Image

ഇരുട്ടിന്റെ ആത്മാവ് (കവിത: വേണുനമ്പ്യാർ)

Published on 07 April, 2024
ഇരുട്ടിന്റെ ആത്മാവ് (കവിത: വേണുനമ്പ്യാർ)

കൂരിരുട്ടിലും തുരന്നിടാ-
മൊരു തുരങ്കം വെട്ടത്തിലേക്ക്;
അഹന്തയെയറുത്തു
നൽകാം ബലി ശൂന്യ യജ്ഞകുണ്ഡത്തിൽ!

മരണോപരാന്തം
സ്വർഗ്ഗമെന്തിനു മർത്ത്യന്?
മതി നുകരാനൊരു തുള്ളിയിപ്പോൾ

സായൂജ്യപീയൂഷം ജീവനിൽ
സുമധുരമായ്
മരണത്തെ ലയിപ്പിക്കുവാൻ.


മർത്ത്യനെങ്കിലും ഞാൻ സാഹസം
കൊതിപ്പൂ ജീവനോടെ 
പുണരുവാനമർത്ത്യതയെ.

പാതിയെൻ ശ്രമം
അകളങ്കിതമചഞ്ചലം
പാഴിലാവില്ലയിച്ഛാശുദ്ധിബലംമൂലം.

പാതി, നിന്റെ കരുണാർദ്രം 
മധുരനൈവേദ്യമാം കൃപ,
മഹനീയം.

ഇരുപാതിയും തമ്മിലിഴുകി
യൊന്നായിടുമ്പോൾ നിർണ്ണയം

വിരിയും പ്രപഞ്ചമാം ആരാമത്തിൽ
അസ്തിത്വകുസുമം പൂർണ്ണമിദം
സൂര്യപ്രഭാസന്നിഭം!
കേഴുവാൻ പിന്നെ 
ശേഷിക്കുമൊയെന്റെ
ഇരുട്ടിന്റെ ആത്മാവ്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക