Image

മുസ്ലീം യുവാക്കള്‍ പ്രേമിച്ച്‌ മതം മാറ്റിയ 10 സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനം

Published on 11 April, 2024
മുസ്ലീം യുവാക്കള്‍ പ്രേമിച്ച്‌ മതം മാറ്റിയ 10 സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനം

കേരളത്തിലെ മുസ്ലീം യുവാക്കള്‍ പ്രേമിച്ച്‌ മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗമാക്കിയ പത്ത് സ്ത്രീകളുടെ പേര് പറയാന്‍ ഇടുക്കി, താമരശ്ശേരി രൂപതകളെയും കെസിവൈഎമ്മിനെയും വെല്ലുവിളിച്ച്‌ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്.

അത്തരത്തില്‍ മതം മാറിയ പത്ത് സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനമായി നല്‍കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയായ കേരള സ്റ്റോറി കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന് ഇടുക്കി, താമരശ്ശേരി രൂപതകളും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎമ്മും കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പങ്കു വെച്ച  ഫെയ്‌സ്ബുക്ക് കുറിപ്പ്

കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഞാന്‍ മുന്നോട്ട് വച്ച വെല്ലുവിളി, ഒന്നുകൂടി കേരളത്തിലെ ഇടുക്കി താമരശ്ശേരി രൂപതകള്‍ക്ക് മുന്നിലും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎം ന്റെ മുന്നിലേക്കും വയ്ക്കുന്നു. ഇത്തവണ സമ്മാന തുക ഒരു കോടിയായി വര്‍ദ്ധിപ്പിക്കുന്നു.

കേരള സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്ന പോലെ , കേരളത്തിലെ മുസ്ലിം മതത്തില്‍ ജനിച്ച്‌ മുസ്ലിം വിശ്വാസികള്‍ ആയി ജീവിക്കുന്ന യുവാക്കള്‍ പ്രേമിച്ച്‌ മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ പത്ത് സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഞാന്‍ ഒരു കോടി രൂപ ഓഫര്‍ ചെയ്യുന്നു. ഓര്‍ക്കുക 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും പത്ത് പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതി….

ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍, ഈ സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപിച്ചതിന് ഇവര്‍ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക