Image

വിഷുപ്പാട്ട് (ഉമ)

Published on 14 April, 2024
വിഷുപ്പാട്ട് (ഉമ)

ഉരുകുന്ന ചൂടിലും കുളിരുന്നെന്നുള്ളം
നിനക്കായി മാത്രം ഞാൻ പൂക്കുന്നു കണ്ണാ
വിഷുപ്പക്ഷി ചേക്കേറി പാടുന്ന ചില്ലയിൽ
മഞ്ഞപ്പട്ടാടയായ് ഞൊറിയിട്ടു പൂക്കുന്നു

വിഷുപ്പക്ഷിപ്പാട്ടിന്റെ ഈണത്തിലാട്ടി
തല്ലിക്കൊഴിക്കാതെ മെല്ലെത്തലോടി
ഭൂമിയ്ക്കിളം തണുപ്പേകുന്ന കുഞ്ഞിളം
കാറ്റിന്റെ കൈകളിലാലോടമാടാൻ

കണ്ണിൽ പൂത്തിരിയുമായ് പൈതങ്ങളെത്തി
പൊട്ടിച്ചെടുക്കുമ്പോൾ പൊട്ടിച്ചിരിക്കാൻ 
നിൻമുന്നിൽ കണിയായി താലത്തിലെത്താൻ
വരുംവർഷ സൗഭാഗ്യ സൂനമായ് മാറാൻ

കണ്ണിനു പ്രീയമോലും കർണ്ണികാരം ഞാൻ
കണ്ണന്റെ ആടയിൽ കാഞ്ചനം പൊതിയാൻ
ഒരു വിഷുക്കണിയായി ജന്മം പൂത്തുലയാൻ
ഒരു മലർ കൈനീട്ടം ഭൂമിയ്ക്കു നല്കാൻ

ഈ കൊടും ചൂടിലും പൂക്കുന്നു ഞാനും
പൂക്കാതിരിക്കുവാനാവില്ലെനിക്ക്
പുലരിയിൽ വെയിലൊളി പുണരുന്നനേരം
സ്വർണ്ണപ്രഭയായി മലർക്കെ ചിരിയ്ക്കാൻ

വിയൽപ്പക്ഷി പാടും വിഷുപ്പാട്ടുപോലെ
നിൻചുണ്ടിലൊരു മധുരപ്പുഞ്ചിരിയാകാൻ
മുളംതണ്ടിലൊഴുകുന്ന ഈണമായി
പൂക്കണം ഹൃദ്തന്തികൾ മീട്ടാനായി

ഓട്ടുരുളിയിൽ പച്ചക്കറികൾക്കും പൂക്കൾക്കുമൊപ്പം
 പൊൻകണിവെള്ളരിയും, വാൽക്കണ്ണാടിയും
സ്വർണ്ണവും വെള്ളിയും, നാണയത്തുട്ടും, നോട്ടും
പട്ടിൽപൊതിഞ്ഞ ഗ്രന്ഥങ്ങളും, പുത്തൻ പുടവയും

പുന്നെല്ലുമരിയും, ചന്ദന-കുങ്കുമ സുഗന്ധദ്രവ്യങ്ങളും
ചക്കയും, മാങ്ങയും, വാൽക്കിണ്ടിയിൽ ജലവും
നാളികേരം, പഴം താമ്പൂലവും മുന്നിലെരിയുന്നെഴു-
തിരിവിളക്കും, പൊന്നിൻ പ്രഭയാൽ തിളങ്ങുമീ ഞാനും
കണ്ണന്റെ മുന്നിൽ കണിയായി ജന്മം സഫലമാകുന്നു

പുളിയിലക്കരമുണ്ടിൽ തിളങ്ങും സുന്ദരിയുടെ
മിഴികളിൽ തെളിയുന്ന പൂത്തിരിയാകാൻ
ഒരിക്കലും പൊലിയാത്ത ഐശ്വര്യമാകാൻ
ജീവനിൽ അണയാത്ത തിരിനാളമാവാൻ

ത്രേതായുഗത്തിൽ രാമൻ പിന്നിലൊളിച്ചു ബാലിയെ
കൊന്നതിനാലെ കിട്ടിയ കൊന്നമരമെന്ന ശാപം
കണ്ണൻ ദ്വാപരത്തിൽ തിരുത്തി പുനർജ്ജന്മമായി
സ്വർണ്ണവർണ്ണപ്രഭചൊരിയും കർണ്ണികാരമാക്കി

ഇനിയെത്ര ജന്മങ്ങൾ കിട്ടിയാലന്നും ജനിക്കേണം
കണ്ണനെ കണികണ്ടുണരും കർണ്ണികാരമായി
ഭൂമിയ്ക്കു പൊന്നിന്റെ മേലാപ്പു ചുറ്റി, പുഞ്ചിരിയ്ക്കും
ചേലൊത്ത കിങ്ങിണിക്കണിക്കൊന്നയായി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക