Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 14 - സാംസി കൊടുമണ്‍) 

Published on 13 April, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 14 - സാംസി കൊടുമണ്‍) 

മോചനത്തിന്റെ വഴിയും,വിധിയും 2 (ആദ്യ കറുത്ത കവയത്രി)


ആയിരത്തി എഴുനൂറ്റി എഴുപത്തിമൂന്നില്‍, (1773) ആദ്യത്തെ കറുത്ത കവയത്രിയെ ലോകം അറിയുകയും അംഗീകരിക്കുകയും ചെയ്തു. ആദ്യത്തെ അടിമകളുടെ കവയത്രി എന്നതു മാത്രമല്ല, അവര്‍ക്കു മുമ്പ് ഒന്നോ രണ്ടോ സ്ത്രി എഴുത്തുകാര്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള പുസ്തകം പ്രസിദ്ധികരിച്ചിട്ടുള്ളു. ഫില്ലീസ് വീറ്റിലി പീറ്റേഴ്‌സിന്റെ ( ജവശഹഹശ െണവലമഹേല്യ ുലലേൃ)െ പേരില്‍ ഒരടിമക്ക് എന്നും അഭിമാനിക്കാം. അപ്പോഴും ആരുടെയൊക്കയോ കരുതലിനെ നമുക്കു മറക്കാന്‍ കഴിയുമോ..?. ഫില്ലീസ് വീറ്റിലിയെ ഏഴോ എട്ടോ വയസുള്ളപ്പോള്‍ ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ എവിടെ നിന്നോ ബോസ്റ്റണിലെ വീറ്റിലി കുടുംബം വാങ്ങിയ അടിമക്കുട്ടിയായിരുന്നു. സാധരണ ആ പ്രായത്തിലുള്ള ഒരടിമപ്പെണ്ണ് യജമാനന്റെ വിഴുപ്പു ചുമക്കാന്‍ വിധിക്കപ്പെട്ടവളാണ്. ഫില്ലി എങ്ങനെയോ വെത്യസ്തയായി. കാണുന്നതും കേള്‍ക്കുതും ഒക്കെ പെട്ടന്ന് ഹൃദിസ്ഥമാക്കുന്ന അവളുടെ കഴിവിനെ യജമാനന്‍ തിരിച്ചറിഞ്ഞു. അവളുടെ കൗതുക കണ്ണുകളിലേക്കു നോക്കിയ വീറ്റിലിക്ക് അവളില്‍ ഒരു പുതു ലോകം പിറക്കുന്നതു കാണാമായിരുന്നു. തന്റെ കുട്ടികള്‍ക്കൊപ്പം അവളേയും എഴുത്തും വായനയും പഠിപ്പിച്ചു. തന്റെ വീട്ടില്‍ വരുന്ന വിരുന്നുകാരെയൊക്കെ എഴുത്തും വായനയും അറിയാവുന്ന അടിമക്കുട്ടിയെ അഭിമാനത്തോട് പ്രദര്‍ശിപ്പിച്ചു.

അവള്‍ രാത്രിയുടെ മറവില്‍ എഴുതി. അതൊക്കെ കറുത്തവന്റെ ആത്മനൊമ്പരങ്ങളായിരുന്നു. നല്ലപുസ്തകത്തിലെ വചനങ്ങള്‍ അവളില്‍ അടയിരുന്നു പെറ്റുപെരുകി. വീറ്റിലി കുടുബം അവളില്‍ അഭിമാനം കൊണ്ടു. അതാണു ഞാന്‍ പറഞ്ഞത് കരുണയുള്ള ഹൃദയങ്ങള്‍ എവിടെയും ഉണ്ട് എന്ന്. വേണമെങ്കില്‍ അയാള്‍ക്ക് അവളെ പുറം ലോകം കാണിക്കാതെ ഇരുളിന്റെ തടവറയില്‍ പാര്‍പ്പിക്കാമായിരുന്നു.അങ്ങനെ അറിയപ്പെടതെ പോയ അനേകം പ്രതിഭകള്‍ മണ്ണടിഞ്ഞിട്ടുണ്ടാകും. അവളുടെ രാവുകളുടെ ഫലത്തെ അയാളുടെ പേരില്‍ പ്രസിദ്ധികരിച്ച് കേമനാകാമായിരുന്നു. ഞാന്‍ എല്ലാ അടിമകള്‍ക്കും വേണ്ടി വീറ്റിലിയോടു നന്ദിയുള്ളവനെന്നു പറയാന്‍ കൊതിക്കുന്നു.

എതൊരു വിപ്ലവത്തിനും ആദ്യം വചനം ഉണ്ടാകണം. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിനു മുമ്പും വചനം വെള്ളത്തിന്മേല്‍ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നു പറയുന്നു. ചിലപ്പോള്‍ ഫില്ലിയുടെ വചനങ്ങളും, അടിമയുടെ ഉയര്‍പ്പിനെ സഹായിച്ചിട്ടുണ്ടാകും. അവരുടെ എഴുത്തുകളത്രയും, ജീവിതത്തിന്റെ ഉന്നതമൂല്ല്യങ്ങളേപ്പറ്റിയും, ക്രിസ്റ്റ്യാനിറ്റിയേപ്പറ്റിയും ആയിരുന്നു. അവര്‍ എഴുതി; 'റിമംബര്‍ ക്രിസ്റ്റന്‍സ്, നീഗ്രൊസ്സ്, ബ്ലാക്ക് ആസ് കെയിന്‍,/ മേ ബി റീഫെന്റ് അന്റ് ജോയിന്‍ ദ ആജ്ഞലിക് ട്രെയിന്‍. (“ഞലാലായലൃ, ഇവൃശേെശമി,െ ചലഴൃീലെ,െ യഹമരസ മ െഇമശി,/ ങമ്യ യല ൃലളശി’റ മിറ ഷീശി വേ’ മിഴലഹശര ൃേമശി”) അവര്‍ അടിമത്വത്തിനെതിരായി ഒത്തിരി എഴിതിയിട്ടുണ്ട്.. ജോര്‍ജ്ജ് വാഷീംഗ്ടനില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.അദ്ദേഹം വാര്‍ കമാന്‍ഡറായിരിക്കുമ്പോള്‍ അവര്‍ തമ്മില്‍ കണ്ടുട്ടുള്ളതായി പറയുന്നു.

നീഗ്രോകള്‍ സ്വയം വിമോചിതരാകന്‍ നടത്തിയ അനേകം രക്തരൂക്ഷിത സമരങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്. നൂയോര്‍ക്കില്‍ മാത്രമല്ല ചെറുതും വലുതുമായ ഒത്തിരിയേറെ കലാപങ്ങളും, പകരം കൂട്ടക്കൊലകളും ഏറെ നടന്നു. ഇതൊക്കെ അബോളിഷ്മൂവ്‌മെന്റിന് ആക്കം കൂട്ടി. ആയിരത്തി എഴുനൂറ്റി മുപ്പത്തൊമ്പതില്‍ 1739) സ്റ്റോനോ കലാപം സൗത്ത് കരോലീനയില്‍ ഒരു കൂട്ടം നീഗോകള്‍ കടകളില്‍ കയറാന്‍ അവകാശമില്ലാത്തതിന്റെ പേരില്‍ കടയുടമകളെ വെടിവെച്ചു കൊന്ന സംഭവമാണ്. രണ്ടു കടയുടമകള്‍ മരിച്ചു എന്നു പറയുന്നു. പകരം ഇരുപതോളം നീഗ്രോകള്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വന്നു. കൂട്ടത്തില്‍ അവരേയും നമുക്ക് ഓര്‍ക്കാം. നീഗ്രോകള്‍ ചെയ്ത കൊലപാതങ്ങളെ ഞാന്‍ ന്യായികരിക്കയില്ല. പക്ഷേ അവര്‍ക്ക് മറ്റുവഴികള്‍ ഇല്ലായിരുന്നു. അവര്‍ അത്രമാത്രം അനുഭവിച്ചിരുന്നു. ഞാന്‍ കേട്ടറിവുകളുടെ കഥയാണു പറയുന്നത്. എഴുത്തും വായനയും അറിയാത്തവന്റെ പറച്ചിലിലെ ആധീകാരികത ഉറപ്പുവരുത്തന്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് ചരിത്രം പരിശോധിക്കാം.

ആയിരത്തി എണ്ണൂറ്റി മുപ്പത്തി ഒന്നില്‍ (1831) വെര്‍ജീനിയയിലെ സൗത്ത്ഹാമ്പ്ടന്‍ കൗണ്ടിയില്‍ നടന്ന സായുധ കലാപത്തെക്കുറിച്ച് കുറച്ചൊക്കെ കേട്ടറിവുകള്‍ ഉണ്ട്. നാറ്റ് ടെര്‍ണര്‍ എന്ന നീഗ്രോയുടെ നേതൃത്തിലെ ആ കലാപത്തില്‍ തീരെക്കുറഞ്ഞത് നൂറ്ററുപത് നീഗ്രോകളെയെങ്കിലും, മിലേഷകളും, ആള്‍ക്കൂട്ടവും ചേര്‍ന്നു കൊന്നിട്ടുണ്ടാകും. അമ്പതറുപത് വെളുത്തവര്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വന്നതിന്റെ പക തീര്‍ക്കാന്‍ പിറ്റേദിവസം വെളുത്ത ജനക്കൂട്ടം കണ്ണില്‍ കണ്ട കറുത്തുവരെ ഒക്കെ വെടിവെച്ചും, വീടുകള്‍ തീയ്യിട്ടും നശിപ്പിച്ചു. രണ്ടുമാസത്തോളം ഒളിവിലായിരുന്ന നാറ്റ് ടെര്‍ണറിനെ അവര്‍ തൂക്കിക്കൊന്നു. ഒപ്പം അമ്പതോളം കറുത്തവരേയും. അതില്‍ ഏറിയപങ്കും കലാപങ്ങളില്‍ പങ്കെടുക്കാത്തവരയിരുന്നു.

ആയിരത്തി എണ്ണൂറ്റി മുപ്പത്തിമൂന്നില്‍ (1833) ബ്രിട്ടന്‍ സ്ലേവറി നിരോധിച്ചതിനു ശേഷം ഇവിടെയും ആന്റി സ്ലേവറി സൊസയിറ്റി രൂപീകരിച്ചു. അതിന്റെ നേതാവ് വില്ല്യം ലോയിഡ് ഗാരിസന്‍ ആയിരുന്നു.അദ്ദേഹം നടത്തിയിരുന്ന പത്രത്തിന്റെ പേരു തന്നെ 'ദ ലിബറേറ്റര്‍' എന്നായിരുന്നു.അടിമത്തം എന്ന അനീതിക്കെതിരെ അതില്‍ അദ്ദേഹം ഏറെ എഴുതി അതിനാല്‍ ഏറെ ശത്രുക്കള്‍ ഉണ്ടായിരുന്നു. ആ പത്രം ഏതാണ്ട് ആയിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്നുമുതല്‍ ആയിരത്തി എണ്ണുറ്റി അറുപത്തഞ്ചുവരെ (1831 /1865) നിലവില്‍ ഉണ്ടായിരുന്നു എന്നു പറയുന്നു. നോക്കണം അവരൊക്കെ വെളുത്തവര്‍ ആയിരുന്നിട്ടും അവരുടെ മനസാക്ഷി അവരെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു. അതാ നല്ല പുസ്തകത്തിലെ വചനങ്ങളുടെ ബലമായിരുന്നു. അന്നൊക്കെ വചനത്തെ സ്‌നേഹിച്ചവര്‍ ക്രിസ്തുവിനെ അറിഞ്ഞിരുന്നു. ഇന്ന് വചനം വെറും വാക്കുകളായി മാറി. അതൊക്കെ കാലത്തിന്റെ മാറ്റം ആയിരിക്കാം.

ഇപ്പോള്‍ ഒരു കാര്യം ഓര്‍മ്മ വരുന്നു. ‘അങ്കിള്‍ ടോംസ് ക്യാബിനെ'ക്കുറിച്ചു ഞാന്‍ മുമ്പ് പറഞ്ഞില്ല എന്നു കരുതുന്നു. ആയിരത്തി എണ്ണൂറ്റി അമ്പത്തിരണ്ടില്‍ (1852) ഹാരിയറ്റ് ബീച്ചര്‍സ്റ്റൊ എന്ന ഒരു വെളുത്ത സ്ത്രി എഴുതിയ അടിമകളുടെ ചരിതമാണത്. ചരിതം എന്നു പറയുമ്പോള്‍ ചരിത്രമല്ല. ഒരടിമയായിരുന്നവന്റെ ജീവിത കഥ. യജമാനനോടുള്ള അവന്റെ കൂറിന്റേയും, സത്യസന്ധതയുടേയും കഥ. അതുവായിച്ചവരുടെ ഒക്കെ ഉള്ളില്‍ അടിമയെ അവര്‍ സ്‌നേഹിക്കാന്‍ തുടങ്ങി. ആ നോവല്‍ വിമോചനപ്രസ്ഥാനത്തിനൊരു മുതല്‍ക്കൂട്ടായിരുന്നു. ആ പുസ്തകത്തിന്റെ സ്വാധീനം അമേരിക്കയെ രണ്ടു തട്ടുകളിലാക്കി. അടിമത്വം നിലനിര്‍ത്തണമെന്നു വാദിക്കുന്നവരും, വിമോചനം ആവശ്യപ്പെടുന്നവരും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു അത് ആഭ്യന്തരകലാപമായി വളര്‍ന്നു എന്നു പറയുമ്പോള്‍ കുറെ നേരുകള്‍ അതില്‍ ഉണ്ട്. (ഇതിലെ അങ്കിള്‍ ടോം ഞാനല്ല. ലെമാര്‍ എന്നെ അങ്ങനെ വിളിക്കുന്നു എന്നേ ഉള്ള. ഞങ്ങള്‍ തമ്മില്‍ എത്തെങ്കിലും ബന്ധമുണ്ടോ..? എനിക്കറിയില്ല.) .

അമേരിക്കയെ ആഭ്യന്തര കലാപത്തിലേക്കു നയിച്ച കാരണങ്ങളില്‍ പ്രധാനം അടിമകളുടെ വിമോചനം ആയിരുന്നു. അനുകുലിക്കുന്നവരും എതിര്‍ക്കുന്നവരും രണ്ടു ചേരിയായി. നോര്‍ത്തും സൗത്തും എന്നു രണ്ടായി തിരിഞ്ഞു. നോര്‍ത്ത് അടിമകളുടെ മോചനത്തിനായി വാദിച്ചപ്പോള്‍ സൗത്ത് അവരെ കുറെക്കൂടി ബലമായി ചങ്ങലയില്‍ മുറുക്കി. ആയിരത്തി എണ്ണൂറ്റി അറുപത്തൊന്നില്‍ സിവില്‍ വാറിന്റെ (1861) തുടക്കമായി. അതിലേക്ക് നയിക്കുന്ന തരത്തില്‍ സാഹചര്യങ്ങള്‍ ഒരുങ്ങിക്കൊണ്ടിരുന്നു. ന്യുയോര്‍ക്കില്‍ ആദ്യമായി അടിമക്കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ തുറന്നു. അത് ‘മാനുമിഷ്യന്‍’ സൊസയിറ്റിക്കാരുടെ വകയായിരുന്നു. ആയിരത്തി എഴുനൂറ്റി എണ്‍പത്തി ഏഴില്‍ (1787) ആണും പെണ്ണുമായി നാല്പതു കുട്ടികള്‍, ഒറ്റമുറിയില്‍ എഴുത്തും, വായനയും, കണക്കും പഠിച്ചു. അതൊരു വലിയ വിപ്ലവമായിരുന്നു. ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാലില്‍ (1834) അതു ന്യൂയോര്‍ക്ക് പബ്ലിക്ക് സ്‌കൂളില്‍ ലയിച്ചു. അപ്പോഴേക്കും ന്യൂയോര്‍ക്കും അതുപോലെ അടിമത്വം നിരോധിച്ച സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു. അതില്‍ എത്ര അടിമക്കുട്ടികള്‍ പഠിച്ചു എന്നറിയില്ല. എന്നാലും ചിലരെല്ലാം പഠിച്ചു എന്നു തന്നെ ഞാന്‍ കരുതുന്നു. നോര്‍ത്ത് കുറെ ഏറെ പുരോഗമിച്ചപ്പോള്‍ സൗത്തിലെ യാഥാസ്ഥിതികര്‍ ഏറെ അസ്വസ്തരായി. ഒപ്പം ഏറിവരുന്ന ഒളിപ്പോരുകളും കലാപങ്ങളും അവരുടെ ഉറക്കം കെടുത്തി.

കലാപകാരികളായ അടിമകള്‍ സ്വയം മോചിതരാകാന്‍ പഴുതുകള്‍ തേടിക്കൊണ്ടേയിരുന്നു. പലേ തോട്ടങ്ങളിലും ചെറിയ പോരാട്ടക്കൂട്ടങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങിയിരുന്നത് മുതലാളിമാര്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. അങ്ങനെയുള്ള വിമതരെ ആരും അറിയാതെ വകവരുത്തുകയോ, ചന്തയില്‍ കുറഞ്ഞവിലക്ക് വില്‍ക്കുകയോ പതിവായി. എന്നിട്ടും അടങ്ങാത്ത കലാപങ്ങളെ ഒതുക്കാന്‍ പുതിയ ഒരു തന്ത്രം ആരുടെയോ തലയില്‍ ഉദിച്ചു. ഒരോ അടിമയ്ക്കും സ്വയം മോചനത്തിനുള്ള അവസരം. ഒരടിമയുടെ വില മുന്നൂറു ഡോളെറെങ്കില്‍ അതു കൊടുത്ത് സ്വയം മോചിതനാകാം.അതല്ലെങ്കില്‍ പകരംഇരുപതു വര്‍ഷം ജോലിചെയ്ത് ഉടമയില്‍ നിന്ന് മോചനപത്രം നേടാം. ഇരുപതു വര്‍ഷം ഒരടിമജീവിതത്തില്‍ വളരെ നിര്‍ണായകമാണ്. മുപ്പതു നാല്പതു വയസാകുമ്പോഴേക്കും ഒരടിമ അവന്റെ ജീവിതത്തില്‍ നിന്നും സ്വയം മോചിതനായിട്ടുണ്ടാകും. ചിലരെല്ലാം അങ്ങനെയുള്ള മോചനകാലം വരെ ജീവിച്ച് മോചിതരായവരുണ്ട്.

ആശാരിപ്പണി, കൊല്ലപ്പണി ഒക്കെ ചെയ്തിരുന്നവരെ ‘സ്‌കില്‍ഡ് ലേബേര്‍സ്’ എന്നാണു വിളിച്ചിരുന്നത്. അവര്‍ക്ക് വില അല്പം കൂടുതലായിരുന്നു. മാത്രമല്ല പലതോട്ടം ഉടമകളും അവരെ പ്രത്യേകം പരിഗണിച്ചിരുന്നു.അവരില്‍ നിന്നും കൂടുതല്‍ അദ്ധ്യാനം മുതലാക്കാനായി ചില്ലറ ആനൂകൂല്യങ്ങള്‍ അനുവദിച്ചു. ദിവസം അഞ്ചു സെന്റും, അല്ലെങ്കില്‍ ആഴ്ചയില്‍ പത്തു സെന്റുമൊക്കെ കൂലിയായി കൊടുക്കാന്‍ തുടങ്ങി. വേലക്കാരന്‍ കൂലിക്കര്‍ഹനാണന്ന ആനല്ല പുസ്തകത്തിലെ വചനങ്ങള്‍ കേട്ട തൊഴിലാളികള്‍ക്കിടയില്‍ ജോലിക്ക് കൂലി എന്ന ഒരു ചിന്ത വളരാന്‍ അബോളിഷ്ണിസ്റ്റുകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങളും സഹായിച്ചു. പക്ഷേ സാധാരണ ജോലിക്കാര്‍ അപ്പോഴും പരിധിക്കു പുറത്തായിരുന്നു. ഇങ്ങനെകിട്ടിയ ചില്ലറ നാണയങ്ങള്‍ കൂട്ടിവെച്ച് സ്വയം സ്വാതന്ത്ര്യം വിലയ്ക്കു വാങ്ങാന്‍ തുടങ്ങിയവര്‍ അബോളിഷ്ണിസ്റ്റുകള്‍ക്കിടയില്‍ വലിയ ആവേശം പകര്‍ന്നു. അവര്‍ ചിലര്‍ക്കൊക്കെ മോചനദ്രവ്യം കൊടുത്ത്, സ്വയം തൊഴില്‍ ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുകയും, ഭാവിയിലെ ഒളിച്ചോട്ടക്കാരുടെ സഹായികളും, ഒളിയിടങ്ങളുമായി.

മറ്റൊരു കൂട്ടര്‍ യജാമനന്റെ വിസ്വസ്ഥരായി, വില്‍പ്പത്രപ്രകാരം സ്വതന്ത്രരായി. പിന്നെ ഒളിച്ചോടിയവരില്‍ പിടിക്കപ്പെടാത്തവര്‍. ഇവരൊക്കെ വിമോചനക്കാരുടെ ഇടയിലെ കണ്ണികളായിരുന്നു. ആയിരത്തി അറുനൂറ്റിപത്തൊമ്പതുമുതല്‍ ആയിരത്തി എണ്ണൂറ്റി അറുപതുവരെയുള്ള (1619 മുതല്‍ 1860) ഇരുനൂറ്റി നാല്പതില്പരം വര്‍ഷങ്ങളില്‍ അടിമകളുടെയും ഉടമകളുടെയും എത്രയോ തലമുറകള്‍ ജനിച്ചു മരിച്ചു. ഒരോ ജനനമരണങ്ങളും മാറ്റങ്ങളായിരുന്നു. അടിമവംശം പസ്പരം തിരിച്ചറിയാന്‍ വയ്യാതെവണ്ണം അമേരിക്കയിലെ പലതോട്ട ഉടമകളുടെ വസ്തുവായി. ചിലരൊക്കെ ഫ്രീസ്റ്റേറ്റുകളിലിലേക്കും, കാനഡയിലേക്കും ഒളിച്ചോടി. അവര്‍ ഏതു നിമിഷവും പിടിക്കപ്പെടുകയും, വീണ്ടും അടിമത്വത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുമുള്ള നിയമങ്ങള്‍ ഒരോ സ്റ്റേറ്റുകളും ഉണ്ടാക്കി. മുതലാളിമാര്‍ നാനാത്വത്തില്‍ ഒന്നായിരുന്നു. അടിമ അവരുടെ വരുമാന സ്രോതസായിരുന്നു.

അടിമയും ഉടമയും തമ്മില്‍ എന്നും നല്ല ബന്ധങ്ങള്‍ ആയിരുന്നില്ല. ആദ്യകാല അടിമയുടെ നിസഹായതയും, അടിമ മനോഭാവവും തലമുറകളുടെ അറിവിലൂടെ, മാറിക്കൊണ്ടിരുന്നു. ഒരോ തലമുറയും പുതിയ വിത്തുകളില്‍ നിന്നും മുളപൊട്ടിയവരായിരുന്നു. അടിമക്ക് കുടുംബവും കുടുംബബന്ധങ്ങളും അനുവദിച്ചിരുന്നില്ല. എന്തിന്ന് ഒരടിമക്ക് മനുഷ്യന്‍ എന്ന പരിഗണനപോലും ഇല്ലാതിരുന്ന കാലത്തില്‍ നിന്നും, അവന്‍ അഞ്ചിലൊന്നു മനുഷ്യന്‍ എന്ന നിലയിലേക്ക് പരിഗണിക്കപ്പെടാന്‍ ഒത്തിരിയേറെ ധീരപോരാളികളുടെ ജീവന്‍ ബലിയായി. അവരെയെല്ലാം ഓര്‍ത്തിരിക്കാനോ, അവരെയെല്ലാം ചരിത്രത്തില്‍ അടയാളപ്പെടുത്താനോ ആര്‍ക്കും കഴിയില്ലല്ലോ. ഒരോ യുദ്ധത്തിലും മുന്നണിപ്പോരാളികളെ എല്ലാവരും മറക്കും. നേട്ടങ്ങളൊക്കയും യുദ്ധം നയിച്ചവരുടേതു മാത്രമാകും. അതാണു നടപ്പ്.

അങ്കിള്‍ ടോം അങ്ങനെ പറഞ്ഞ് അല്പനേരം മൗനിയായി. എന്തൊക്കയോ ചിന്തകളും ഓര്‍മ്മകളും ആ മനസിലൂടെ കടന്നു പോകുന്നു. ലെമാറിന്റെ അമ്മയെ ആദ്യമായി കണ്ടോര്‍മ്മകളില്‍ ഒരു നെടുവീര്‍പ്പുണര്‍ന്നു. ഒരടിമയുടെ പ്രായം ഒറ്റനോട്ടത്തില്‍ പെട്ടന്നു പറയാന്‍ പറ്റില്ല.ഗ്ലോറിയക്കന്ന് എട്ടോ ഒമ്പതോ വയസു കാണുമായിരിക്കും. അവളുടെ കണ്ണുകളിലെ നിസംഗതയാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അവള്‍ ഈ ലോകത്തല്ല എന്ന ഒരു ഭാവം. യജമാനന്റെ വീട്ടിലെ കുതിരച്ചാണകം കോരി തൊഴുത്തുവൃത്തിയാക്കുന്ന ഒരടിമച്ചെറുക്കനന്ന് പത്തോളം പ്രായം. ഗ്ലോറിയെ പരത്തിത്തോട്ടത്തിലെ ക്യാബിനില്‍ എവിടെയോ പരസ്പരം കാണാത്തവരായി ഇത്രനാളും ഉണ്ടായിരുന്നു. അവളുടെ അമ്മയുടെ കൂടെ പരത്തിച്ചെടികളുടെ ഇടയിലെ കാടു പറിക്കാന്‍ അഞ്ചുവയസായ അവളുടെ കൈകള്‍ തത്രപ്പെടുന്നതു കണ്ണില്‍പ്പെട്ട കങ്കാണി അന്നേ അവളെ നോട്ടമിട്ടിട്ടുണ്ടാകും. ഇന്നത്തെ പദാവലി ഉപയോഗിച്ചാല്‍ ശിശുപീഡകരുടെ നടുവില്‍ അവള്‍ ഒത്തിരി ബലാല്‍ക്കാരങ്ങള്‍ക്കിരയായിട്ടുണ്ട്. കുതിരപ്പുറത്തെ കങ്കാണി കോഴിക്കുഞ്ഞിനെ പരുന്തു കൊത്തിപ്പറക്കുന്നപോലെ ഒറ്റക്കയ്യില്‍ അവളെ തൂക്കി അടുത്തുള്ള മരങ്ങളുടെ മറവില്‍ മറഞ്ഞു. തന്റെ കുഞ്ഞിനെ കൊത്തിപ്പറക്കുന്ന കഴുകനു നേരെ ഒന്നലറിക്കരിയാന്‍ പോലും അവകാശമില്ലാത്ത അമ്മയുടെ ഉള്ളില്‍ രക്തം തളം കെട്ടി. അവള്‍ എന്നെങ്കിലും പകരം വീട്ടുമെന്നുറച്ചു.

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കകം ഗ്ലോറിയ മുതലാളിയുടെ അടുക്കളയിലെ പരിചാരികയായി. പിന്നെ പീഡനമൊക്കേയും മുതലാളിയുടെ വകയായി. ഒമ്പതാം വയസില്‍ അവള്‍ ഗര്‍ഭിണിയായി. അതെന്താണന്നറിയാതെ അവള്‍ മിഴിച്ചു നോക്കിയതെയുള്ളു. അവളേക്കാള്‍ ഒരുവയസുനു മാത്രം ഇളപ്പമുള്ള മുതലാളിയുടെ മകളുടെ സൂക്ഷിപ്പുകാരിയും, പരിചാരികയും ആയിരുന്നു അവള്‍. ഒരു ദിവസം ഭക്ഷണത്തിനിടയില്‍ സൂക്ഷിപ്പു മുതലിന്റെ പുത്തന്‍ ഉടുപ്പില്‍ വീണ കോണ്‍ബ്രഡിന്റെ പൊടി ഒരു വലിയ കുറ്റമായി ശിക്ഷിക്കപ്പെട്ടതിന്റെ തേങ്ങല്‍ അടക്കാന്‍ കുതിരാലയത്തിനു പുറകില്‍ ഒളിച്ചിരിക്കുമ്പോഴാണ് താന്‍ ഗ്ലോറിയായെ കാണുന്നത്.പിന്നെ അവള്‍ തുടരെ തുടരെ രണ്ടു പെണ്‍കുട്ടികളെ പ്രസവിച്ചെങ്കിലും, അവരെ മുതലാളി സ്ലേവുകച്ചവടക്കാര്‍ക്കു വിറ്റതായി അവളുടെ മങ്ങിയ ഓര്‍മ്മകളില്‍ ഉണ്ട്. അവളുടെ മൂന്നാമത്തെ സന്തതിയുടെ പിതൃത്വം മുതലാളിയുടെ മൂത്തമകനിലാണന്നവള്‍ ഊഹിക്കുന്നു. അപ്പോഴും അവളുടെ അറിവുകള്‍ ഉറച്ചിരുന്നില്ല.

അപ്പോഴേക്കും അവള്‍ക്കൊരു പതിമൂന്നുവയസെങ്കിലും ആയിട്ടുണ്ടാക്കും. ഈ പ്രായം ഞാന്‍ പറയുന്നത്, ഒരു കാലത്തെ ജീവിതവും കാഴ്ച്ചപ്പാടും എന്തായിരുന്നു എന്നു കാണിക്കാനാണെന്ന കാര്യം മറക്കരുത്. അപ്പന്റെ ഭോഗവസ്തുവില്‍ മകനും പങ്കാളിയെന്നറിഞ്ഞ അപ്പന്‍, ഗ്ലോറിയയെ അവളുടെ പഴയലാവണത്തിലേക്കു തിരിച്ചയച്ചു. അപ്പോള്‍ മുതലാണ് ഞാന്‍ ഗ്ലോറിയെ തിരിച്ചറിയാന്‍ തുടങ്ങിയത്.


https://emalayalee.com/writer/119

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക