Image

ട്രെയിൻ യാത്രയിലെ മരണം (എസ്. ശാരദക്കുട്ടി)

Published on 04 April, 2024
ട്രെയിൻ യാത്രയിലെ മരണം (എസ്. ശാരദക്കുട്ടി)

TTER വിനോദിൻ്റെ മരണം വല്ലാതെ ഭയപ്പെടുത്തുന്നു. തീർച്ചയായും ട്രെയിനിലെ വാതിലുകൾ കൂടുതൽ സുരക്ഷയുള്ളതാകണം. മനുഷ്യൻ്റെ കുറ്റവാസനകൾ ഏറുകയാണ്. യന്ത്രങ്ങൾക്ക് കൂടുതൽ മന:സാക്ഷി ഉണ്ടായേ പറ്റൂ.
സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യേണ്ടി വരുമ്പോൾ മാത്രമാണ് എനിക്ക് ഇത്രയ്ക്ക് മരണഭീതി ഉണ്ടെന്ന് മനസ്സിലാക്കുന്നതു പോലും.
ഏറ്റവും അധികം സമയം ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമായി കഴിഞ്ഞിട്ടും മുൻപൊന്നും ഇത്തരം ഭയങ്ങൾ ബാധിച്ചിരുന്നില്ല.
 കളിതമാശകളും പാട്ടുകളുമായി തിരക്കിട്ട് ഞാനാസ്വദിച്ചിരുന്ന ട്രെയിൻ യാത്രകൾ ഇന്ന്  മറന്നു പോകുന്നു. പൂർണ്ണഗർഭിണി ആയിരുന്നപ്പോൾ തിരക്കു ഭയന്ന്, വയറിൽ ഇടികിട്ടാതിരിക്കാൻ, wrong Side ൽ കൂടി കാലുകൾ എത്ര ഉയർത്തിപ്പിടിച്ചാണ്, അപകടകരമായി  വേണാട് എക്സ്പ്രസ്സിൽ കയറിക്കൂടിയിരുന്നത്! നിയമവിരുദ്ധമാണെന്നറിയാഞ്ഞിട്ടല്ല, മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു.
 ഇന്ന് പക്ഷേ, പ്രായം ഏറുന്നതു കൊണ്ടാണോ മനുഷ്യർക്കെല്ലാം സമാധാനം നഷ്ടപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല,  സ്റ്റേഷനടുക്കാറാകുമ്പോൾ ഉള്ളിലൊരു ആന്തലാണ്. പിന്നിൽ നിൽക്കുന്ന ഒരാളെങ്കിലും തിരക്കിട്ട് ഇറങ്ങാൻ ഒരുങ്ങുമോ? പാളത്തിൽ വീണുള്ള ഒരന്ത്യത്തെയാണ് ഞാനേറ്റവും ഭയക്കുന്നത്.
ട്രെയിനിനും പാളത്തിനുമിടയിലെ ചെറിയവിടവ് എത്ര ഭീകരമായ അനുഭവങ്ങളെ ഓർമ്മപ്പെടുത്തും!
 കമ്പിയിൽ പിടിച്ചു കൊണ്ട് നിർത്തിയിട്ട ട്രെയിനിൽ നിന്നിറങ്ങുന്നതിനിടയിൽ ട്രെയിൻ ചെറുതായൊന്ന് അനങ്ങിയപ്പോൾ തോളെല്ലിൽ നിന്ന് കൈ അടർന്നു മാറി ട്രെയിനിൽ രണ്ടു മിനിറ്റ് ആ അവസ്ഥയിൽ തൂങ്ങിക്കിടക്കേണ്ടി വന്ന  കൂട്ടുകാരിയെ ഓർമ്മിച്ചു. ഇന്നും ആ കൈ പൂർണ്ണമായും  പൂർവ്വസ്ഥിതിയിലായിട്ടില്ല.
ദൂരെ നിന്ന് ട്രെയിൻ അടുത്തേക്കെത്തുമ്പോഴും യാത്ര അവസാനിച്ച്, സീറ്റിൽ നിന്ന് എഴുന്നേൽക്കുമ്പോഴും ഭീതി കൊണ്ട് ഉള്ള് കലങ്ങും. ചന്ദ്രമതിയുടെ 'അഞ്ചാമൻ്റെ വരവ്' എന്ന കഥ ഓർമ്മ വരും. 'പത്താം നിലയിലെ തീവണ്ടി' എന്ന സിനിമ ഓർമ്മ വരും. തൂവാനത്തുമ്പികൾ മറന്നേ പോകും.
അപ്പോഴൊക്കെ പണ്ട് അമ്മ പഠിപ്പിച്ച ഒരു പ്രാർഥന,  ഞാനറിയാതെ എൻ്റെ ചുണ്ടിൽ വരും.
'അനായാസേന മരണം
വിനാ ദൈന്യേന ജീവനം
ദേഹാന്തേ തവ സാന്നിദ്ധ്യം
ദേഹി മേ പരമേശ്വരം"
സുഖയാത്രക്കിടയിൽ, ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ, പാളത്തിൽ വീണ് മരിച്ചവരേ നിങ്ങളെ ഓർക്കാതെ ഒരു യാത്രയും എനിക്ക് സാധ്യമാവില്ലല്ലോ.
മനുഷ്യൻ തള്ളിയാൽ തുറക്കാത്ത കനത്ത സുരക്ഷാ വാതിലുകൾ നമ്മുടെ നാട്ടിൽ  സാധാരണക്കാർ സ്ഥിരയാത്ര ചെയ്യുന്ന എല്ലാ  ട്രെയിനുകളിലുമുണ്ടാകുന്നതെന്നാകും?

എസ്. ശാരദക്കുട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക