Image

ഗീത കൃഷ്ണന്‍ എഴുതിയ 'പുല്ലുവഴി - ഇലമണം പുതച്ച ഇടവഴികള്‍ ' (ദേശചരിത്രം) പ്രകാശനം ചെയ്തു

ദുര്‍ഗ മനോജ് Published on 09 April, 2024
ഗീത കൃഷ്ണന്‍ എഴുതിയ 'പുല്ലുവഴി - ഇലമണം പുതച്ച ഇടവഴികള്‍ ' (ദേശചരിത്രം) പ്രകാശനം ചെയ്തു

പുല്ലുവഴി എന്ന നാട്ടിന്‍പുറത്തിന്റെ അറിയാക്കഥകള്‍. അവിടെ വിധി കൗശലകരമായ മൗനം കൊണ്ട് മറച്ചുപിടിച്ച ധാരാളം ആളുകളുണ്ട്. കണ്ടിട്ടും അറിയാതെപോയ ചരിത്രമുറങ്ങുന്ന മണ്ണുണ്ട്. വീര്‍പ്പുമുട്ടലിന്റെ പഴകിയ നിശ്വാസങ്ങള്‍ കെട്ടിക്കിടക്കുന്ന ഇരുണ്ട അകത്തളങ്ങളുണ്ട്. വെളിച്ചം മുനിഞ്ഞുകത്തുന്ന ഇടനാഴികളുണ്ട്. കാലത്തിന്റെ പൊടിമൂടിപ്പോയ നന്മകളുണ്ട്. എല്ലാമെല്ലാം മറവിയുടെ ചില്ലു ജാലകത്തിനപ്പുറം മങ്ങിയ ചിത്രങ്ങളാകുമ്പോള്‍, അതെല്ലാം എന്നെന്നേയ്ക്കുമായി മാഞ്ഞുപോകുന്നതിന് മുന്‍പ് കണ്ടെടുത്തു ചായം തേച്ച് മിനുക്കി വയ്ക്കണമെന്ന ഉദ്ദേശത്തോടെ പ്രകാശിതമായ പുസ്തകം.  

ഇതില്‍ ഭക്തിയും യുക്തിയും നേര്‍ക്കുനേര്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ചരിത്രങ്ങളും വിശ്വാസങ്ങളും ഐതിഹ്യങ്ങളുമുണ്ട്. പക്ഷേ ഒന്ന് നേരെ വരുമ്പോള്‍ മറ്റൊന്ന് ഒതുങ്ങിനിന്ന് അപരന് സ്ഥലമൊരുക്കുന്ന ഒരു പാരസ്പര്യമുണ്ട്. ആ പാരസ്പര്യമാണ് പുല്ലുവഴിയുടെ കൈകോര്‍ക്കല്‍. അതുതന്നെയാണ് അതിന്റെ സൗന്ദര്യവും. 

ഇതില്‍ കഥ പോലുള്ള കാര്യങ്ങളുഉണ്ട്. കല്പിതകഥകളെന്ന് തോന്നുംവിധം സത്യം ഉണര്‍ന്നെന്നിരിക്കുന്നുണ്ട്. ഒരു സാങ്കല്പികലോകത്തിലൂടെ അക്ഷരങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. ചരിത്രം പറയുന്നവര്‍ പോകാത്ത വഴിയിലൂടെ  ചരിത്രമെഴുത്തിന്റെ പതിവ് വ്യാകരണങ്ങള്‍ തെറ്റിച്ച് എഴുതപ്പെട്ട പുസ്തകം.

 പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച്, അരിവാള്‍ കൊണ്ടും ചുറ്റിക കൊണ്ടും കൂടങ്ങള്‍ കൊണ്ടും പുല്ലുവഴിയുടെ ഇരുള്‍ മൂടിയ ഇടവഴികളില്‍ സ്വന്തം മനസ്സിന്റെ കരുത്ത്  വിപ്ലവവീര്യമാക്കി പോരാട്ടം നടത്തിയ സ: എം. കെ. ചോതി പുസ്തക പ്രകാശനം ചെയ്തു. സ്‌കൂളിലെ മുന്‍ അദ്ധ്യാപിക ശ്രീമതി പ്രഭാവതി ടീച്ചര്‍ ( സ: വി. വിശ്വനാഥമേനോന്റെ സഹധര്‍മ്മിണി) ആദ്യപ്രതി ഏറ്റുവാങ്ങി.
കോട്ടയം ഫെമിന്‍ഗോ ബുക്‌സാണ് പ്രസാധകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക