Image

തോപ്പില്‍ ഭാസി, കാമ്പിശ്ശേരി--വള്ളികുന്നത്തെ വീണുടയാത്ത സൂര്യകിരീടങ്ങള്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 06 April, 2024
 തോപ്പില്‍ ഭാസി, കാമ്പിശ്ശേരി--വള്ളികുന്നത്തെ വീണുടയാത്ത സൂര്യകിരീടങ്ങള്‍ (കുര്യന്‍ പാമ്പാടി)

ഏപ്രില്‍ 8നു തോപ്പില്‍ ഭാസിയുടെ നൂറാം ജന്മദിനമാണ്. മുപ്പത്തിരണ്ടു വര്‍ഷം മുമ്പ് 1992 ഡിസംബര്‍ 8ന് അറുപത്തെട്ടാം വയസില്‍ വിട വാങ്ങുമ്പോള്‍ അദ്ദേഹം ബാക്കി വച്ചതു കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ഭൂപടം മാറ്റിവരച്ച 'നിങ്ങള്‍ എന്നെ കമ്മ്യുണിസ്റ്റാക്കി' തുടങ്ങി 20 നാടകങ്ങള്‍, സംവിധാനം ചെയ്ത 12 ചലച്ചിത്രങ്ങള്‍, തിരക്കഥയെഴുതിയ ഇരുനൂറിലേറെ ചിത്രങ്ങള്‍.

ഭാസിയുടെ മകള്‍ മാല, പഞ്ചാ. പ്രസി. ബിജി പ്രസാദ്, നടന്‍ പ്രദീപ് തോപ്പില്‍

ഭാസിയുടെ 'ഒളിവിലെ ഓര്‍മ്മകള്‍', 'ഒളിവിലെ ഓര്‍മ്മകള്‍ക്കു ശേഷം' എന്നീ  ആത്മകഥകള്‍ കേരളത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിലെ സ്‌തോഭജനകമായ ചരിത്ര വീഥികളിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

കോട്ടയത്തു നിന്ന് മെമു ട്രെയിനില്‍ കായംകുളം കഴിഞ്ഞുള്ള  ഓച്ചിറയില്‍ ഇറങ്ങിയാല്‍ തോപ്പില്‍ ഭാസി ജനിച്ച വള്ളികുന്നത്തേക്ക് ഏഴു കിമീ. മാതാ അമൃത്രാനന്ദമയിയുടെ വള്ളിക്കാവിലേക്കും അതേ ദൂരം. ഇന്നത്തെ വള്ളികുന്നം ആദ്യം കാണുന്ന ആരും  അമ്പരന്നു പോകും. റോഡിന്റെ ഇരുവശവും നിരനിരയായി ഗള്‍ഫ് സമ്പത്തു കൊണ്ടു കെട്ടിപ്പടുത്ത മണിമന്ദിരങ്ങള്‍.  വള്ളികുന്നം പഞ്ചായത്തു ഭരിക്കുന്നതാകട്ടെ സിപിഎമ്മും.

ഒരിക്കലും മരിക്കാത്ത ചങ്ങാത്തം--ഭാസി, കാമ്പിശ്ശേരി, വയലാര്‍

അയല്‍ക്കാരനും എംജി യൂണിവേഴ്‌സിറ്റിയില്‍  സുഹൃത്തുമായ ഡോ രാജു വള്ളികുന്നമാണ് എന്റെ യാത്രക്കു ആവേശം പകര്‍ന്നത്. റിട്ടയര്‍ ചെയ്ത ശേഷം കെഇ  കോളജില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ദേഹം ഈയിടെ ജന്മനാട്ടില്‍ പോയവേളയില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍ എനിക്കയച്ചു തന്നു.

വള്ളികുന്നത്തുനിന്നു 12 കിമീ അകലെ ശൂരനാട് 1949 ഡിസംബര്‍ 31നു ഒരു പൊതു  കുളത്തില്‍ നിന്ന് മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തില്‍ ഒരു ഇന്‍സ്‌പെക്ടറും നാലു പോലീസുകാരും കൊല്ലപ്പെട്ടത്ത് ഭീകരമായ നരനായാട്ടിലേക്കു നയിച്ചു. സ്ഥലത്തില്ലാതിരുന്നിട്ടു കൂടി തോപ്പില്‍ ഭാസിയും പ്രതിപട്ടികയില്‍പെട്ടു. നാലുവര്‍ഷം ഒളിവില്‍ കഴിയേണ്ടി വന്നു.  

ഭാസിയുടെ ഭാര്യ അമ്മിണിയമ്മ, കെപിഎസി ലളിത, പന്ന്യന്‍ രവീന്ദ്രന്‍

പോലീസ് വേട്ടയെയും കര്‍ഷക തൊഴിലാളി കുടിലുകളില്‍  കപ്പയും മീനും തിന്നു  കഴിഞ്ഞ നാളുകളെയും  ഓര്‍ത്തെടുത്തതാണ് ഭാസി 34ആം വയസില്‍ എഴുതിയ 'ഒളിവിലെ  ഓര്‍മ്മകള്‍'. മോചനം കിട്ടി രണ്ടുതവണ എംഎല്‍എയും നാടകകൃത്തും  സംവിധായകനും തിരക്കഥാകൃത്തും സിനിമാസംവിധായകനും നിര്‍മ്മാതാവും ഒക്കെയായ ശേഷമുള്ള  ജീവിതസായാഹ്നത്തില്‍ 'ഓര്‍മ്മകള്‍ക്ക് ശേഷം' എഴുതുമ്പോള്‍ പ്രായം 65.  

'വള്ളികുന്നത്തെ ഒരൊന്നാന്തരം നായര്‍ തറവാട്ടിലാണ് ഞാന്‍ ജനിച്ചത്.  എന്റെ കാരണവന്മാര്‍ കൊല്ലും കൊലയും അടക്കി വാണിരുന്നവര്‍. തട്ടിന്‍പുറത്ത് ഒരാനച്ചങ്ങല ഇപ്പോഴും കിടപ്പുണ്ട്. ഇപ്പോള്‍ സ്വത്തിനു മാത്രമേ ഞങ്ങള്‍ക്കല്‍പ്പം കുറവു വന്നിട്ടുള്ളൂ-എന്നാലും 'ഇരുന്നുണ്ണാനുള്ള വക' ദൈവം സഹായിച്ചു ഞങ്ങള്‍ക്കിപ്പോഴും ഉണ്ട്,'  ഒളിവിലെ  ഓര്‍മ്മകളില്‍ ഭാസി കുറിക്കുന്നു.  

തോപ്പില്‍ ഭാസി എന്ന തോപ്പില്‍ ഭാസ്‌കരപിള്ള 1953ല്‍  വള്ളികുന്നത്തെ ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റ് ആയി. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ പിതൃസഹോദരനും ധനാഠ്യനുമായ  തെന്നല ഗോപാല പിള്ളയെയാണ് ഭാസി മുട്ടുകുത്തിച്ചത്.  തന്റെ വീട്ടില്‍ തലേന്ന്  സദ്യയുണ്ട വോട്ടര്‍മാരില്‍ പകുതിപ്പേര്‍  വോട്ടു ചെയ്തിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നെന്നു ഗോപാലപിള്ള അട്ടഹസിച്ചതായി ഭാസി എഴുതുന്നു.

'പെരുന്തച്ചന്‍' സംവിധാനം ചെയ്ത മകന്‍ അജയന്‍

ഭാസി തോപ്പില്‍ നിന്ന് കഷ്ട്ടിച്ചു ഒരു കിമീ അകലെയുള്ള  കാമ്പിശ്ശേരി എന്ന പ്രമുഖ ചാന്നാര്‍ (ഈഴവ) കുടുംബത്തിലെ അംഗമായ  കരുണാകരനുമായി ഒന്നിച്ചു കളിച്ചു വളര്‍ന്നു. കൂമ്പാള പ്രായമെത്തിയ പെണ്‍കുട്ടിയെ  നായികയാക്കി നാടകം കളിച്ചു. അന്നു തുടങ്ങിയ നാടക പ്രേമം, കെപിഎസിയിലൂടെ മലയാള നാടകത്തെ തമിഴിന്റെ ആധിപത്യത്യത്തില്‍ നിന്ന് മോചിപ്പിച്ച്  ജനകീയമാക്കുക എന്ന ചരിത്രദൗത്യത്തിനു ചുക്കാന്‍ പിടിച്ചു,

സംസ്‌കൃതം പഠിച്ചു രണ്ടാംറാങ്കില്‍ ആയുര്‍വേദ ഡോക്ടറായ  ഭാസി ഒരിക്കലും ആ പണിക്കു പോയതേയില്ല. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശം. കമ്യുണിസത്തിലൂടെ വളര്‍ന്നു നിയമസഭയിലെത്തി. പാര്‍ട്ടിയുടെ കുതിപ്പിന് നാടകങ്ങളിലൂടെ വഴിത്താരയൊരുക്കിയ ഭാസി, പാര്‍ട്ടിയുടെ മുരട്ടുതത്വവാദങ്ങള്‍ക്കുള്ളില്‍ കലയെ തളച്ചിടാന്‍ കൂട്ടാക്കിയില്ല. ഈ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പലപ്പോഴും ശത്രുക്കളെ സമ്പാദിച്ചു.

തോപ്പില്‍ സോമന്‍, ജയശ്രീ, മക്കള്‍ ഗണേഷ്, ദേവി 

നാട്ടുകാരനായ കാമ്പിശ്ശേരിയും  വിപ്ലവഗാനങ്ങളെഴുതി ദേവരാജനിലൂടെ കെപിഎസിയുടെ നാടകങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന തിരുമേനി എന്ന് ഭാസി വിളിക്കുന്ന വയലാറും  ചവറക്കാരനായ  ഒഎന്‍വിവിയും ചേര്‍ന്ന് അനശ്വരമായ ചങ്ങാത്തം  സൃഷ്ടിച്ചു.

കാമ്പിശ്ശേരി കൊച്ചിക്കാചാന്നാരുടെ പുത്രനായി 1922 മാര്‍ച്ച് 3നു ജനിച്ച പി എന്‍ കരുണാകരന്‍  തിരുവനന്തപുരം സംസ് കൃത കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ വിപ്ലവകാരിയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് വീര്യം പോരാ എന്ന പേരില്‍ കമ്മ്യൂണിസ്റ്റായ ചെ റുപ്പക്കാരന്‍.

ജനയുഗം ദിനപത്രവും വാരികയും സിനിരമയും ബാലയുഗവും നോവല്‍പ്പതിപ്പും എല്ലാം ഒന്നിച്ച് കൊണ്ടുപോയ പത്രാധിപര്‍. ഒരുപാട് സാഹിത്യകാരന്‍മ്മാര്‍ക്ക് വെളിച്ചമായി മാറി.നിയമസഭാംഗവുമായി. ഇതിനിടയിലാണ് അഭിനയം. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയില്‍ പരമുപിള്ള എന്ന കേന്ദ്ര കഥാപാത്രത്തിന് ഒന്നര അവര്‍ഷം തുടര്‍ച്ചയായി ജീവന്‍ നല്‍കി. കര്‍ഷകപ്രമാണിയായ അച്ഛന്‍ തോപ്പില്‍ പരമേശ്വരന്‍ പിള്ളയെയാണ് ഭാസി പരമുപിള്ളയായി ആവിഷ്‌ക്കരിച്ചത്.

സുരേഷ് തോപ്പിലും ശാന്തിനിയും

നിത്യകന്യക, ആദ്യകിരണങ്ങള്‍, അശ്വമേധം, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ തുടങ്ങി ഏഴു ചിത്രങ്ങളില്‍ കാമ്പിശ്ശേരി അഭിനയിച്ചു. 'അഭിനയ ചിന്തകള്‍' തുടങ്ങി നാലു പുസ്തകങ്ങള്‍ രചിച്ചു. ഭാസിയുടെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമായിരുന്നു രണ്ടു വയസ് പ്രായക്കൂടുതലുള്ള കാമ്പിശ്ശേരി.രോഗം മൂലം 1977 ജൂലൈ 27നു അന്തരിക്കുബോള്‍ പ്രായം വെറും 55. 'എന്റെ വലംകൈ നഷ്ട്ടമായി,' എന്നു  ഭാസി വിലപിച്ചു.      

മദ്രാസില്‍ ഒന്നിച്ച് കഴിഞ്ഞിരുന്ന വയലാറിന്റെയും സത്യന്റേയും (സത്യന്‍ അവസാനമായി അഭിനയിച്ച ചിത്രം ഭാസിയുടെ ശരശയ്യ) മരണങ്ങള്‍  ഭാസിയെ ഞെട്ടിച്ചു. അമിതമായ മദ്യപാനം മൂലം മരണശയ്യയിലായ വയലാറിനെ  വിമാനത്തില്‍ നാട്ടിലെത്തിച്ചപ്പോള്‍ കാത്തിരുന്ന ടിവി തോമസ് ഭാസിയെ നോക്കി പറഞ്ഞുവത്രേ, 'ദാ  വരുന്നു  അടുത്തയാള്‍!'.

കെഎസ് ജോര്‍ജ്,  ഒ. മാധവന്‍, സുലോചന, സുധര്‍മ്മ, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, കെപി ഉമ്മര്‍, ആലുമ്മൂടന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, വിജയകുമാരി   തുടങ്ങി കേരളത്തെ കോരിത്തരിപ്പിച്ച ഒരുപാട് കലാകാരന്മാരെ കെപിഎസി നാടകങ്ങളിലൂടെ കൈരളിക്കു ലഭിച്ചു. ഭാസി നാടകമായി അവതരിപ്പിച്ച ഒളിവിലെ ഓര്‍മ്മകളുടെ 75 ആം വാര്‍ഷികം, നാടകത്തിന്റെ പുനരാവിഷ്‌ക്കാരത്തിലൂടെ  ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്  കെപിഎസി. ഓര്‍മ്മകള്‍ ആദ്യം അവതരിപ്പിച്ചത് ഭാസി മരിക്കുന്നതിന് നാലുമാസം മുമ്പ്.

കാമ്പിശ്ശേരിയുടെ ക്ലാസിക് കഥാപാത്രം പരമുപിള്ള; മകള്‍ ഡോ. ഉഷ, ഡോ. അമ്മു, ഡോ മാളു  

'നിങ്ങളെന്നെ'യില്‍ കറുമ്പനായി തകര്‍ത്തഭിനയിച്ച അനുജന്‍ തോപ്പില്‍ കൃഷ്ണപിള്ളയുടെ മകന്‍ പ്രദീപ് തോപ്പില്‍, താമരക്കുളം മണി എന്നീ മുന്‍ നടീനടന്മാന്മാരുംപുതിയ നാടകത്തിലുണ്ട്.  മനോജ് നാരായണന്‍ ആണ് സംവിധായകന്‍.  

ആത്മകഥകള്‍ രണ്ടും സുഹൃത്തുക്കളോടുള്ള നര്‍മ്മഭാഷണം പോലെ വായിച്ചുപോകാം. രണ്ടാം ഭാഗത്ത്  ഭാസി തന്നെ നാടകമാക്കിയ  ശുദ്രകന്റെ  'മൃഛകടിക'ത്തില്‍  തുടങ്ങി ഭാരത നാടകവേദിയുടെ ചരിത്രമൊട്ടാകെ വരച്ചിടുന്നു. യുഎസിലും സോവ്യറ്റ് യൂണിയനിലും നേരിട്ട് കണ്ട ക്ലാസ്സിക് തീയേറ്ററുകളുമായി താരതമ്യപെടുത്തി നമ്മുടെ നാടകശാലകള്‍ ദൃശ്യകലകളുടെ അറവുശാലകളാണെന്നു ഭാസി  പരിതപിക്കുന്നു.

കര്‍ഷക തൊഴിലാളികളോടുള്ള ഭാസിയുടെ പ്രണയത്തിനും പ്രതിബദ്ധതക്കും ഒരുദാഹരണം:

'അതാ കൊയ്ത്തു കഴിഞ്ഞ ആ പാടത്തിന്‍  വരമ്പത്തേക്ക് ഒന്നു നോക്കൂ. ഒരു കര്‍ഷകത്തൊഴിലാളിപ്പെണ്ണ്! അവള്‍ മുട്ടറ്റമെത്തുന്ന ചേറിന്റെ കറ പുരണ്ട, ഒരു മുണ്ടാണ് ഉടുത്തിരിക്കുന്നത്. ഒരു വെള്ള ബ്ലൗസ് ഇട്ടിരിക്കുന്നു. അവളുടെ മുട്ടറ്റം ചേറാണ്. ഒതൂങ്ങിയ അരക്കെട്ട്. ഉയര്‍ന്ന മാറിടം. ജോലിചെയ്തു ഉറച്ചതും വടിവൊത്തതുമാണ് അവളുടെ ശരീരം. കറ്റ ചുമന്നപ്പോള്‍ കതിരില്‍ നിന്ന് ഇറ്റുവീണ  വെള്ളത്തുള്ളികള്‍ കൊണ്ട് അവളുടെ മാറും പുറവും നനഞ്ഞിട്ടുണ്ട്! എണ്ണമയം പുരളാത്ത തലമുടിത്തുമ്പുകള്‍ കര്‍ക്കിടക്കാറ്റില്‍  പറന്നു നില്‍ക്കുന്നു. കൈയിലൊരഞ്ചാറു കരിവള. കേരളീയരായ നിങ്ങള്‍ പറയൂ..ഫ്രഞ്ച്കാരിയേക്കാള്‍ സൗന്ദര്യമില്ലേ എന്റെ പൊലയിപ്പെണ്ണിന്.'  (ഒളിവിലെ ഓര്‍മ്മകള്‍)    

'നൈര്‍മ്മല്യം, സ്‌നേഹം, സാഹസികത ഇവയെല്ലാം തോപ്പില്‍ ഭാസി എന്ന മനുഷ്യന്റെയും കലാകാരന്റെയും  ആത്മസത്തയില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. 'ഒളിവിലെ ഓര്‍മ്മകള്‍' ഒരു ആത്മകഥ എന്നതിലുപരി ഒരു ചരിത്രരേഖയാണെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അവതാരികയില്‍ ഒഎന്‍വി കുറുപ് എഴുതി.

ഭാസിയുടെ നിഴലില്‍: കെപിഎസി നടന്‍മാര്‍ സിഎം ബേബി, പ്രദീപ് തോപ്പില്‍  

നിര്‍ത്താതെയുള്ള പുകവലിയുടെ മാരകഫലമായി ഇടത്തുകാല്‍  മുട്ടറ്റം മുറിച്ച് വള്ളികുന്നം തോപ്പിലെ  വീട്ടില്‍ എഴുത്തുമായി കഴിയുന്ന ജീവിത സായാഹ്നത്തിലാണ്  സ്വന്തം ഗ്രാമത്തിലെ വീടിനുചുറ്റുമുള്ള പച്ചപ്പ് ഭാസി  തിരിച്ചറിയുന്നത്.

'നീലം  മാവുകള്‍ കൂടാതെ പലതരത്തിലുള്ള മാവുകള്‍. പന്തലിച്ച പ്ലാവ്. കനത്ത വള്ളികളോടെ കിളിമരത്തിന്റെ മുകളിലേക്ക് കയറി പടര്‍ന്നിരിക്കുന്നു കുടമുല്ല. പന്തലില്‍ പടര്‍ത്തിയിരിക്കുന്ന കുരുക്കുത്തിമുല്ല. പടര്‍ന്നു കിടക്കുന്ന നാലുമൂട് പിച്ചകം. എന്നും ആമ്പല്‍ പൂക്കുന്ന ടാങ്ക്. എന്നും കായകള്‍ പിടിക്കുന്ന  'ഡാംബ്ലോളി' മരങ്ങള്‍. പനിനീര്‍ ചാമ്പ, പേര.  മാതള നരകം. പന്തുപോലത്തെ കായ്കളുമായി  നില്‍ക്കുന്ന കമ്പിളി നാരകം...വൃക്ഷലതാദികളുടെ സാന്നിദ്ധ്യം വികാരവായ്പോടെ ഞാനിപ്പോള്‍ അറിയുന്നു. അവ എനിക്ക് തണലും കുളിരും നല്‍കുന്നു.'

ആമ്പല്‍കുളത്തിനു വൈകാരിക പ്രാധാന്യമുണ്ട്.  ഭാസി നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിക്കു വേണ്ടി പ്രധാനമന്ത്രി ജവഹര്‍ലാല്‍  നെഹ്റു പ്രസംഗിച്ച വേദി അവിടെയായിരുന്നു. . 'ഇവിടത്തെ സ്ഥാനാര്‍ഥി കൊലക്കേസിലെ പ്രതിയാണെന്ന് കേള്‍ക്കുന്നു,' തറവാട്ടിലേക്ക് തിരിച്ചു വച്ച കോളാമ്പിയിലൂടെ നെഹ്രുവിന്റെ വാക്കുകള്‍ പ്രകമ്പനം കൊണ്ടു. എന്നിട്ടും ഭാസി ജയിച്ചു.

'ഈസ്ഥലം വാങ്ങി വീട് വയ്ക്കണമെന്ന് ഭാസിക്ക് വാശിയുണ്ടായിരുന്നു,' മാല എന്നോട് പറഞ്ഞു. വീടിന്റെ പൂമുഖത്തു ഡല്‍ഹിയില്‍ ചലച്ചിത്രപുരസ്‌ക്കാരം സ്വീകരിക്കാന്‍ എത്തിയവേളയില്‍ നെഹ്രുവിനോടൊപ്പം നില്‍ക്കുന്ന ഭാസിയുടെ ഒരു ചിത്രവും ഫ്രയ്മിലാക്കി സൂക്ഷിച്ചിട്ടുണ്ട്.  ഇന്ത്യകണ്ട ഏറ്റവും വലിയ സെക്കുലര്‍ ഭരണകര്‍ത്താവ് നെഹ്രുവാണെന്നു ഭാസി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

'ഈ കുളത്തിനു മുകളിലായിരുന്നു എന്റെ കല്യാണ മണ്ഡപം. അച്ഛന്റെ  മരുമകന്‍ തോപ്പില്‍ വിജയനുമായുള്ള   എന്റെ വിവാഹത്തിനു  മാല  എടുത്തു തന്നത് അച്ഛന്‍. എന്റെമകള്‍ ശബ് നവും അ നിലുമായുള്ള  വിവാഹവും  ഇവിടെ തന്നെ. മാല നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന പികെവി,' മാല പറഞ്ഞു.

ആദ്യത്തെ  ഇഎംഎസ് മന്ത്രിസഭയില്‍ സ്പീക്കര്‍  ആയിരുന്ന എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പിയുടെ സഹോദരിയുടെ മകള്‍ അമ്മിണിയമ്മയെ വിവാഹം ചെയ്യുമ്പോള്‍ ഭാസിക്ക് 28 വയസ്. അമ്മിണിയമ്മക്ക് മധുരപ്പതിനേഴ്.

മക്കളില്‍  'പെരുന്തച്ചന്‍' സിനിമയുടെ സംവിധായകനായിരുന്ന  തോപ്പില്‍ അജയന്‍ അന്തരിച്ചു. അനുജന്‍ രാജനും കടന്നുപോയി. സോമന്‍, സുരേഷ്, മാല എന്നിവര്‍ ജീവിച്ചിരിക്കുന്നു.

ആദ്യചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചയാളാണ് തോപ്പില്‍ അജയന്‍. എംടിയുടെ കഥയും വിശിഷ്ടമായിരുന്നു. എംടിയുടെ തന്നെ 'മാണിക്യക്കല്ല്' എന്ന ചെറുനോവല്‍ ചലച്ചിത്ര  മാക്കാനുള്ള  മോഹവുമായി നടക്കുമ്പോഴാണ് രോഗം മൂലം 2018ല്‍  ജീവിതത്തോട് വിടപറയേണ്ടി വന്നത്. വയസ് 68.  'മകുടത്തില്‍ ഒരുവരി ബാക്കി' എന്ന ആത്മകഥയില്‍ മോഹങ്ങളെയും മോഹഭംഗങ്ങളെയും വിവരിച്ചിട്ടുണ്ട്.

സോമന്‍ തോപ്പില്‍ (69) മാവേലിക്കര കോടതിയില്‍ അഭിഭാഷകനും എഴുത്തുകാരനുമാണ്. ആദ്യനാടകം മാനവീയം കെപിഎസി അവതരിപ്പിച്ചു. ഓനും എന്റെ തംബ്രാനും, പരേതന്‍ മരിച്ചിട്ടില്ല, ഭഗവാനും മേപ്പടി വേശ്യയും എന്നിവയാണ് മറ്റു നാടകങ്ങള്‍. ആദ്യത്തേത് തോപ്പില്‍ ഭാസി തീയേറ്റേഴ്‌സ് അവതരിപ്പിച്ചു. അവസാനത്തെ കൃതി നോവല്‍ ആയാണ് പ്രസിദ്ധീകരിച്ചത്.

ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലായിരുന്ന ജയശ്രീയാണ് ഭാര്യ. മകന്‍ ഗണേഷ് ദുബൈയില്‍. മകള്‍ ദേവി ഭര്‍ത്താവ് ശ്രീരാജുമൊത്ത് ടെന്നസിയിലെ നാഷ് വില്ലിനടുത്തുള്ള ബ്രെന്റ് റ്വുഡില്‍  

 'ഓര്‍മയില്‍ ഒരാള്‍' എന്ന നാടകം രചിച്ചയാളാണ് സുരേഷ് തോപ്പില്‍ (59). അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പുകള്‍  'അച്ഛനോടൊപ്പം' എന്ന പേരില്‍  ഉടനെ പുസ്തകമാകും. ശാന്തിനി ഭാര്യ. ഏക മകള്‍ ഗായത്രി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഏനെസ്‌റ് ആന്‍ഡ് യങില്‍. ഭര്‍ത്താവ് വിനീത് ചെന്നൈയില്‍  ഷെല്‍ കമ്പനിയില്‍

ഭാസിയുടെ ഏക മകള്‍ മാല താമസിക്കുന്ന തോപ്പില്‍ ബംഗ്‌ളാവ് ഒരുകാലത്ത് വള്ളികുന്നത്തെ ഏറ്റവും വലിയ വീടായിരുന്നു. ഗള്‍ഫുകാര്‍ നിര്‍മ്മിച്ച വമ്പന്‍ മണിമന്ദിരങ്ങളുടെക്കിടയില്‍ഇന്നതിന്റെ പ്രഭാവം കുറഞ്ഞു പോയി. ഭര്‍ത്താവു തോപ്പില്‍ വിജയന്‍ അന്തരിച്ചു. രണ്ടു പെണ്മക്കള്‍-ചിത്രയും ശബ് നവും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ചിത്ര അമ്മയോടോടൊപ്പം താമസിക്കുന്നു. ശബ് നം 24 ന്യൂസില്‍.  
 
താന്‍ മരിക്കുമ്പോള്‍ സ്മാരകം പണിയുകയോ പിരിവു നടത്തുകയോ  പുഷ് പചക്രം അര്‍പ്പിക്കുകയോ പൊതുദര്‍ശനത്തിനു വയ്ക്കുകയോ പാടില്ലെന്നു അവസാന ശ്വാസം വിടുംമുമ്പ് അദ്ധ്യാപികയായ ഭാര്യ പ്രേമയോട് എഴുതിയെടുക്കാന്‍ പറഞ്ഞ ആളാണ് കാമ്പിശ്ശേരി. ഭാസിയും കാമ്പിശ്ശേരിയും താമ്രപത്രം നിരസിച്ചവരാണ്. എന്നാല്‍ ഭാസി മരിച്ചശേഷം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തു അമ്മിണിയമ്മ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ സ്വീകരിച്ചു.

കായംകുളത്തെ കെപിസിസി ആസ്ഥാനം; പ്രസി.ബിനോയ് വിശ്വം, സെക്രട്ടറി എ. ഷാജഹാന്‍

അച്ഛനെ ഞങ്ങള്‍  അനുസരിച്ചു,'  തോപ്പില്‍ ഗോപാലകൃഷ്ണനെ വിവാഹം ചെയ്ത ഏകമകള്‍ ഡോ. ഉഷ കാമ്പിശ്ശേരി പറയുന്നു. അച്ഛന്റെ മൃതദേഹം  തറവാടിന്റെ മുറ്റത്തു പിതാവിനെ അടക്കിയ  കൂവളത്തിനു ചുവട്ടില്‍  മറവു ചെയ്തു. പിന്നീട് അമ്മയെയും അവിടെത്തന്നെ. കാമ്പിശേരിയുടെ ഓര്‍മദിവസം കഴിഞ്ഞു ഞങ്ങള്‍ കാണാനെത്തുമ്പോള്‍ ആരോ വിതറിയ  ഒരുപിടി പൂക്കള്‍ ആ തറയില്‍ ഉണങ്ങി വരണ്ടു ചിതറിക്കിടന്നിരുന്നു.

ഡോ. ഉഷ, 67,  ദേവസ്വം ബോര്‍ഡ് കോളജുകളില്‍ സുവോളജി പ്രൊഫസറായി റിട്ടയര്‍ ചെയ്തു. പിഎസ്സി മെമ്പര്‍ ആയിരുന്നു.  തിരുവനന്തപുരത്ത് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ ഡോ. മാളു, ബെങ്ക ളൂരില്‍ 3M ല്‍ സേവനം ചെയ്യുന്ന ട്രാന്‍സ്പോര്‍ട് പ്ലാനിങ് വിദഗ്ദ്ധ ഡോ. അമ്മു എന്നിവര്‍ മക്കള്‍. സംവിധായകനും തിരുവനന്തപുരം ഭാരത് ഭവന്‍ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂരാണ് മാളുവിന്റെ ജീവിത പങ്കാളി. ആക്‌സന്‍ച്വറിലേ  അനു സത്യന്‍ അമ്മുവിന്റെ പങ്കാളി. ഉഷക്ക് രണ്ടു സഹോദരങ്ങള്‍-ഡോ. റോബി, റാഫി.

തോപ്പില്‍ ഭാസിക്ക് രണ്ടു സഹോദരന്മാരും ഒരു സഹോദരിയും. ഭാസി, കൃഷ്ണപിള്ള, മാധവന്‍ പിള്ള എന്നീ മൂവരും കടന്നു പോയി. സഹോദരി ഭാര്‍ഗ്ഗവിയമ്മ ജീവിച്ചിരിക്കുന്നു. 97 വയസായി. മക്കള്‍ തോപ്പില്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്രന്‍, വിജയകുമാര്‍ എന്നിവരും മരിച്ചു. മകള്‍ വിജയലക്ഷ്മിയുണ്ട്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചയാള്‍ തോപ്പില്‍ ഭാസിയാണെന്നാണ് കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ റിസര്‍ച് ഓഫീസറായിരുന്ന എഴുത്തുകാരന്‍ എണ്ണയ്ക്കാട്ട് പ്രസാദ് പറയുന്നത്. ഇരുന്നൂറിലേറെ ചിത്രങ്ങളുടെ തിരക്കഥ. പന്തണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചിത്രങ്ങള്‍ പലതും വന്‍ സാമ്പത്തിക വിജയം  നേടി. പക്ഷെ അതിനൊത്ത  സമ്പത്തൊന്നും സ്വരുക്കൂട്ടാന്‍ ഭാസി മിനക്കെട്ടില്ല. മക്കള്‍ക്ക് ഉദ്യോഗം നേടിക്കൊടുക്കാന്‍ ആരുടേയും പിറകെ പോയതുമില്ല, പ്രസാദ് പറയുന്നു.    

വള്ളികുന്നമല്ല തോപ്പില്‍ ഭാസിയുടെയും  കാമ്പിശേരിയുടെയും  ശാശ്വത സ്മാരകം. അത് 12 കിമീ അകലെ  ദേശീയപാത 66 നോട് ചേര്‍ന്നു കായങ്കുളത്ത് സ്ഥിതി ചെയ്യുന്ന  കെപിഎസി ആസ്ഥാനമാണ്. ജി ജനാര്‍ദ്ദനക്കുറുപ് അധ്യക്ഷനായി തുടങ്ങിയ ക്‌ളബ്ബിന്റെ ഇന്നത്തെ പ്രസിഡന്റ്  സിപിഐ  സെക്രട്ടറി ബിനോയ് വിശ്വം.  സെക്രട്ടറി അഡ്വ. എ. ഷാജഹാന്‍

ചിത്രം

1. തോപ്പില്‍ ഭാസിക്കു നൂറ്; ചരിത്രമെഴുതിയ പുസ്തകങ്ങള്‍  

Join WhatsApp News
abdulpunnayurkulam 2024-04-07 15:43:38
Pambadi sir, it is very impressive that you are reintroducing, Kerala's renovate leaders with their family data and photos...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക