Image

തോക്കവകാശവും നിയമങ്ങളും: തോക്ക് അക്രമത്തിന്റെ നിഴൽ (പോൾ ഡി പനയ്ക്കൽ)

Published on 06 April, 2024
തോക്കവകാശവും നിയമങ്ങളും: തോക്ക് അക്രമത്തിന്റെ നിഴൽ (പോൾ ഡി പനയ്ക്കൽ)

റോബർട്ട് കാർഡ് എന്ന നാല്പതുകാരനായ ആർമി റിസേർവിസ്റ്റ് സന്നദ്ധസംഘത്തിന്റെ നേതാവെന്ന നിലയിൽ സ്രേഷ്ടമായ സേവനത്തിനുടമയായിരുന്നു.  വെടിവെയ്ക്കുന്നതിനും ചെറുതരം ബോംബുകൾ ഉപയോഗിക്കുന്നതിനുമുള്ള പരിശീലനം സന്നദ്ധ ഭടന്മാർക്കു നൽകുകയായിരുന്നു അയാളുടെ ജോലി.   സേനാ വിഭാഗത്തിന്റെ നേതാവെന്ന നിലയിൽ വളരെ ഉന്നതമായ വാർഷിക വിലയിരുത്തലായിരുന്നു 2023-ൽ അയാൾക്കു ലഭിച്ചത്.  പക്ഷെ, കാർഡിന് ഇടയ്ക്കിടയ്ക്ക് ഉണ്ടായിക്കൊണ്ടിരുന്ന മനോരോഗ  ബാധയെക്കുറിച്ച് അയാളെ അടുത്തറിയാവുന്നവരിൽ വളരെ ആശങ്ക ഉണ്ടാക്കിയിരുന്നു.  അയാളുടെ കുടുംബാംഗങ്ങളെയും അയാളെ അടുത്തറിയാവുന്നവരെയും അലട്ടിക്കൊണ്ടിരുന്നത് അയാൾ ഇടയ്ക്കിടയ്ക്ക് നടത്തിയിരുന്ന വിഭ്രാന്തിയോടെയുള്ള ഭീഷണികളായിരുന്നു.  

അയാളുടെ വശം പലതരം  തോക്കുകളുണ്ടെന്ന കാര്യം എല്ലാവര്ക്കും അറിയാമായിരുന്നു.  ആശങ്ക വർധിച്ച ഒരു സഹവർത്തി, കാർഡിന്റെ  ഒരടുത്ത സുഹൃത്ത്, അയാളുടെ സുപ്പീരിയർ ഓഫീസറോട് പറഞ്ഞിരുന്നു, എന്തെങ്കിലും ചെയ്തില്ലെങ്കിൽ കാർഡ് എന്തെങ്കിലും കുഴപ്പം ഉണ്ടാക്കും, ഒരു കൂട്ടക്കൊലയുണ്ടാകും എന്ന്.  എന്തെങ്കിലും സംഭവിക്കാതിരിക്കാൻ, പക്ഷെ, ആരും ഒന്നും ചെയ്തില്ല.   അതിനു ശേഷം ആറാഴ്ച കഴിഞ്ഞു.മെയ്ൻ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ലെവിസ്റ്റൻ.  അവിടത്തെ ജസ്റ്റ് ഇൻ ടൈം ഫാമിലി റിക്രിയേഷൻ ബൗളിംഗ് അലൈയിൽ  തിരക്കായിരുന്നു.  കുട്ടികളുടെ ഒരു ബൗളിങ് ലീഗ് കളിയിൽ സജീവമായിരുന്നു.   പെട്ടെന്ന് റോബർട്ട് കാർഡ് കയ്യിൽ വലിയ തോക്കുമായി അവിടെ പ്രവേശിച്ചു.   ഒരു അലിയിലൂടെ വേഗത്തിൽ നടന്നു ഇരുവശത്തേക്കും ആരെയും ലക്ഷ്യമാക്കാതെ തുരുതുരാ വെടിവച്ചു.  തുടർന്ന് വെളിയിലേക്കിറങ്ങിയ കാർഡ് പോയത് അടുത്തുള്ള ബാറിലേക്കായിരുന്നു.  അവിടെയും കാർഡ് ആളുകളുള്ള സ്ഥലത്തേക്കെല്ലാം വെടിവെച്ചു.  ബൗളിംഗ് അല്ലേയിലും ബാറിലുമായി പതിനെട്ടു മനുഷ്യജീവിതങ്ങൾ ഇല്ലാതായി. 

ടെക്സസിലെ ഊവൾഡെ - ഏതാണ്ട് ഇരുപത്തിഅയ്യായിരം ആളുകൾ മാത്രം താമസിക്കുന്ന ചെറിയൊരു പട്ടണം. സ്ഥലവാസിയായ സാൽവദോർ റാമോസിനു 2022 മെയ് പതിനാറിന് പതിനെട്ടു വയസ്സ് തികഞ്ഞു. പിറ്റേന്ന് അവൻ അടുത്തുള്ള സ്പോർട്ടിങ് കടയിൽ നിന്നു ഒരു സെമി-ഓട്ടോമാറ്റിക് റൈഫിളും അതിന്റെ പിറ്റേന്ന് മുന്നൂറ്റിഎഴുപത്തിയഞ്ചു ബുള്ളറ്റുകളും വാങ്ങുന്നു.    അതിനു മുൻപുള്ള ദിവസങ്ങളിലും തുടർന്നും അവൻ  ഇൻസ്റാഗ്രാമിലും യുബോ എന്ന സോഷ്യൽ മീഡിയയിലും ചാറ്റിലൂടെ കൂട്ടവെടിവെയ്പു നടത്താനുള്ള ഉദ്ദേശ്യം വെളിപ്പെടുത്തുന്നുണ്ടായിരുന്നു.  തന്നോടൊപ്പം താമസിക്കുന്ന അവന്റെ അമ്മൂമ്മയെ വെടി വെയ്ക്കുവാനുള്ള ലക്ഷ്യവും അവൻ വെളിപ്പെടുത്തി.  രണ്ടുദിവസത്തിനു ശേഷം അവൻ മറ്റൊരു സെമി-ഓട്ടോമാറ്റിക് റൈഫിൾ കൂടി കരസ്ഥമാക്കി.  രണ്ടാമത്തെ റൈഫിൾ വാങ്ങി, നാലാം ദിവസം, മെയ്  ഇരുപത്തിനാലാം തിയതി രാവിലെ അവൻ ആദ്യം അറുപത്തിയാറു വയസ്സുള്ള അവന്റെ അമ്മൂമ്മയുടെ തലയ്ക്കു വെടിവെച്ചു.  തുടർന്ന് നിറച്ച റൈഫിളുമായി കാറിൽ കയറി നേരെ ചെന്നത്  അവൻ പഠിച്ച റോബ്ബ്‌ എലിമെന്ററി സ്‌കൂളിലായിരുന്നു.  സ്‌കൂൾ വേലി ചാടിക്കടന്ന് അകത്തെത്തി രണ്ടു ക്‌ളാസ് റൂമുകളിലായി നൂറിലധികം പ്രാവശ്യം അവൻ വെടിവച്ചുഊർജസ്വലരായി ഓടിക്കളിച്ചു നടന്ന, ഒൻപതു മുതൽ പതിനൊന്നു വയസ്സ് വരെ പ്രായമുള്ള, പത്തൊൻപതു കൊച്ചുകുട്ടികളും രണ്ടു അധ്യാപികമാരും സാൽവദോർ റാമോസിന്റെ വെടിയുണ്ടകളേറ്റു മരിച്ചുവീണു.

2022-ലെയും 2023-ലെയും ഏറ്റവും ഘോരമായ കൂട്ട വെടിവെയ്പുകളായിരുന്നു മേൽവിവരിച്ചത്.  ഓരോ ദിവസവും ശരാശരി നൂറ്റിപ്പതിനേഴു പേർ  വെടിയേറ്റുമരിക്കുകയും ഇരുന്നൂറ്റിനാല്പതു പേർ വെടുയുണ്ടയേറ്റു പരുക്കേൽക്കുകയും ചെയ്യുന്നുണ്ട് അമേരിക്കയിൽ.  പരുക്കേൽക്കുന്നവരിൽ പലരും ജീവിതകാലം മുഴുവൻ വികലരായി, മരണതുല്യരായി കഴിയുന്നു.  ഓരോ ദിവസവും കൂട്ടവെടിവെയ്പ്പുകളല്ലാത്ത ഒറ്റപ്പെട്ട വെടിവെയ്പുകളും തോക്കുകൊണ്ടുള്ള അക്രമങ്ങളും പ്രാദേശിക മാധ്യമങ്ങളിൽ മറ്റു വാർത്തകളോടൊപ്പം പ്രത്യക്ഷപ്പെടുകയും അതുപോലെ തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും.  പ്രമാദമായ കൂട്ടവെടിവെയ്‌പ്പാണെങ്കിൽ
ഓരോ സംഭവത്തെയും തുടർന്ന് ആഴ്ചകളോളം പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കും.  തോക്കും അക്രമവും മാത്രമാവും തുടർന്നുള്ള ദിവസങ്ങളിൽ വിഷയം.  മാധ്യമങ്ങൾ വഴി വിശദമായ വാർത്തയറിയുന്ന ജനം വേദനിക്കും.  ഗൗരവതരമായ, വൈകാരികമായ ചർച്ചകളും അഭിപ്രായങ്ങളും വാഗ്‌ദാനങ്ങളും.  രാഷ്ട്രീയത്തിലും സമൂഹത്തിലും അത്യധികം സ്വാധീനശക്തിയുള്ള പണ്ഡിതന്മാരുടെയും നയതന്ത്രങ്ജന്മാരുടെയും നിയമനിർമ്മാതാക്കളുടെയും സംവാദങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വാഗ്‌ദാനങ്ങളും പ്രേക്ഷകരെ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും നല്ല ലോകത്തെത്തിക്കും. പക്ഷെ, ജനശ്രദ്ധയാകര്ഷിക്കുന്ന പറ്റിയ മറ്റൊരു വാർത്ത വരുമ്പോൾ തോക്കിന്റെ വിഷയം അഗാധമായ ഇരുട്ടിലേക്കു മുങ്ങിയില്ലാതാകും; ശ്രോതാക്കളും പ്രേക്ഷകരും ഈ വിഷയത്തെ കുറിച്ചൊന്നും കേൾക്കുകയില്ല,  വീണ്ടും പ്രമാദമായ ഒരു വെടിവയ്പ്പുവഴി കൂട്ടക്കൊല നടക്കുന്നവരെ.  സാധാരണ സ്രോതാവിനും പ്രേക്ഷകനും വായനക്കാരനും ലഭിക്കുന്ന വിവരങ്ങൾ അവിടെ പരിമിതപ്പെടുന്നു.  

തോക്കു കൊണ്ടുള്ള കൂട്ടകൊലപാതകങ്ങൾ മാധ്യമങ്ങളിൽ കാണുന്ന വിരലിലെണ്ണാവുന്ന സംഭവങ്ങളിൽ ഒതുങ്ങി നിൽക്കുന്നതല്ല.  ഓരോ ദിവസവും ഒന്നോ അതിലധികമോ കൂട്ടവെടിവയ്പുകൾ അമേരിക്കയിൽ നടക്കുന്നുണ്ട്.    രണ്ടായിരത്തിഇരുപത്തിരണ്ടിൽ മാത്രം അറുന്നൂറ്റി നാല്പത്തിയേഴു കൂട്ട വെടിവയ്പുകളുണ്ടായിട്ടുണ്ടെന്നാണ് ഗൺ വയലൻസ് ആർക്കൈവിന്റെ റിപ്പോർട്ട് പറയുന്നത്.    വെടിയുണ്ടയേറ്റ് നാല്പത്തിയെണ്ണായിരത്തിൽ അധികം  മനുഷ്യജീവനുകളുടെ അന്ത്യമാണ് 2022-ൽ സ്വന്തം മണ്ണിൽ അമേരിക്ക കണ്ടത്.  കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും, നഷ്ടപ്പെട്ട മനുഷ്യജീവനുകളിൽ വലിയൊരു ഭാഗം കുട്ടികളും കൗമാരപ്രായക്കാരും യുവാക്കളുമത്രെ!   സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണക്കനുസരിച്ച് തോക്കുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തി പതിനയ്യായിരത്തി  നാൽപ്പത്തിമൂന്നു പേർക്ക് വെടിയേറ്റു പരിക്കുപറ്റിയെന്നാണ്.    

തോക്കക്രമം അമേരിക്കയുടെ പൊതു ആരോഗ്യത്തിനും സുരക്ഷയ്ക്കും അതി ഭീമമായ ഭീഷണി മുഴക്കി കൊണ്ടിരിക്കുന്ന പ്രശ്നമായി തുടരുകയാണ്.  

തോക്കുകളുടെ നിയന്ത്രണം നിയമങ്ങളുടെയും തോക്കുവക്താക്കളുടെയും നിയന്ത്രണപ്രവർത്തകരുടെയും മാത്സര്യങ്ങളിൽ തന്നെ.   കൂട്ട വെടിവയ്പുകളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണെങ്കിലും  പല സംസ്ഥാനങ്ങളിലും നിലവിലുള്ള കൊച്ചു കൊച്ചു നിയന്ത്രണങ്ങൾ തന്നെ കോടതി വഴി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ശക്തമായി തന്നെ തുടരുന്നു. ചില സംസ്ഥാനങ്ങളിൽ ഗൺ നിയമങ്ങൾ കൂടുതൽ ഉദാരമാകുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.  ഇക്കഴിഞ്ഞ മാസം സൗത്ത് കരോളിനയിൽ നടപ്പിലാക്കിയ നിയമമനുസരിച്ച പതിനെട്ടു വയസ്സുമുതലുള്ള ആർക്കും തോക്കു പരസ്യമായോ ഒളിച്ചുവെച്ചോ കൊണ്ടുനടക്കാം.  തോക്ക് പരസ്യമായി കൊണ്ടുനടക്കുന്നതു കൊണ്ടുമാത്രം ഒരാളെ പൊലീസിന് തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ പാടില്ല.  

രണ്ടായിരത്തി ഇരൂപത്തിരണ്ടിൽ മാത്രം അമേരിക്കയിൽ 26993 പേര് തോക്കുപയോഗിച്ചു ആല്മഹത്യ ചെയ്തിട്ടുണ്ട്.  19592 പേര് വധിക്കപ്പെടുകയും ചെയ്തു.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ കൂട്ടക്കൊലകളും മറ്റു വഴക്കുകളും മൂലമുള്ള വെടിവയ്പ്പിൽ ആകെ കൊല്ലപ്പെട്ടവരേക്കാൾ അധികം പേർ വെടി വച്ച് ആല്മഹത്യ ചെയ്തിട്ടുണ്ട് കഴിഞ്ഞ വര്ഷം.  മറ്റു വികസിതരാജ്യങ്ങളേക്കാൾ ഇരുപത്തിയാറിരട്ടി  ആളുകൾ അമേരിക്കയിൽ വെടിവച്ചു കൊല്ലപ്പെട്ടിട്ടുണ്ട്.    ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളിലേക്കാൾ വളരെയധികമാണ് അമേരിക്കയിൽ വെടിവയ്പ്പിലൂടെയുള്ള മരണനിരക്ക്.  രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഫ്രാൻസിനേക്കാൾ അഞ്ചിരട്ടി മരണമത്രേ അമേരിക്കയിൽ.   ഇവിടെ  പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മരണത്തിനു ഏറ്റവും വലിയ കാരണം രോഗങ്ങളോ മറ്റു പരുക്കുകളോ അല്ല, പക്ഷെ,  വെടിയുണ്ട  ഏറ്റിട്ടാണെന്ന  വസ്തുത, വികസിത രാജ്യങ്ങളിൽ  ഏറ്റവും കൂടുതൽ കുട്ടികൾ വെടിയേറ്റു മരിക്കുന്നത്, മറ്റെല്ലാ രാജ്യങ്ങളെക്കാളും അമേരിക്കയിൽ ആണെന്ന വസ്തുത, അമേരിക്കയിലെ തലമുറകളുടെ ഏറ്റവും വലിയ ഭീഷണി വെടിയായുധമാണെന്ന സത്യത്തെ എടുത്തുകാട്ടുന്നു.    

വെടിയേറ്റവരെ രക്ഷിക്കുന്നതിനും ചികില്സിക്കുന്നതിനും മാത്രം ഓരോ വർഷവും ഒരു ബില്യൺ ഡോളറിലധികം രാജ്യം ചെലവിടുന്നത് ജനശ്രദ്ധയിൽ പെട്ടിട്ടില്ല. 

ലോകത്തു ആകെ വെടിയേറ്റു മരിച്ചവരുടെ പകുതി ബ്രസീൽ, മെക്സിക്കോ, കൊളംബിയ, വെനിസുവേല, ഗ്വാട്ടെമാല എന്നീ വികസ്വര രാജ്യങ്ങളും അമേരിക്കയും ചേർന്ന ആറു രാജ്യങ്ങളിലാണെന്നത്, ആ വികസ്വര രാജ്യങ്ങളിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അവസ്ഥ കളിലേക്ക് അമേരിക്കയെ  അനർഹമായി കൊണ്ടുപോകുകയാണ്.   സംഘടിത കുറ്റക്കാരും മയക്കുമരുന്ന് കച്ചവടക്കാരും വലിയ സാമൂഹിക സാമ്പത്തിക അസമത്വവും ദാരിദ്ര്യവും ശക്തമല്ലാത്ത നിയമപരിപാലനവും എളുപ്പത്തിൽ തോക്കുകൾ ലഭിക്കാനുള്ള മാർഗ്ഗങ്ങളും ഗ്യാങ്ങുകളുടെ അക്രമങ്ങളും കുറ്റസഘങ്ങളുടെ അതിർത്തിതർക്കങ്ങളും സാമൂഹ്യ ക്ഷേമപരിപാടികളുടെ അഭാവങ്ങളും നിലനിൽക്കുന്ന ദക്ഷിണ-മധ്യ അമേരിക്കൻ വികസ്വര രാജ്യങ്ങളോടോപ്പം ലോകത്തിലെ ഏറ്റവും ശക്തമായ അമേരിക്കൻ ഐക്യനാടുകളും ഉണ്ടെന്നത് വിരോധാഭാസമത്രെ!

ലോക വ്യവസ്ഥിതിയുടെ സ്ഥിരതയ്ക്കും ലോകസമാധാനത്തിനുമായി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന, ലോകത്തെ ഒന്നാമത്തെ സാമ്പത്തിക നേതൃത്വമെന്നവകാശപ്പെടുന്ന അമേരിക്ക.  
 സ്വന്തം മണ്ണിൽ ആയിരക്കണക്കിനാളുകൾ വെടിയുണ്ടയേറ്റ് മരിച്ചു വീഴുകയും  അതിലിരട്ടി മനുഷ്യർ വെടിയുണ്ടയേറ്റ് പരുക്കേൽക്കുകയും ജീവിതകാലം മുഴുവൻ വികലത അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നത് എങ്ങനെ നിഷ്ക്രിയത്വത്തോടെ തുടരാനാകും?

    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക