Image

തിരിച്ചറിവുകള്‍ ( കവിത : രാധാമണി രാജ് )

Published on 07 April, 2024
തിരിച്ചറിവുകള്‍ ( കവിത : രാധാമണി രാജ് )

തമിഴിലൊരുവിധമൊപ്പിച്ച്
എഴുതിയതൊരു പേരായി

ചുണ്ടുകള്‍ക്കു
മുകളില്‍
പിരിച്ചുവെച്ച
കൊമ്പന്‍മീശ
എങ്ങോട്ടോ നടന്നകന്നത്
കാത്തിരിപ്പില്ലാത്ത
യാത്രയായി

എപ്പോഴോ
ചുരന്ന മാറിടങ്ങള്‍
ഇരുകയ്യകലങ്ങള്‍ക്കുള്ളില്‍
മകനെ ചേര്‍ത്തണച്ചു

എല്ലുമുറിയെ പണിയെടുത്തവള്‍
എന്നിട്ടും
തേടിവെക്കാനോ കൂട്ടിവെക്കാനോ
ഇന്നോളമൊരിടമെത്തിയില്ലവള്‍

മധുരാപുരിയാകെ
ചുട്ടുകരിച്ച
ചിലപ്പതികാരത്തിലെ
നായികയുടെ പേരാണവള്‍
തെരഞ്ഞെടുത്തത്
അവളറിയാതെതന്നെ

മൗനം കൊണ്ടവള്‍
പാടുന്നപാട്ടുകളില്‍
കാലദേശങ്ങളുംരൂപഭാവങ്ങുളും
മിന്നിമറയുന്നത്
ഒറ്റച്ചിലമ്പിലെതെളിവുപോലാകുന്നത്
തനിക്കുതാന്‍
മാത്രമെന്ന
തിരിച്ചറിവുകളില്‍
നിന്നാവണം....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക