Image

നിറങ്ങളെ കണ്ടെത്തിയവർക്ക് പറയാനുള്ളത്...(അഞ്ജു മുരളി)

Published on 03 April, 2024
നിറങ്ങളെ കണ്ടെത്തിയവർക്ക് പറയാനുള്ളത്...(അഞ്ജു മുരളി)

എന്റെ നിറമേതെന്നു ചോദിച്ച പ്രിയപ്പെട്ടവനെ, 
നീ ചോദിച്ച നിറങ്ങൾ ഇവയാണ്..

എനിക്കറിയാത്ത എൻ്റെ നിറങ്ങളിൽ ആദ്യത്തേത് ഞാൻ പറയാം.... അതെന്റെ ജനനത്തിന്റെ നിറമാകുന്നു....
വളകളൂരിപ്പോയ എൻ്റെ ഇരുണ്ട കൈകൾ
വിലപിച്ച പാട്ടിന്റെ ഈണങ്ങളിൽ,
നീ എന്നെ കണ്ടെടുത്ത്,
മണ്ണും ചെളിയും തൂത്ത് തുടച്ചത്
എന്റെ അസ്ത‌ിത്വമില്ലായ്‌മയിലുള്ളവിശ്വാസത്തിലായിരുന്നല്ലോ...
അതു മറികടന്ന് ഞാൻ വാചാലയായത്
എന്റെ ജനനം നടന്നുവെന്നറിയിക്കാനാണ്.
അനന്തരം ഞാൻ വളരുകയും മരിക്കുകയും ചെയ്യും.
അതിന് മുൻപ് എൻ്റെ ജനനം നീയറിയുക.
ഇതെന്റെ ജനനത്തിന്റെ നിറം...

രണ്ടാമത്തേത് എൻ്റെ വളർച്ചയുടേതാണ്.
ഓടിയും തളർന്നും ഉണ്ടും ഉറങ്ങിയും
കരഞ്ഞും ചിരിച്ചും സ്നേഹിച്ചും
കലഹിച്ചും തളർന്നും അറിഞ്ഞും,
വളരുന്നുവെന്നറിയാതെ വളർന്നതിൻന്റെ നിറം.

മൂന്നാമത് എന്റെ വർത്തമാനത്തിൻ്റേതാണ്...
ഇത് ഞാൻ കാണാത്തതും നീ കാണുന്നതുമായ നിറമാണ്.
ചോദ്യങ്ങൾ ചോദിക്കുന്ന എന്റെ,
നീയാൽ വെറുക്കപ്പെട്ടതും
നീ ഭയക്കുന്നതുമായ നിറം.
എന്റെ ദേഹത്തെ പൊടി തുടച്ചിട്ടും,
വായമൂടി നിനക്ക് പ്രതിഫലം തരാത്ത എന്റെ തനി നിറം. വർത്തമാനകാലങ്ങൾ പലതും,
പിന്നീട് സംഭവബഹുലങ്ങളായ ഭൂതകാലമായതിന്റെ ചരിത്രാവർത്തനങ്ങൾ നടത്തുന്ന പശ്ചാത്തല നിറം.

ഇനിയുള്ളത് മരണത്തിന്റേതാണ്..
നീ ചോദിച്ചവയിൽ ഞാൻ കണ്ടിട്ടുള്ള നിറം ഇത് മാത്രമാണ്..
അത് അത്യന്തം മോഹിപ്പിക്കുന്നതാണ്..
ചുണ്ടുകൾക്കിടയിൽ നീ നീട്ടി വെക്കുന്ന വിരലുകളെ കൂസാത്തതും താഴ്വ‌ാരങ്ങളിൽ എപ്പോഴും ആ നിറമുള്ള പൂക്കൾ കാണുന്നതുകൊണ്ടാവണം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക