Image

കൃഷ്ണാ ; തണലായും നിഴലായും ( കവിത: പി.സീമ )

Published on 13 April, 2024
കൃഷ്ണാ ; തണലായും നിഴലായും ( കവിത: പി.സീമ )

വിഷുപ്പക്ഷിയില്ലാതെ കണിക്കൊന്നയെ 
മുകരാൻ 
കാറ്റ് വന്നത് 
നടുപ്പുഴയും 
കൊടുംകാടും 
കടലും 
കടന്നാണ്.

കാറ്റിനൊപ്പം 
വെയിൽ ചൂട്ട് കെട്ടി 
നെഞ്ചിലെ അടുപ്പിൽ 
തീ കൊളുത്തി 
എല്ലാം ചുട്ടെരിച്ചെങ്കിലും
നീയാകുന്ന 
സ്മൃതി മാത്രം എന്നിലെ 
കരിയാത്തൊരു 
നിലാച്ചില്ലയിൽ 
തളിരായും 
പൂവായും 
കായായും 
കൊഴിയാതിങ്ങനെ.

നിന്റെ പ്രണയം മാത്രം 
ഒരു സൂര്യനും 
ഉരുക്കാത്ത 
നീഹാരത്തിന്റെ 
മധുരശൈത്യമായ് 
അടരാതിങ്ങനെ.

നിന്നിലൂടെ 
മാത്രം 
എന്നിലെ 
ഋതുക്കൾ 
പെയ്തുതോർന്നും 
പൂത്തുകൊഴിഞ്ഞും 
തണലായും നിഴലായുമങ്ങിനെ.

കൃഷ്ണാ 
നീ ഇല്ലെങ്കിൽ ഞാൻ 
ഇല്ലാതാകുമെങ്കിലും 
നിന്റെ നീലക്കടമ്പുകൾ 
ഇനിയും  പലവട്ടം 
പൂത്തു തളിർക്കും.
ഗോപികമാർ 
നിനക്ക് ചുറ്റും കേളികളാടും.
അപ്പോഴും അലിവിന്റെ 
ഒരു കടമ്പിൻ പൂവ് മാത്രം 
നീ എനിക്കായ് 
കൊഴിയാതെ 
കാത്തു വെയ്ക്കുക.
അത് മാത്രം മതിയിനിയെനിക്കീ 
ജന്മത്തിന്റെ പാതിയിൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക