Image

ബീജഗണിത (കവിത: വേണുനമ്പ്യാർ)

Published on 10 April, 2024
   ബീജഗണിത (കവിത: വേണുനമ്പ്യാർ)

ഒന്നിനു പോവുമ്പം
നിർണ്ണയം നമ്മളൊന്നാകും 

രണ്ടാകും നമ്മൾ
രണ്ടിനു പോവുമ്പം 

മൂന്നിനു പോവുമ്പം
മുടിയും മുച്ചൂടും  

പിരിയും നാലു വഴിക്കായി
നാൽക്കവലയിൽ കേറുമ്പം 

അഞ്ചുമടങ്ങി പോവുമ്പം
ഒറ്റയാകും അഞ്ചാമൻ
ശവമഞ്ചത്തിൽ !

നിർജ്ജീവം അസ്ഥിമാംസത്തെ
തീയാം ഭൂതഗുണകം കൊണ്ട് 
പെരുക്കുക; കിട്ടും വിസ്തൃത-
നഭസ്സാം നീലസ്ലേറ്റിൽ 
ശരിയുത്തരം: വെള്ളപ്പുക!

കണക്കിൽ തോൽക്കുകിൽ 
കുഞ്ഞേ, കനക്കെ കരയേണ്ട, 
പാസ്സാകാം വരും സപ്ലിയിൽ;
കവനത്തിൽ തുലഞ്ഞാലൊ 
ജീവിതം ശുദ്ധ വട്ടപ്പൂജ്യം!

നീറ്റും പുകശകലങ്ങളെ ചേർത്തു പിടിച്ചൊന്നായ വാനം കരുണയാൽ
കീഴാളരെ പാർത്തിടുമ്പോൾ,
കാണുന്നതൊ പാതിക്കുരുടർ   
മീതെ ശുദ്ധവാനത്തെയല്ല, കേവലം
ചുറ്റിക്കളിക്കും ഇണപ്പക്ഷിക്കൂട്ടങ്ങളെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക