Image

'സ്‌കാൻ ചെയ്യൂ, അഴിമതി കാണാം';പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡിഎംകെയുടെ ജി-പേ പോസ്റ്റര്‍

Published on 12 April, 2024
  'സ്‌കാൻ ചെയ്യൂ, അഴിമതി കാണാം';പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡിഎംകെയുടെ ജി-പേ പോസ്റ്റര്‍

ചെന്നൈ : ഏപ്രില്‍ 19ന് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍  പ്രധാനന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും വ്യാപക പോസ്റ്ററുകൾ. തമിഴ്‌നാട്ടിൽ മോദിയുടെ ലോക്‌സഭാ പ്രചാരണത്തിന് പിന്നാലെയാണ് ക്യൂ ആർ കോഡടങ്ങിയ പോസ്റ്റർ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകൾക്ക് മുകളിൽ മോദിയുടെ ഫോട്ടോയും ക്യു ആർ കോഡും കാണാം. 'സ്‌കാൻ ചെയ്യൂ,സ്‌കാം കാണാം (സ്കാന്‍ ചെയ്യൂ,അഴിമതി കാണാം) ' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഈ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ബി.ജെ.പി സര്‍ക്കാറിന്‍റെ വിവിധ അഴിമതികളെക്കുറിച്ചുള്ള വീഡിയോയിലേക്കാണ് പോകുന്നത്.  പോസ്റ്ററുകളില്‍  നല്‍കിയിരിക്കുന്ന ബാര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതോടെ ബിജെപിയുടെ ഇലക്ടറല്‍ ബോണ്ട് കുംഭകോണത്തിന്റെ വിവരങ്ങളടങ്ങിയ വിഡിയോ ദൃശ്യമാകും.

ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പി നടത്തിയ അഴിമതികൾ,സി.എ.ജി റിപ്പോർട്ടിലെ ക്രമക്കേടുകൾ, ബി.ജെ.പി സർക്കാർ കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപകളുടെ വായ്പകൾ എഴുതിത്തള്ളിയതിനെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന വീഡിയോയാണിത്.

വെല്ലൂരില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന റാലിയില്‍ ഡിഎംകെക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രധാനമന്ത്രിക്കായുള്ള മറുപടിയായാണ് ഡിഎംകെയുടെ ജിപേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഡിഎംകെ അഴിമതിയുടെ കുത്തകയാണെന്നും വിഭജന രാഷ്ട്രീയമാണ് ലക്ഷ്യമെന്നും ഡിഎംകെയും സഖ്യകക്ഷിയായ കോണ്‍ഗ്രസും പൊതുക്ഷേമത്തേക്കാള്‍ കുടുംബതാല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും 2ജി അഴിമതിയിലൂടെ ഡിഎംകെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് നരേന്ദ്രമോദി ആരോപിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക