺകുട്ടി ,മുടി മാടി ഒതുക്കി ചെറുചിരിയോടെ അവർക്കരികിലേക്ക് നടന്നു വന്നൂ .അമ്പരപ്പ് നിറഞ്ഞ കണ്ണുകളോടെ അനുപമ അവളെ നോക്കി.
എവിടെയോ കണ്ട മുഖം.
ഒട്ടും അപരിചിതത്വമില്ലാതെ
അനുപമക്ക് അരികിൽ നിന്ന പെൺകുട്ടിയെ ചൂണ്ടി മുന്നൊരുക്കമില്ലാതെ ശരത് പറഞ്ഞൂ.
" ഇത് ,മൃദുല. ഒരു കൊച്ചു കഥാകാരിയാണ്. അനുപമ അറിയാൻ സാദ്ധ്യതയുണ്ട്".
അറിയാം എന്ന മട്ടിൽ തലയാട്ടിയ അനുപമയുടെ നേർക്ക് കൈ നീട്ടിയ മൃദുല പരിചിത ഭാവത്തിൽ പറഞ്ഞു
"എനിക്കറിയാം അനുപമയെ ,ശരത് പറഞ്ഞിട്ടുണ്ട് എല്ലാം! "
അല്പം ജാള്യതയോടെ മൃദുലയുടെ കരം ഗ്രഹിച്ച അനുപമയോട് സൗഹൃദത്തോടെ മൃദുല പറഞ്ഞൂ.
" ഒരു സർവ്വകലാശാലയുടെ അദ്ധ്യാപക തിരഞ്ഞെടുപ്പെന്ന പ്രഹസനവേദിയിൽ വച്ചാണ് ഞാൻ ശരത്തിനെ പരിചയപ്പെടുന്നത്. തികച്ചുംയാദൃച്ഛികം. സൗഹൃദം വളരുന്നതിനിടയിൽ എപ്പോഴോ .... :"
മൃദുല അല്പം നാണം കലർന്ന ചിരിയിൽ പറഞ്ഞുനിർത്തിയത് അനുപമയുടെ മനസ്സിലുടക്കി.
"എൻ്റെ ആശംസകൾ"
മുദലയെ നോക്കി അനുപമ പതുക്കെ പറഞ്ഞു.
" അനുപമ, ആശംസ എനിക്ക് കൂടി ഉള്ളതാണെങ്കിൽ ഉറക്കെ പറയൂ,
അത്കേൾക്കുന്നത്എനിക്കുംസന്തോഷമാണ്.അതും ആദ്യാനുരാഗത്തിലെ നായികയിൽനിന്ന്, അല്ലേ മൃദുലാ"
ശരത്തിൻ്റെ സരസമായ ചോദ്യത്തിൻ്റെ മുന നീണ്ടത് അനുപമയിലേക്കാണെന്ന് മനസ്സിലാക്കിയ മൃദുല ,അത് നിസ്സാരമെന്ന മട്ടിൽ തുറന്ന് ചിരിച്ചു. ആശ്വാസം വീണ്ടെടുത്തു കൊണ്ട് അനുപമ ചോദിച്ചൂ
" ശരത് ,ഇനി എനിക്ക് പോകാമോ'' 
"തീർച്ചയായും, അനുപമയെ തേടി എൻ്റെ ഒരു ഫോൺ കോൾ മേലിൽ വരില്ല " 
അനുപമ ശരത്തിൻ്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു,
" ഉറപ്പ്‌"
മറുപടി പറഞ്ഞത് മൃദുല യാണ്‌,
"ഉറപ്പ് .പക്ഷെ ഞാൻ വിളിക്കും, ക്ഷണിക്കും അധികം താമസിക്കാതെ ".
ഒരു കാമുകിയുടെ തരളിത ഭാവത്തോടെ ഇടംകണ്ണിട്ട് നോക്കിയ മൃദുലയുടെ വലത് കൈയ്യിൽ ശരത് ചെറുതായി നുള്ളി നോവിച്ചു ,പിന്നെ മുറുകെ പിടിച്ചു.അവൾ അവനോട് ചേർന്ന് നിന്നൂ.
മുഖം തിരിച്ച് തിരികെ നടന്ന അനുപമ ശരത്തിനെ അരികിലേക്ക് വിളിച്ചു.
അവനൊപ്പം നടക്കുമ്പോൾ ലജ്ജയുടെ ലാഞ്ചന കലർന്ന സ്വരത്തിൽ അനുപമ പറഞ്ഞു
" ശരത്, നീ ഒരു കള്ളനാണ്, കുമാരിമാരുടെ മനംകവരുന്ന കള്ളൻ "
അനുപമ തിരിഞ്ഞ് നോക്കാതെ വേഗത്തിൽ മുന്നോട്ട് നടന്നു. ആശ്വാസത്തിൻ്റെയോ, നഷ്ടബോധത്തിൻ്റെയോ എന്ന് വേർതിരിച്ച് അറിയാനാവാത്ത മനസ്സുമായി ! .
അവരെ കൗതുകത്തോടെ നോക്കി നിന്ന മൃദുലയ്ക്കരികിലേക്ക് ശരത്ത് തിരികെ നടന്നു.
നടന്നകലുന്ന അനുപമയെ നോക്കി അവരങ്ങനെ നിന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക