Image

കൊടൈക്കനാലിലെ ചിത്രശലഭങ്ങൾ ( കഥ : തങ്കച്ചൻ പതിയാമൂല)

Published on 10 April, 2024
 കൊടൈക്കനാലിലെ  ചിത്രശലഭങ്ങൾ ( കഥ : തങ്കച്ചൻ പതിയാമൂല)

“എനിക്ക് കൊടൈക്കനാൽ കാണാൻ പോകണം.”

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ OTTയിൽ കണ്ടതിന്റെ പിറ്റേ ദിവസമാണ് അച്ഛനത് പറഞ്ഞത്.

നടക്കാൻ ബുദ്ധിമുട്ടുള്ള അച്ഛന്റെ ആഗ്രഹം കേട്ട് എനിക്ക് അത്ഭുതം തോന്നി.

ഞങ്ങൾ എവിടെ ടൂർ പോയാലും അച്ഛനെ വിളിക്കാറുണ്ടെങ്കിലും  വരാറില്ല. തീർത്ഥാടനത്തിനു പോലും അച്ഛന് തീരെ താല്പര്യമില്ലായിരുന്നു.

“ഇന്നലെ ആ സിനിമ കണ്ടതുകൊണ്ടാണോ അച്ഛന് ഇപ്പോൾ കൊടൈക്കനാലിൽ പോകണമെന്ന് തോന്നിയത്.” ഞാൻ ചോദിച്ചു.

“അല്ല മോനെ, വളരെക്കാലമായി ഞാൻ ആഗ്രഹിക്കുന്നതാണ്. അതിനുള്ള മാനസിക സൗകര്യം ഇപ്പോഴാണ് ഒത്തുവന്നത്.”

അമ്മയുടെ ഓർമ്മകളുടെ ആഴങ്ങളിൽ നിന്നാണ് അച്ഛൻ പറയുന്നതെന്ന് എനിക്ക് തോന്നി.

“അടുത്ത ആഴ്ച തന്നെ പോയേക്കാം. കുട്ടികൾക്ക് വെക്കേഷനും ആയല്ലോ.”
ഞാൻ പറഞ്ഞു.

അപ്രതീക്ഷിതമായി ടൂർ പോകുന്നുവെന്ന് കേട്ടപ്പോൾ കുട്ടികളും ത്രില്ലിലായി. എന്നാൽ ഭാര്യ അത്ര സന്തോഷമൊന്നും പ്രകടിപ്പിച്ചില്ല. ഹണിമൂൺ കാലത്ത് കൊടൈക്കനാലിൽ പോകണമെന്ന ആഗ്രഹം പറഞ്ഞിട്ട് നടക്കാതിരുന്നതിന്റെ പരിഭവം ഇനിയും മാറിയിട്ടില്ലെന്നു തോന്നുന്നു! ഇപ്പോൾ അച്ഛൻ പറഞ്ഞപ്പോൾ ഓടിപ്പുറപ്പെടുന്നു എന്ന തോന്നൽ അവൾക്കുണ്ടായിക്കാണണം!

യാത്രയിലുടനീളം അച്ഛൻ കുട്ടികളോട് പഴയകാല യാത്രകളിലെ രസകരമായ കാര്യങ്ങൾ വിവരിച്ചു കൊടുത്തുകൊണ്ടിരുന്നു.

അച്ഛൻ പണ്ട് അമ്മയുമായി കൊടൈക്കനാലിൽ പോയിട്ടുണ്ട്. എന്നാൽ അന്ന് പെട്ടെന്ന് അവിടെ ഒരു സന്ദർശന വിലക്ക് വന്നതിനാൽ തിരികെ പോരേണ്ടി വന്നു.
കഴിഞ്ഞദിവസം കണ്ട സിനിമയിലേതുപോലെ, അവിടെയുള്ള ‘ഡെവിൾസ് കിച്ചൻ’ എന്ന ഗുഹയിലേക്ക് ഒരാൾ വീണു മരിച്ചതിനാലാണ് അന്ന് സന്ദർശനം നിരോധിച്ചത്. പിന്നീട് പലപ്പോഴും പോകാനാഗ്രഹിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നടന്നില്ല… അങ്ങനെ അവിടെ എത്തുന്നത് വരെ അച്ഛൻ സംസാരിച്ചുകൊണ്ടിരുന്നു.

അച്ഛന് ഇഷ്ടമാകുമെന്നു കരുതി ‘ഗുണാ കേവ്’  കാണാമെന്ന് പറഞ്ഞെങ്കിലും അച്ഛന് താല്പര്യം ഉണ്ടായിരുന്നില്ല. പ്രവേശന കവാടത്തിന് സമീപമുള്ള സൂര്യകാന്തി പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിലെ ബെഞ്ചിലാണ് അച്ഛൻ കൂടുതൽ സമയവും ചെലവഴിച്ചത്. അവിടെ പറന്നു നടക്കുന്ന ചിത്രശലഭങ്ങളുടെ പ്രത്യേകതകളെപ്പറ്റിയും അതിന്റെ ഭംഗിയെപ്പറ്റിയുമൊക്കെ അച്ഛൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.

അച്ഛനും അമ്മയും പണ്ട് ഇവിടെ വന്നപ്പോൾ ഈ പാർക്കിൽ ഈ ബെഞ്ചിലാണ് ഇരുന്നത്…
അന്നിവിടെ നിറയെ ചിത്രശലഭങ്ങൾ പാറിക്കളിച്ചിരുന്നു…
അതുകണ്ട് അമ്മ പറഞ്ഞു  ആ ശലഭങ്ങളെ പോലെ പറന്നു നടക്കാൻ കഴിഞ്ഞെങ്കിലെന്ന്… 
ഈ കൊടൈക്കനാൽ മലനിരകൾ മുഴുവൻ പറന്നു നടന്ന് നമുക്ക് എല്ലാ സൗന്ദര്യവും മുഴുവനായി കണ്ട് ആസ്വദിക്കാമായിരുന്നെന്ന്…
അടുത്ത ജന്മത്തിൽ നമുക്ക് ചിത്രശലഭങ്ങളായി ജനിച്ചാലോ എന്ന് അമ്മ ചോദിച്ചു. അച്ഛനു വണ്ടായിട്ട് ജനിച്ചാൽ മതി എന്ന് പറഞ്ഞെന്നും  അമ്മയ്ക്ക് ദേഷ്യം വന്നെന്നും ഒക്കെയുള്ള കഥകൾ കേട്ട് കുട്ടികൾ പൊട്ടിച്ചിരിച്ചു. 

പക്ഷേ അച്ഛൻ പതിയെ നിശബ്ദനായി.
അമ്മയെ പറ്റിയുള്ള ചിന്തകൾ  അച്ഛനിൽ സങ്കടതരംഗങ്ങൾ  സൃഷ്ടിക്കുന്നുണ്ടാകണം…

തിരികെ കാറിൽ കയറി യാത്രതിരിച്ചപ്പോൾ മകളാണ് ആദ്യം കണ്ടത്, കാറിനുള്ളിൽ ഒരു ബട്ടർഫ്ലൈ! ഞാൻ അതിനെ പുറത്തേക്ക് വിടാൻ പറഞ്ഞെങ്കിലും അച്ഛൻ തടഞ്ഞു.  

“അതിനെ നമുക്ക് വീട്ടിൽ കൊണ്ടുപോകാം.”
അച്ഛൻ പറയുന്നത് കേട്ട് എനിക്ക് അത്ഭുതം തോന്നി. കിളികളെ കൂട്ടിലിടുന്നത് പോലും അരുതെന്നും അവ സ്വതന്ത്രമായി അവയുടെ ആവാസ സ്ഥലത്തു തന്നെ പറന്നു നടക്കട്ടെയെന്നും പറയാറുള്ള അച്ഛന് ഇതെന്തുപറ്റി!

വീട്ടിലെത്തിയപ്പോൾ കാറിന്റെ പിൻസീറ്റിന് പിറകിലിരുന്ന ആ ശലഭത്തെ മോൾ കയ്യിലെടുത്തു. അച്ഛൻ പറഞ്ഞതനുസരിച്ച് അവൾ അതിനെ അച്ഛന്റെ മുറിയിലെ ഇൻഡോർ പ്ലാന്റിന് മുകളിൽ വച്ചു. അത് ഒന്ന് പൊങ്ങിപ്പറന്നതിനുശേഷം വീണ്ടും അവിടെത്തന്നെ വന്നിരുന്നു. 

രാവിലെ ഞാൻ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു:

“നീ വരുമ്പോൾ എവിടെ നിന്നെങ്കിലും കുറച്ച് കാട്ടുതേന്‍ വാങ്ങിക്കൊണ്ടു വരണം. എന്റെ പാവം ശലഭം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല.”

അച്ഛന്റെ ആവശ്യം കേട്ടപ്പോൾ എന്തോ എന്റെ കണ്ണുകൾ ഈറനായി. 

“ശരി അച്ഛാ…”
കൂടുതലൊന്നും പറയാതെ ഞാൻ വേഗം യാത്രയായി…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക