Image

വിഷുപ്പക്ഷിയോട് (കവിത: വേണുനമ്പ്യാർ)

Published on 13 April, 2024
വിഷുപ്പക്ഷിയോട് (കവിത: വേണുനമ്പ്യാർ)

വിഷുവടുക്കാറായി, നീയെന്തേ
യിന്നു കൂകാത്തെ വിഷുപ്പക്ഷീ;
പുടവയെന്തേ പുതു വാങ്ങാത്തെ?
കൺതുറന്നൊന്നു കാണാത്തതെന്തേ
നീ കണിക്കൊന്നയെ! 

പ്രതിദ്ധ്വനിപ്പൂ കാവിലെ പറമ്പിൽ 
മരംവെട്ടുയന്ത്രപ്പിശാചു തൻ
കിടുക്കും പല്ലിറുമ്മൽ.

മുഴങ്ങുന്നതാ മരണമണിനാദഘോഷം 
ബൈപ്പാസിലസ്ത്ര വേഗത്തിലിരച്ചു പാഞ്ഞിടു,മാംബുലൻസിന്റെ.

വിഷമീൻ വിറ്റഴിക്കാൻ വെമ്പിടും
ചെറുവാനിന്റെ ഹോറൺ തെരുതെരെ;
ഇടറോഡിന്റെ വക്കിലെ ഏളക്കുരുവികൾക്കു പോലുമത്
സഹനപരിധിക്കുമപ്പുറം.

ആക്രിയുടെ മുച്ചക്രശകടത്തിൻ
മുക്കറക്കു മേൽ മുഴങ്ങീടുന്നു 
തുരുമ്പിച്ച പരസ്യശ്രുതി ഘോരഘോഷമിങ്ങനെ:

"കൊടുക്കാന്ണ്ടാ പഴയ 
മിക്സി മോട്ടോർ പങ്ക പത്രം 
ചെമ്പലുമിനിയപ്പിച്ചളപ്പാത്രങ്ങൾ;
പഴയതെല്ലാമെടുക്കും,
തരൂ, നല്ല വെല തരാം,ന്യായത്രാസിതാ റെഡി!"

( ഇവിടെയുണ്ട് പരാജിതനാമൊരു
കവി ത്രാസിൽ തൂങ്ങുവാൻ! വിറ്റാൽ കിട്ടണം വില ചിതലരിക്കാറായ കവിത പുസ്തകത്തിന്റെയെങ്കിലും!)

വിലപിക്കുന്നു അത്യുച്ചസ്ഥായി ദുഃഖത്തിൽ വിധവയാം അയൽക്കാരിയുടെ പഴയ മിക്സിയും
മോട്ടോറും; തൂക്കി വിൽക്കില്ല യവയൊന്നുമെത്ര കിട്ടിയാലും, വില
മതിക്കാനാവാത്തതാമൊരുപിടി ഓർമ്മകളല്ലോയതവർക്ക്!

ഉച്ചഭാഷിണികൾ ഉച്ചെെസ്തരം
കൊട്ടിഘോഷിക്കുന്നുണ്ട് കീർത്തനങ്ങൾ
സമയാസമയം വാങ്കുകൾ; എത്ര ഡെസിബലിലാണവയെന്നു വലിയ
തിട്ടമില്ല സർവ്വജ്ഞനായ കർത്താവിനും!

( ചോദിപ്പാൻ മുട്ടുന്നു പണ്ടത്തെ
കബീർദാസിനെപ്പോൽ, മക്കളെ,ഭൂമിയിൽ നല്ല ചെകിടരൊ നിങ്ങൾ തൻ ഈശ്വരൻമാർ?)

വിഷുവടുക്കാറായി, നീയെന്തേ
യിന്നു കൂകാത്തെ വിഷുപ്പക്ഷീ;
പുടവയെന്തേ പുതു വാങ്ങാത്തെ?
കൺതുറന്നൊന്നു കാണാത്തതെന്തേ 
നീ കണിക്കൊന്നയെ! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക