Image

ഒളിംപിക്സ് തുടങ്ങും മുമ്പേ പതാക വാഹകനെ ചൊല്ലി വിവാദം (സനിൽ പി.തോമസ്)

Published on 02 April, 2024
ഒളിംപിക്സ് തുടങ്ങും മുമ്പേ പതാക വാഹകനെ ചൊല്ലി വിവാദം (സനിൽ പി.തോമസ്)

ടേബിൾ ടെന്നിസിൽ ഏഷ്യൻ തലത്തിൽ പോലും ഇന്ത്യ അറിയപ്പെടുന്ന ശക്തിയല്ല. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചുവെന്നു മാത്രം.കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നിസിൽ സ്വർണം നേടിയത് വലിയ സംഭവമായി കാണാനും കഴിയുകയില്ല. അപ്പോൾ പിന്നെ പാരിസ് ഒളിംപിക്സിലെ ഉദ്ഘാടന ചടങ്ങിൽ  ഇന്ത്യൻ പതാക വഹിക്കാൻ ടേബിൾ ടെന്നിസ് താരം ശരത് കമലിനെ എന്തിനു തിരഞ്ഞെടുത്തു? ശരത് കമലിനെ സംബന്ധിച്ചിടത്തോളം ഇത് അഞ്ചാം ഒളിംപിക്സാണ്. പ്രായം 41. പാരിസ് അദ്ദേഹത്തിന് വിടവാങ്ങൽ ഗെയിംസുമാകാം. ആ സീനിയോരിറ്റി യോടുള്ള ആദരവാണെങ്കിൽ തീരുമാനം ചോദ്യം ചെയ്യേണ്ടതില്ല. ഏഷ്യൻ ഗെയിംസിൽ രണ്ടു വെങ്കലം ശരത് കമൽ നേടിയിട്ടുണ്ട്.

ഏഴ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ലിയാൻഡർ പെയ്സ് വിരമിച്ചു. ആറു തവണ ശീതകാല ഒളിംപിക്സിൽ പങ്കെടുത്ത ശിവ കേശവനാണ് പെയ്സിനു പിന്നിൽ.ശിവയും വിരമിച്ചു. ഇത്തവണ ഇന്ത്യൻ സംഘത്തിൻ്റെ ഉപ മേധാവി ശിവ കേശവൻ ആണ്. ശീതകാല ഒളിംപ്യന് ഗ്രീഷ്മകാല ഒളിംപിക്സിൽ എന്തു കാര്യമെന്ന് ആരും ചോദിച്ചില്ല. പിന്നെ ശരത് കമലിൻ്റെ നിയോഗത്തെ എന്തിന് ചോദ്യം ചെയ്യണം?

പാരിസിൽ ഇന്ത്യൻ പതാക വഹിക്കേണ്ടത് ടോക്കിയോയിലെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയാണ് എന്ന വാദവുമായി ഒളിംപ്യൻ അഞ്ജു ബോബി ജോർജാണ് ആദ്യം രംഗത്തുവന്നത്.തുടർന്ന് തമിഴ്നാട് അത്ലറ്റിക്സ് അസോസിയഷൻ പ്രതിഷേധമുയർത്തി.

  ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എക്സിക്യൂട്ടീവ് സമിതിയിൽ, സി.ഇ.ഒ.നിയമനത്തെ ചോദ്യം ചെയ്തവരിൽ ചിലർ ശരത് കമലിനെ തിരഞ്ഞെടുത്തതിനെയും എതിർത്തതായി അറിയുന്നു.
ടേബിൾ ടെന്നിസ് താരങ്ങൾക്ക് ഇന്ത്യ ഇക്കുറി കൂടുതൽ പരിഗണന നൽകുന്നു എന്നത് വാസ്തവമാണ്. അത് ഭാവിയിലേക്കുള്ള ചുവടുവയ്പാണ്. ഏറ്റവും ഒടുവിൽ ശ്രീജ അകുലയ്ക്ക് തായ്പേയിൽ പരിശീലനത്തിനു പോകാൻ കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിൻ്റെ മിഷൻ ഒളിംപിക് സെൽ സാമ്പത്തിക സഹായം അനുവദിച്ചു.ശ്രീജ ലോക റാങ്കിങ്ങിൽ 40 ആണ്. രണ്ടു റാങ്ക് മുന്നിൽ മണിക്ക ബത്രയുണ്ട്. ശരത് കമലിൻ്റെ ലോക റാങ്ക് 35 ആണ്.

എന്തുകൊണ്ട് നീരജിനെ ചുമതലപ്പെടുത്തിയില്ല എന്നത് ന്യായമായ ചോദ്യമാണ്. എന്നാൽ തലേ ഒളിംപിക്സിൽ ഏറെ തിളങ്ങിയ താരത്തെ തന്നെ അടുത്ത ഒളിംപിക്സിൽ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ ദേശീയ പതാക പിടിക്കാൻ നിയോഗിച്ച ചരിത്രം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏതാനും തവണ മാത്രമാണുണ്ടായത്.
2008 ൽ ബെയ്ജിങ്ങിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്ര 2016ൽ റിയോയിൽ ആണ് ഉദ്ഘാടന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക പിടിച്ചത്.2012 ൽ ലണ്ടനിൽ ഈ ഭാഗ്യം, 2008 ൽ ഗുസ്തിയിൽ വെങ്കലം നേടിയ സുശീൽ കുമാറിന് ആയിരുന്നു.

1996 ൽ അറ്റ്ലാൻ്റയിൽ വെങ്കലം നേടിയ ടെന്നിസ് താരം ലിയാൻഡർ പെയ്സ് 2000 ത്തിൽ സിഡ്നിയിൽ പതാകയേന്തിയതും 2004ൽ ആഥൻസിൽ ഷൂട്ടിങ്ങിൽ വെള്ളി നേടിയ രാജ്യവർധൻ സിങ് രാത്തോഡ് തൊട്ടടുത്ത ഒളിംപിക്സിൽ പതാക പിടിച്ചതുമാണ് വ്യത്യസ്തമായ അനുഭവം. എന്നാൽ 2000 ത്തിൽ സിഡ്നിയിൽ ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കല്ല, അഞ്ജുവിനാണ് 2004ൽ പതാകയേന്തൻ
 ഭാഗ്യമുണ്ടായത്. ഇത് ഒരു പക്ഷേ, ഭാരോദ്വഹന മത്സരങ്ങൾ നേരത്തെ തുടങ്ങുന്നതിനാൽ കർണത്തിന് വിശ്രമം നൽകാൻ ചെയ്തതാകണം. 1928 മുതൽ ഒളിംപിക്സിൽ മൽസരിച്ച ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് 1936ൽ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക പിടിച്ചു.
സ്വതന്ത്ര ഇന്ത്യ ആദ്യമായി പങ്കെടുത്ത 1948ലെ ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ടാലിമെറാൻ അയോയ്ക്കായിരുന്നു നിയോഗം.1952 ലും 56 ലും ത്രിവർണ പതാക പിടിച്ച് ഹോക്കി താരം ബൽബീർ സിങ് ചരിത്രമെഴുതി. ഗ്രീഷ്മകാല ഒളിംപിക്സിൽ മറ്റൊരു ഇന്ത്യക്കാരനും ലഭിക്കാത്ത ഭാഗ്യം.

1992 ൽ, ഒളിംപിക്സ് ഉദ്ഘാടനത്തിന് പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം ഷൈനി വിൽസൻ സ്വന്തമാക്കി. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ മേരി കോമും മൻപ്രീത് സിങ്ങും സംയുക്തമായി പതാക പിടിച്ചു.

ഇതൊക്കെയാണെങ്കിലും നീരജിനെ തഴഞ്ഞ് കമലേഷിന് അവസരം നൽകുന്നതിൽ രാഷ്ട്രീയമുണ്ടോയെന്ന് സംശയം ഉയർന്നിട്ടുണ്ട് .
ബ്രിജ്ഭൂഷൻ ശരൻ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങൾ സമരം നടത്തിയപ്പോൾ അതിനെ പരസ്യമായി പിന്തുണച്ച അപൂർവം കായിക താരങ്ങളിൽ പ്രമുഖനാണ് നീരജ്.മറിച്ച് പല കാര്യങ്ങളിലും ഐ.ഒ.എ. നേതൃത്വത്തിനൊപ്പം നിന്നവരാണ് ശരത് കമലും മേരി കോമും .മേരി കോമാണല്ലോ പാരിസിൽ ഇന്ത്യൻ സംഘത്തെ നയിക്കുക. ഇതിൽ രാഷ്ട്രീയം കണ്ടാൽ തന്നെ സംഘത്തിൻ്റെ ഉപമേധാവിയായ ശിവകേശവൻ ഗുസ്തി താരങ്ങൾക്ക് പിന്തുണയറിയിച്ച് ഐ.ഒ.എ. അത് ലറ്റ്സ് കമ്മിഷൻ അംഗങ്ങളിൽ ചിലർ അവതരിപ്പിക്കാൻ ഒരുങ്ങിയ പ്രമേയം തയാറാക്കിയത് ശിവ കേശവൻ ആയിരുന്നു.

സംഭവത്തിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ തന്നെ കമലേഷിൻ്റെ സീനിയോരിറ്റിയെ മാനിച്ച് വിവാദം ഒഴിവാക്കണം. സ്വർണം നിലനിർത്തുന്നതിൽ ആകട്ടെ നീരജിൻ്റെ ശ്രദ്ധ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക