Image

സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് : കോണ്‍ഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്ന് പറഞ്ഞ് ജയ്‌റാം രമേശ്

Published on 12 April, 2024
  സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് : കോണ്‍ഗ്രസിന്റെ  സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്ന് പറഞ്ഞ് ജയ്‌റാം രമേശ്

ഡല്‍ഹി: കോണ്‍ഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്ന് പറഞ്ഞ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. സ്ഥാനാര്‍ഥികളെ സാമ്പത്തികമായി പിന്തുണക്കാന്‍ സാധിക്കാതെ കോണ്‍ഗ്രസ് ബുദ്ധിമുട്ടുകയാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് പാര്‍ട്ടിയുടെ നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത 300 കോടി രൂപ പ്രധാനമന്ത്രി മോഷ്ടിച്ചുവെന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.

അസമില്‍ ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മനുഷത്വരഹിതമായാണ് പെരുമാറുന്നതെന്നും ജയ്‌റാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് താന്‍ പറയുന്നില്ലെന്നായിരുന്നു ജയ്‌റാം രമേശിന്റെ മറുപടി. ഞങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍, അത്തരം ശ്രമങ്ങള്‍ കൊണ്ടൊന്നും ഞങ്ങള്‍ കീഴടങ്ങില്ലെന്നും ശക്തമായി പോരാടുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.

തങ്ങളെ പേടിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ശരിക്കും ഇപ്പോള്‍ പേടിച്ചിരിക്കുന്നത് ബി.ജെ.പിയാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ്. 10 വര്‍ഷമായി നിലനില്‍ക്കുന്ന അനീതികളില്‍ നിന്നും ജനങ്ങളെ സ്വതന്ത്രമാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ്. ജയ്‌റാം രമേശ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക