Image

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം മറന്ന് മത പ്രീണനമോ? കേരളം എങ്ങോട്ട്? (സനിൽ പി.തോമസ്)

Published on 04 April, 2024
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം മറന്ന് മത പ്രീണനമോ? കേരളം എങ്ങോട്ട്? (സനിൽ പി.തോമസ്)

നിയമ സഭയായാലും ലോക് സഭയായാലും സ്ഥാനാർഥി നിർണയത്തിൽ കേരളത്തിൽ ഇരു മുന്നണികളും പണ്ടും ജാതി, മത സമവാക്യങ്ങൾ നോക്കിയിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമ്പോൾ അത് രാഷ്ട്രീയ പോരാട്ടമായി മാറുകയായിരുന്നു പതിവ്. മത മേലധ്യക്ഷന്മാരെയൊക്കെ കണ്ട് പിന്തുണ അഭ്യർഥിക്കുന്നതിലും പള്ളികളിലെ  പെരുനാളിലും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും സാന്നിധ്യം അറിയിക്കുന്നതിലും അപ്പുറം ഒന്നും സംഭവിക്കാറുമില്ലായിരുന്നു. അതായിരുന്നു സാക്ഷര കേരളത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയിരുന്നതും.

പക്ഷേ, ഇക്കുറി കഥ മാറുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നിനു പുറകെ ഒന്നായി ജാതിയും മതവും ചർച്ച ചെയ്യപ്പെടുന്നു. താൽക്കാലിക ബ്രേക്കിനു വേണ്ടി ടിവി ചാനലുകൾ അത് ഏറ്റു പിടിക്കുന്നു. അച്ചടി മാധ്യമങ്ങൾ മിതത്വം പാലിക്കുന്നു എന്നതു മാത്രമാണ് ആശ്വാസം .
പലസ്തീനിലെ ഇസ്രയേൽ ആക്രമണത്തിൽ ഒരു പക്ഷത്തിനൊപ്പം ചേർന്നുകൊണ്ടായിരുന്നു തുടക്കം.കോൺഗ്രസ് മൗനം പാലിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് പലസ്തീനു പിന്തുണയുമായി സി.പി.എം. മുന്നിട്ടിറങ്ങി. മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു  തുsർന്ന് കോൺഗ്രസും പലസ്തീനിനു പിന്തുണയുമായി എത്തി.

ഇസ്രയേൽ കാട്ടുന്ന വംശഹത്യയെ എല്ലാ വരും എതിർക്കും. പക്ഷേ, എല്ലാറ്റിനും തുടക്കം ഇസ്രയേലിൽ കടന്നു കയറി നടത്തിയ ഭീകരാക്രമണമല്ലേയെന്ന ചോദ്യം ചിലയിടങ്ങളിലെങ്കിലും ഉയർന്നു.
അടുത്തത് പൗരത്വ ഭേദഗതി നിയമമായിരുന്നു.മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങി പ്രചാരണത്തിനു നേതൃത്വം കൊടുത്തു. മലബാറിൽ ഏതാനും  ജില്ലകളിൽ വൻ ജനാവലിയെ ആകർഷിക്കാനായി.ഇതിനിടെ സി.എ.എ കേരളത്തിൽ നടപ്പാക്കില്ല എന്ന സി.പി.എം വാദം കേട്ട് വിവരമുള്ളവർ ചിരിച്ചു. കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാനത്തിന് ആവില്ലെന്ന് സമാന്യ ബുദ്ധിയുള്ളവർക്ക് അറിയാം. ഇതോടെ നിയമ പോരാട്ടം ഉയർത്തിക്കാട്ടി. പക്ഷേ, മുസ്ലിം ലീഗ് ഒരു മുഴം മുമ്പേ എറിഞ്ഞു.
സി.എ.എ ചർച്ചയിൽ പാർലമെൻ്റിൽ സി.പി.എമ്മിലെ എ.എം.ആരിഫ് മാത്രമാണ് എതിർത്തതെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു.2019 ഡിസംബറിൽ ബിൽ അവതരിപ്പിച്ചപ്പോൾ ഇ.ടി.മുഹമ്മദ് ബഷീറും ശശി തരൂരും എൻ.കെ. പ്രേമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും തോമസ് ചാഴികാടനും ( ചാഴികാടൻ ഇപ്പോൾ ഇടതിനൊപ്പം ) എതിർത്തു സംസാരിച്ചതിൻ്റെ വിവരങ്ങൾ പുറത്തുവന്നു.
സി.എ.എ.വിഷയം കഴിഞ്ഞപ്പോൾ മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ടവരെ കോടതി വിട്ടയച്ചത് സംസ്ഥാന സർക്കാറിനെതിരെ യു.ഡി.എഫ് ആയുദ്ധമാക്കി. പിന്നെ, എസ്.ഡി.പി.ഐ. യു.ഡി എഫിനു പിന്തുണ പ്രഖ്യാച്ചതായി ചർച്ച.ഇടതിനൊപ്പം ബി.ജെ.പിയും ചേർന്നു.യു.ഡി.എഫ് പിന്തുണ തേടിയില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങൾ സ്വയം തീരുമാനിച്ചതാണെന്നും എസ്.ഡി.പി.ഐ. പ്രഖ്യാപിച്ചെങ്കിലും വാദപ്രതിവാദങ്ങൾ തുടരുന്നു.

ഏറ്റവും ഒടുവിൽ ,ബുധനാഴ്ച രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ നടന്ന റോഡ് ഷോയിൽ കോൺഗ്രസിൻ്റയും ലീഗിൻ്റെയും പതാകകൾ ഒഴിവാക്കിയതായി പ്രശ്നം.2019 ൽ റോഡ് ഷോയിൽ ലീഗിൻ്റെ പച്ചക്കൊടികൾ നിരന്നപ്പോൾ പാക്കിസ്ഥാനെന്നു തോന്നിയെന്ന പ്രചാരണം ബി.ജെ.പി. നടത്തി.അമേഠിയിൽ പോലും രാഹുലിനെതിരെ ഇത് പ്രചാരണത്തിന് ഉപയോഗിച്ചത്രെ. അത്തരം വിമർശനം ഒഴിവാക്കാനാണ് ഇത്തവണ കൊടികൾ ഉപേക്ഷിച്ചത്. അപ്പോൾ അതായി പ്രശ്നം. ഏതോ വലിയ തെറ്റ് കോൺഗ്രസ് ചെയ്തതുപോലെയാണ് സി.പി.എം.സംസ്ഥാന സെക്രട്ടറി തന്നെ സംസാരിച്ചത്.

പ്രചാരണം ഇനി മൂന്നാഴ്ചയുണ്ട്. എന്തെല്ലാം വരാനിരിക്കുന്നു. എന്തെല്ലാം കാണേണ്ടി വരും. ഉയർത്തിക്കൊണ്ടു വന്ന ന്യൂനപക്ഷ പ്രീണന പ്രചാരണങ്ങളൊക്കെ അല്പായുസായി എന്നാണ് വ്യക്തമാകുന്നത് .
രാഷ്ട്രീയ നേതാക്കൾ ഓർക്കണം. സാധാരണ വോട്ടർമാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. യുവാക്കൾക്ക് ഇതിലൊന്നും താല്പപര്യവുമില്ല. ടി വി ചാനലുകൾക്കും വിവിധ പാർട്ടികളുടെ സോഷ്യൽ മീഡിയ വിഭാഗത്തിനും മാത്രമാണ് ഇതൊക്കെ വാർത്ത.അതാകട്ടെ അല്പാപായുസായ വാർത്തകളും. അല്ലാത്തവരാണ് ഭൂരിപക്ഷം. ഇനിയെങ്കിലും ജാതിയും മതവും വിട്ട് രാഷ്ട്രീയം പറയാൻ നേതാക്കൾ തയാറാകണം.'

Join WhatsApp News
josecheripuram 2024-04-05 00:41:51
Are we willing to say or willing to bring our Children without religion? No, no sooner a child is born we started to hook him/her with religious superstitious believes. And Brand name He/her? WE teach God is Love, but if we love someone they don't love, their teaching become hate and prestigious Massacre occur. So every one has that religious hate rooted in them. The only way is to eliminate that, there should not be any column for religion in an application.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക