Image

അബ്ദുള്‍ റഹീമിന്റെ ജയില്‍ മോചനത്തിന് ഇനി മൂന്നാഴ്ച

Published on 13 April, 2024
അബ്ദുള്‍ റഹീമിന്റെ ജയില്‍ മോചനത്തിന് ഇനി മൂന്നാഴ്ച

കോഴിക്കോട്: വെള്ളിയാഴ്ച്ച  വൈകിട്ടോടെ 34 കോടി രൂപ ദയാധനം സമാഹരിച്ചതോടെ റിയാദിലെ ജയിലിലുള്ള അബ്ദുള്‍ റഹീമിനെ നാട്ടിലെത്തിക്കാനായുള്ള നിയമസഹായ സമിതി ഊർജ്ജിത ശ്രമം തുടങ്ങി.

സമാഹരിച്ച പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിട്ടുണ്ട്. നിയമസഹായ സമിതി ഇന്ന് രാവിലെ യോഗം ചേർന്ന് തുടർ നടപടികള്‍ വേഗത്തിലാക്കും.

മൂന്നാഴ്ച നീണ്ട ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 34 കോടി രൂപ സൗദിയിലെ കുടുംബത്തിന് ഉടൻ കൈമാറാനാണ് നീക്കം. പ്രതീക്ഷിച്ചതിലും നാല് ദിവസം നേരത്തെ ലക്ഷ്യം കണ്ടതോടെ അബ്ദുള്‍ റഹീമിനെ നാട്ടില്‍ എത്തിക്കാനുള്ള തുടർ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. പണം സമാഹരിച്ച വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചത് കൂടാതെ സൗദി കോടതിയിലെ നടപടിക്രമങ്ങളും പൂർത്തിയാക്കാനുണ്ട്. രണ്ട് ദിവസം ബാങ്ക് അവധി ആയതിനാല്‍ ഇതിന് ശേഷം മാത്രമെ പണം കൈമാറാനാകൂ.

ഒരാഴ്ചയ്ക്കകം പണം കൈമാറുന്ന പ്രവർത്തനങ്ങള്‍ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ. പിന്നെയും ചുരുങ്ങിയത് രണ്ടാഴ്ച കൂടിയെങ്കിലും വേണ്ടി വരും റഹീമിന്റെ ജയില്‍ മോചനത്തിന്. 34.45 കോടി രൂപ ലഭിച്ചതോടെ നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം സഹായ സമിതി ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക