Image

എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-2: നീനാ പനയ്ക്കല്‍)

Published on 12 April, 2024
എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-2: നീനാ പനയ്ക്കല്‍)

എന്റെ ജീവിതത്തിന്റെ ആദ്യഘട്ടം

ആയിരത്തി തൊള്ളായിരത്തി ഇരുപത്തിഅഞ്ചില്‍ എന്റെ പപ്പാ ആപ്‌ളര്‍ബെക്കിലെ കാര്‍സ്റ്റാഡ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ ജനറല്‍ മാനേജരായും, എന്റെ മമ്മാ അതേ സ്റ്റോറില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ വാങ്ങുന്ന ബയര്‍  ആയും ജോലി ചെയ്തിരുന്നു. ജര്‍മ്മനിയിലാകെ പടര്‍ന്നു കിടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ ഒന്നായിരുന്നു പപ്പായുടേത്. അക്കാലത്ത് ആപ്‌ളര്‍ ബെക്ക് വെറുമൊരു ചെറിയ പട്ടണമായിരുന്നു.
നിരവധി നിലകളുള്ള ആ സ്റ്റോറിന്റെ ഏറ്റവും മുകളിലുള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്നിലാണ് നവദമ്പതികളായി എന്റെ പപ്പായും മമ്മായും ജീവിതമാരംഭിച്ചത്. നാലു കിടക്കമുറികള്‍, രണ്ടു കുളിമുറികള്‍, സ്വീകരണമുറി, ഊണുമുറി, വായനാമുറി, പാന്‍ട്രികള്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള മുറികള്‍, ടോയ്‌ലറ്റുകള്‍ എല്ലാം കൂടി അപാരലക്ഷ്വറിയായിരുന്നു ആ അപ്പാര്‍ട്ട്‌മെന്റ്. കിടക്കമുറികളില്‍ മനോഹരമായ പരവതാനി വിരിച്ചിരുന്നു. പൂര്‍വ്വദിക്കുകളില്‍ നിന്നുള്ള ചവിട്ടുമെത്തകളും വിലകൂടിയ മനോഹരമായ പെയിന്റിംഗുകളും വലിയ ഓടുകൊണ്ടുള്ള ഫയര്‍ പ്ലെയ്‌സുകളും ചീനഭരണികളും പ്രതിമകളും പൂപ്പാത്രങ്ങളും മഹാഗണിയില്‍ പണിത ഫര്‍ണിച്ചറുകളും അപ്പാര്‍ട്ട്‌മെന്റിന്റെ മനോഹാരിത വര്‍ദ്ധിപ്പിച്ചു.
പപ്പായുടെ വായനാമുറി നിറയെ പുസ്തകങ്ങളായിരുന്നു. ഒത്ത നടുവില്‍ വലിയൊരു മേശയും തൊട്ടടുത്ത് ഒരു ലതര്‍ കസേരയും, ഒരു വശത്തെ ചുവരു മുഴുവന്‍ ബുക്ക് ഷെല്‍ഫുകളും പുസ്തകങ്ങളും ആയിരുന്നു. പപ്പാക്ക് അല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാതിരുന്ന ആ മുറിയില്‍ ഞാന്‍ ഒളിച്ചുകടക്കുകയും പപ്പായുടെ വലിയ കസേരമേല്‍ കയറി പതുങ്ങിയിരിക്കുകയും ചെയ്യുമായിരുന്നു.
ആയിരത്തി തൊള്ളായിരത്തി മുപ്പത് സെപ്തംബര്‍ ഇരുപത്തിമൂന്നുവരെ മാത്രമേ ഈ സുഖസൗകര്യങ്ങളെല്ലാം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ എനിക്ക് സാധിച്ചുള്ളു. അന്നാണ് എന്റെ സഹോദരന്‍ വാള്‍ട്ടര്‍ ജനിച്ചത്. ഒരു പുതിയ ബേബി വീട്ടില്‍ ഉണ്ടായത് എന്നില്‍ സന്തോഷമുളവാക്കിയോ? എനിക്ക് ഓര്‍മ്മയില്ല. എങ്കിലും ഷ്വസ്റ്റര്‍ ബര്‍ണ - കുഞ്ഞിനെ നോക്കാന്‍ വന്ന സ്ത്രീ - അവര്‍ വീട്ടിലെ ഒരംഗമായി മാറിയത് എനിക്ക് സഹിച്ചേ മതിയാവുമായിരുന്നുള്ളു.
എന്റെ പകല്‍ക്കിനാവുകളും സ്വകാര്യതയും അവര്‍മൂലം എനിക്ക് നഷ്ടമായി. ഞങ്ങളുടെ വലിയ അപ്പാര്‍ട്ട്‌മെന്റിന്റെ അകത്ത് അകലെയായി ഒരു ചെറിയ ടോയ്‌ലറ്റ് ഉണ്ടായിരുന്നു. അതിനകത്ത് ഉന്തിനില്‍ക്കുന്ന ഒരു വലിയ പൈപ്പിലൂടെയാണ്, ചൂടു നല്‍കുന്ന സ്റ്റീം പൈപ്പുകള്‍ മറ്റു മുറികളില്‍ എത്തിയിരുന്നത്. ആരും ഉപയോഗിക്കാത്ത ആ ടോയ്‌ലറ്റ് എന്റെ രഹസ്യ സങ്കേതമായി. എനിക്ക് ഒളിച്ചിരിക്കാന്‍ പറ്റിയ ഇടം. ''നീ എവിടെയായിരുന്നു ഉര്‍സ്യുലാ? ഞങ്ങള്‍ എത്രനേരമായി നിന്നെ തെരയുന്നു?'' പലപ്പോഴും ഞാന്‍ കേട്ടിരുന്ന ചോദ്യമായിരുന്നു അത്. എന്റെ രഹസ്യം ആര്‍ക്കും പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, എന്റെ ഒളിയിടം കണ്ടു പിടിക്കപ്പെടുകയും എനിക്ക് ട്രമ്‌ളിച്ചന്‍  എന്ന് പരിഹാസപ്പേര് ഉണ്ടാവുകയും ചെയ്തു. എനിക്കു തോന്നുന്നു, ബര്‍ണാ രഹസ്യമായി എന്നെ പിന്‍തുടര്‍ന്നു കാണുമെന്ന്. കുറച്ചുകാലം കഴിഞ്ഞ് മമ്മാക്ക് അവരെ പിരിച്ചുവിടേണ്ടിവന്നു.
ഞങ്ങളുടെ വീട്ടുജോലിക്കാരിയുടെ പേര് 'ഗ്രെട്ട്' എന്നായിരുന്നു. എപ്പോഴും സന്തോഷമുള്ള മുഖഭാവവുമായി അവര്‍ വീട്ടുജോലികള്‍ മുഴുവന്‍ ചെയ്തുപോന്നു. ഞങ്ങളുടെ ടൗണിനു വെളിയിലുള്ള ഒരു ലോക്കല്‍ സ്ത്രീയായിരുന്നു അവര്‍. പ്രായം ഇരുപതുകളില്‍. അവരെ എനിക്കിഷ്ടമായിരുന്നു. പപ്പായെ അവര്‍ക്ക് വലിയ കാര്യമായിരുന്നു. പാവങ്ങളോട് അലിവുള്ള ഹൃദയമായിരുന്നു പപ്പായുടേത്. കാണുന്നവര്‍ക്കെല്ലാം തന്നെ പറ്റിക്കാന്‍ അവസരമുണ്ടാക്കുകയാണ് പപ്പാ ചെയ്യുന്നതെന്ന് മമ്മാ എപ്പോഴും പരാതിപറയും. മമ്മാ പറയുന്നത് ശരിയാണെന്ന് പിന്നീടുണ്ടായ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. ഒരിക്കല്‍ ഒരു ക്യാന്‍ തുറക്കുന്നതിനിടയില്‍ ഗ്രെട്ടിന്റെ കൈ മുറിഞ്ഞു. അവരത് കാര്യമാക്കിയില്ല. മുറിവ് ഭയങ്കരമായി പഴുത്തു. ചൂടുള്ള സോപ്പുവെള്ളത്തില്‍ മുറിവ് കഴുകാന്‍ പപ്പാ അവരെ സഹായിച്ചിരുന്നു. പെന്‍സിലിന്‍ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള കാലമാണത് എന്നോര്‍ക്കണം. വീട്ടില്‍ എല്ലാവര്‍ക്കും ഭയമായി. കുറേനാള്‍ ഗ്രെട്ടിന് ഒരു ജോലിയും ചെയ്യാന്‍ സാധിച്ചില്ല. പപ്പായുടെ നിരന്തരശ്രമം കൊണ്ട് മുറുവുണങ്ങാന്‍ തുടങ്ങുന്നു എന്നു കണ്ടപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി.
ഗ്രെട്ടിന് കൈയനക്കാന്‍ പാടില്ലാതെ ആയപ്പോള്‍ മമ്മായുടെ സഹോദരി മിലി, ഞങ്ങളെ സഹായിക്കാന്‍ വന്നു. പപ്പായുമായി അവര്‍ ചേര്‍ന്നുപോയി. പക്ഷെ മമ്മാ അവരെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. ''നീയൊരു കൊച്ചുകുട്ടിയെപ്പോലെയാണ് പെരുമാറുന്നത്''മമ്മാ എപ്പോഴും ആന്റിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി. മിലി ആന്റിക്ക് വല്ലാത്ത അപകര്‍ഷത ഉണ്ടായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. എന്റെ മമ്മാ മോടിയില്‍ വസ്ത്രം ധരിച്ച് അവരുടെ ഡിപ്പാര്‍ട്ട്‌മെന്റിലേക്കുപോകുന്നതും കാര്യങ്ങള്‍ നോക്കുന്നതും കീഴ്ജീവനക്കാരെ ഭരിക്കുന്നതും ഒക്കെ കണ്ടിട്ട് തന്നെ ഒരു വീട്ടുജോലിക്കാരിയായി കരുതുമോ എന്ന വേണ്ടാത്ത ഭയം മിലി ആന്റിയെ ഭരിച്ചിരുന്നു. വളരെ ഉദാരമനസ്‌കരായ എന്റെ മാതാപിതാക്കള്‍ വെക്കേഷനു പോകുമ്പോള്‍ സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്ത് ആന്റിയെ സന്തോഷിപ്പിച്ചിരുന്നു.
എന്റെ കസിന്‍ ലോട്ട് എല്ലാ അവധിക്കാലത്തും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു. എനിക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു. ഞങ്ങളുടെ പ്രധാന വിനോദം 'സ്റ്റോര്‍' കളിക്കുക എന്നതായിരുന്നു. ഞങ്ങളുടെ ചുറ്റുപാടുകള്‍ സ്വാധീനം ചെലുത്തിക്കാണണം. ഒരു ക്രിസ്തുമസിന് ഞങ്ങള്‍ക്ക് സമ്മാനമായി കിട്ടിയത് ഒരു സ്റ്റോര്‍ ആണ്.  അഞ്ചടി നീളവും ആറടി വീതിയുമുള്ള ഒരു പീടിക. അതിനകത്ത് പലതരം മിഠായികളും കേക്കുകളും പേപ്പര്‍, ഓട്ട്മീല്‍, കൊക്കോ, പഞ്ചസാര, മാവ്, ഉപ്പ് തുടങ്ങി നിരവധി സാധനങ്ങള്‍ ഉണ്ടായിരുന്നു. ആ ക്രിസ്തുമസ് കാലത്ത് എന്റെ ഗ്രാന്‍ഡ്പാ ഷ്‌നൈഡര്‍ മഹാ ദരിദ്രനായിക്കാണണം. അത്രമാത്രം സാധനങ്ങള്‍ ഞങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അദ്ദേഹത്തെക്കൊണ്ട് വാങ്ങിപ്പിച്ചു. ഒരിക്കലും ചെയ്യില്ല എന്ന് പപ്പായോട് സത്യം ചെയ്തത് തെറ്റിച്ച് ഞാനും ലോട്ടും കൂടി മിഠായികളും മധുരപലഹാരങ്ങളുമെല്ലാം കുത്തിയിരുന്ന് തിന്നു തീര്‍ത്തു.
നല്ല അടി ഞങ്ങള്‍ക്ക് കിട്ടി. ഒപ്പം വയറിന് അസുഖവും.
എനിക്ക് ഇഷ്ടമുള്ള ഒരു സെല്ലുലോയിഡ് പാവയുമായി കളിക്കുകയായിരുന്നു ഞങ്ങളുടെ മറ്റൊരു വിനോദം. ഒന്നര വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ വലിപ്പമുണ്ടായിരുന്നു ആ പാവയ്ക്ക്. അതിന്റെ കൈകാലുകള്‍ ഞങ്ങള്‍ക്ക് ചലിപ്പിക്കാന്‍ സാധിക്കുമായിരുന്നു. കമഴ്ത്തിക്കിടത്തിയാല്‍ അത് 'മമ്മാ' എന്നു വിളിക്കും. അവന് ഞങ്ങള്‍ ഹാന്‍സ് എന്നു പേരിട്ടു. അവന്റെ പാകത്തിനുള്ള ധാരാളം ഉടുപ്പുകള്‍ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. അവനെ വസ്ത്രം ധരിപ്പിച്ച് ബേബി കാര്യേജില്‍ കിടത്തി ഞങ്ങള്‍ എന്നും നടക്കാന്‍ പോയി.
ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന്റെ പിറകില്‍ മിനുസമായ ഒരു പാതയുണ്ട്. അവിടെ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും പാക്ക് ചെയ്യാനുള്ള സാമഗ്രികളും ധാരാളമായി കൂട്ടിയിട്ടിരുന്നു. എനിക്കവിടെ പോകാന്‍ അനുവാദമില്ല. എങ്കിലും എന്നെ അവിടെവച്ച് പിടിച്ച് പപ്പാ ശകാരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലമായിരുന്നു അവിടം. അവിടത്തെ എന്റെ കൂട്ടുകാരനും രക്ഷാധികാരിയും 'ജപ്പ്' എന്നു പേരുള്ള, പപ്പായുടെ ജോലിക്കാരനായിരുന്നു. അയാളൊരു വിരൂപി ആയതു കൊണ്ടാവാം അയാളെ എനിക്കിഷ്ടമായത്. നീളം തീരെയില്ല. ചെറിയ തുറിച്ച കണ്ണുകളും വലിയ മൂക്കും. വായില്‍ ആകെ രണ്ടു പല്ലുകളേ ഉണ്ടായിരുന്നുള്ളൂ. ഒന്നു മുകളിലും മറ്റേത് താഴെയും. മുഷിഞ്ഞു ചുളുങ്ങിയ വസ്ത്രങ്ങളും അഴുക്കുപിടിച്ച ഉയര്‍ന്ന ബൂട്ടുകളും ധരിച്ചാണയാള്‍ ജോലിക്കു വരിക. ടൗണിന്റെ അകലെ ദരിദ്രര്‍ താമസിക്കുന്ന ഇടത്ത് ഒറ്റയ്ക്ക് തട്ടിക്കൂട്ടിയ ഒരു വീട്ടിലാണയാള്‍ താമസിച്ചിരുന്നത്. അയാള്‍ക്ക് ഭാര്യയും ഒരു പന്നിയും കുറെ കോഴികളും ഉണ്ടായിരുന്നു. 
സൈക്കിള്‍ ചവിട്ടാന്‍ അയാളാണ് എന്നെ പഠിപ്പിച്ചത്. അതും അയാളുടെ വലിയ സൈക്കിളില്‍. ലഞ്ചിന്റെ സമയത്ത് ചില ദിവസങ്ങളില്‍ അയാള്‍ എന്നെ സൈക്കിളില്‍ കയറ്റി അയാളുടെ വീട്ടില്‍ കൊണ്ടുപോകുമായിരുന്നു. അത് എനിക്കൊരു വലിയ സംഭവം തന്നെ ആയിരുന്നു. ജപ്പിനെ എനിക്ക് പ്രധാനമായും ഇഷ്ടമായത്, ഏതു സാധനവും നിര്‍മ്മിക്കാനും കേടുപോക്കാനുമുള്ള അയാളുടെ കഴിവു കണ്ടിട്ടാണ്. എനിക്കും ലോട്ട്‌നും ക്രിസ്തുമസ് സമ്മാനമായി ലഭിച്ച പീടിക ജപ്പ് നിര്‍മ്മിച്ചതാണത്രേ! അയാളുടെ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ പന്നിയോടൊപ്പം കളിക്കും. അവരുടെ ഭക്ഷണത്തിനു വേണ്ട മൃഗങ്ങളെ കൊല്ലുന്നത് അവര്‍ തന്നെയാണ്. വലിയ ആരാധനയോടെ അവരെനിക്ക് തരുന്നതെല്ലാം ഞാന്‍ ഭക്ഷിക്കും. ജപ്പിന്റെ കുടുംബത്തോട് എന്റെ മാതാപിതാക്കള്‍ ഉദാരമനസ്‌കത കാട്ടി. പക്ഷെ ജപ്പിന്റെ  വീട്ടില്‍ പോകുന്നത് വിലക്കിയപ്പോള്‍ എനിക്ക് നീരസമായി.
ആയിരത്തിതൊള്ളായിരത്തി മുപ്പത്തിരണ്ടിലെ എന്റെ പിറന്നാള്‍ ദിവസം. അന്ന് ഒരുപാട് അലങ്കാരവസ്തുക്കള്‍ പിടിപ്പിച്ച ഒരു സൈക്കിള്‍ എനിക്ക് സമ്മാനമായി കിട്ടി. പപ്പായും ഞാനും ലോട്ടും ഞങ്ങളുടെ സൈക്കിളില്‍ കാടും മേടും കുന്നും താഴ്‌വരയും ഒക്കെ കയറിയിറങ്ങി. വഴിയിലുള്ള ഒരു കൊച്ചു കോഫിസ്റ്റോറില്‍ ലഘുഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ കയറും. സ്റ്റോര്‍ മാനേജര്‍ക്ക് ഞങ്ങള്‍ ചെല്ലുന്നത് വലിയ സന്തോഷമാണ്. എന്റെ മമ്മായെ സൈക്കിള്‍ ചവിട്ടാന്‍ പപ്പാ പഠിപ്പിക്കാഞ്ഞിട്ടല്ല, കാരിയറില്‍ നിന്ന് പപ്പാ കൈയെടുത്താലുടന്‍ മമ്മാ വീഴും, നിര്‍ഭാഗ്യവശാല്‍. 'നിങ്ങള്‍ എന്നെ വീഴാന്‍ മനഃപൂര്‍വ്വം അനുവദിച്ചതാണ്' മമ്മാ പരാതി പറയും.
1932-ല്‍ ഞാന്‍ ആപ്‌ളര്‍ബെക്കില്‍ സ്‌കൂളില്‍ ചേര്‍ന്നു. സ്‌കൂള്‍ തുടങ്ങുന്ന ദിവസം എല്ലാ കുട്ടികള്‍ക്കും വലിയ ബോക്‌സില്‍ കളര്‍ പേപ്പറുകളും പൂക്കളും മധുരപലഹാരങ്ങളും മിഠായികളും തരും. അന്ന് എന്റെ രണ്ടു കൂട്ടുകാരികളോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ എനിക്ക് സന്തോഷമായിരുന്നു. ഒരു കൂട്ടുകാരി ഡോക്ടറുടെ മകളും മറ്റവള്‍ ലോക്കല്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ മകളും ആയിരുന്നു.
ഗ്രാന്റ്മാ ഷ്‌നൈഡര്‍ അവര്‍ ജനിച്ചു വളര്‍ന്ന ഫാമിനെക്കുറിച്ച് എപ്പോഴും വര്‍ണ്ണിക്കും. ഗ്രിബെന്‍സ്റ്റീനില്‍ ആയിരുന്നു ആ ഫാം. അതു കേട്ടപ്പോള്‍ എന്റെ പപ്പാക്ക് അവിടമൊക്കെ കാണണമെന്ന് ആശയായി. ഒരു സമ്മറില്‍ പപ്പാ എന്നെ അവിടെ കൊണ്ടുപോയി. ഞങ്ങള്‍ ട്രെയിനിലാണ് പോയത്. ട്രെയിനിന്റെ കണ്ടക്ടര്‍ എനിക്ക് രണ്ടു ടിക്കറ്റുകള്‍ തന്നു. ടിക്കറ്റും കൈയില്‍ പിടിച്ചു തുള്ളിച്ചാടി നടക്കുമ്പോള്‍ തെരുവില്‍ കളിച്ചു നിന്ന ഒരു കുട്ടി ഒരു ടിക്കറ്റിന് എന്നോടു യാചിച്ചു. അവളെ ശ്രദ്ധിക്കാതെ ഞാന്‍ മുന്നോട്ടു നടന്നു. എന്റെ സ്വാര്‍ത്ഥതയെ ശിക്ഷിക്കാനായി ഒരു ടിക്കറ്റ് അവള്‍ക്കു കൊടുക്കാന്‍ പപ്പാ എന്നെ നിര്‍ബന്ധിച്ചു. പപ്പാ എന്നോടു കാട്ടിയ ആ നീതികേടിന് പകരമെന്നോണം, അവളുടെ മുഖത്തേക്കു നോക്കാതെ ഒരു ടിക്കറ്റ് കൊടുത്തിട്ട് ഞാന്‍ തല ഉയര്‍ത്തിപ്പിടിച്ചു നടന്നു.
ഗ്രിബെന്‍സ്റ്റീനില്‍ പല ഞായറാഴ്ചകള്‍ ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ചെലവഴിച്ചു. ഫാമിലെ പശുക്കളുടെ എല്ലാ ഗുണങ്ങളുമുള്ള   പാലു കുടിച്ചും, പാല്‍ക്കട്ടി തിന്നും സന്തോഷപൂര്‍വ്വം ആ ദിനങ്ങള്‍ ഞാന്‍ ആഘോഷിച്ചു.
ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു കഴിഞ്ഞ് എന്റെ കഴുത്തിന്റെ വലതു വശത്ത് ഒരു തടിപ്പുണ്ടായി. ആ വശത്തെ ലിംഫ് നോഡിന് പഴുപ്പുണ്ടായതാണു കാരണം. പല ഡോക്ടര്‍മാരെയും ആപ്‌ളെര്‍ബെക്കില്‍ ഞങ്ങള്‍ കണ്ടു. അപ്പോഴാണ് മനസ്സിലായത് ലിംഫ് നോഡില്‍ വരുന്ന ട്യൂബര്‍കുലോസിസാണ് പഴുപ്പിനു കാരണമെന്ന്. ഗ്ലാന്‍ഡില്‍ നന്നും പലതവണ പഴുപ്പ് എടുത്തുകളയേണ്ടിവന്നു. അതിഭയങ്കര വേദനയായിരുന്നു. ഒരു വര്‍ഷത്തിലധികം ഞാന്‍ ഗ്ലാന്‍ഡില്‍ ബാന്‍ഡേജ് ഒട്ടിച്ചു നടന്നു.
എന്റെ മമ്മാ കുട്ടിയായിരുന്നപ്പോള്‍ ഇതേ അസുഖം ബാധിച്ചിരുന്നുവത്രേ. ഗ്ലാന്‍ഡ് കീറി പഴുപ്പ് എടുത്തുകളയുകയായിരുന്നു പതിവ്. കാരണം എന്തെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. പക്ഷെ മമ്മയ്ക്ക് എനിക്കുണ്ടായതുപോലെ ഉണ്ടായതുമില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഡ്യൂസല്‍ ഡോര്‍ഫിലെ ഒരു റേഡിയോളജിസ്റ്റ് ഈ നോഡ്യൂള്‍സ് എന്താണെന്ന് കണ്ടുപിടിച്ചു. ട്യൂബര്‍കുലോസിസ് ബാധിച്ച പശുക്കളുടെ പാല്‍ കുടിച്ചതാണ് നോഡ്യൂള്‍സ് ഉണ്ടായതിനും ഗ്ലാന്‍ഡ് വീര്‍ത്തു പഴുത്തതിനും കാരണം.
എവിടെയെങ്കിലും ബിസിനസ്സ് ട്രിപ്പിനു പോയി വരുമ്പോള്‍ പപ്പാ പല നല്ല സമ്മാനങ്ങളും കൊണ്ടുവരുമായിരുന്നു. ഒരിക്കല്‍ ഒരു കറുത്ത ഡാഷ് ഹൗണ്ട് പട്ടിക്കുട്ടിയെ ആണ് പപ്പാ കൊണ്ടുവന്നത്. അതൊരു ഭയങ്കര അത്ഭുതമായിപ്പോയി ഞങ്ങള്‍ക്ക്. പക്ഷെ അവന്‍ വീട്ടിനകത്ത് ഭയങ്കര കുഴപ്പമുണ്ടാക്കി. ഞങ്ങളുടെ  ഓറിയന്റല്‍ റഗ്‌സില്‍ മാത്രമേ അവന്‍ 'കാര്യം' സാധിക്കുമായിരുന്നുള്ളു. എനിക്ക് അവനോടൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവന്‍ പേടിച്ച് ഏതെങ്കിലും മൂലയില്‍ കയറി ഒളിച്ചിരിക്കും. ''ഈ പട്ടിക്കുട്ടിയെ എടുത്ത് ഞാന്‍ പുറത്തെറിഞ്ഞുകളയും'' മമ്മായുടെ ചവിട്ടുമെത്ത പലതവണ ചീത്തയാക്കിയപ്പോള്‍ അവര്‍ തീര്‍ത്തു പറഞ്ഞു. അങ്ങനെ അവനെ ഒരു ബന്ധുവിന് കൊടുത്തു. നിര്‍ഭാഗ്യവശാല്‍ അവരും ഈ പട്ടിക്കുട്ടിയെ പരിശീലിപ്പിക്കാന്‍ സാധിക്കില്ല എന്നു വിധിയെഴുതി.
(തുടരും....)

Read: https://emalayalee.com/writer/24

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക