Image

മുംബൈ ചെറുകഥാ ക്യാമ്പ് 2024 സംഘടിപ്പിച്ചു

Published on 02 April, 2024
മുംബൈ ചെറുകഥാ ക്യാമ്പ് 2024 സംഘടിപ്പിച്ചു

പ്രശസ്ത എഴുത്തുകാരി മാനസിയും, എഴുത്തുകാരിയും  നിരൂപകയുമായ ഡോ. മിനി പ്രസാദും മുഖ്യാതിഥികളായി മുംബൈ എഴുത്തുകൂട്ടവും ന്യൂ ബോംബെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ കോപ്പെർഖൈർനയും സംയുക്തമായി മുംബൈയിൽ  മാർച്ച്  23, 24 തിയ്യതികളിൽ നടത്തിയ ദ്വിദിന ചെറുകഥാക്യാമ്പ്  ശ്രദ്ധേയമായി.   മുംബൈയിലെ എഴുത്തുകാരായ ചന്ദ്രൻ സൂര്യശില, തുളസി മണിയാർ, രാജൻ കിണറ്റിൻകര, ജ്യോതിലക്ഷ്മി നമ്പ്യാർ എന്നിവരുടെ പുസ്തക പ്രകാശനവും ഇതേ വേദിയിൽ നടക്കുകയുണ്ടായി. 

എഴുത്ത് എന്ന് മാത്രമല്ല  എല്ലാ സർഗ്ഗാത്മകതയും ഓരോരുത്തരിലും ജന്മനാ ലഭിക്കുന്ന കഴിവാണ് .ക്യാമ്പ് ഒരാളെ എഴുതാൻ പഠിപ്പിക്കുന്നതിനല്ല മറിച്ച് തന്നിലുള്ള കഴിവുകളെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനാണ് എന്ന് മാനസി അഭിപ്രായപ്പെട്ടു. ജനങ്ങൾ എന്തൊക്കെയോ സമൂഹ മാധ്യമങ്ങളിലൂടെ വായിക്കുന്നുണ്ട് എങ്കിലും ശരിയായ വായന കുറയുന്നു എന്ന് ഡോ മിനി പ്രസാദ് ഖേദപൂർവ്വം പറഞ്ഞു.

ക്യാമ്പിന്റെ ആദ്യ ദിവസമായ മാർച്ച് 23-നു   കഥാകൃത്തും നോവലിസ്റ്റുമായ ക്യാമ്പ് ഡയറക്ടറുമായ കണക്കൂർ ആർ സുരേഷ്‌കുമാർ  ക്യാമ്പിന്റെ ഘടനയെക്കുറിച്ച് വിവരിച്ചു. ക്യാമ്പിൽ മുംബൈയ്ക്ക് പുറമെ ഭോപ്പാൽ, സൂറത്ത്, പൂനൈ തുടങ്ങിയ നഗരങ്ങളിൽനിന്നും കൂടാതെ കേരളത്തിൽ നിന്നുമായി അമ്പതിലേറെ അക്ഷരസ്നേഹികൾ പങ്കെടുത്തു. രാവിലെ നടന്ന ഉത്‌ഘാടന ചടങ്ങിൽ ജ്യോതിലക്ഷ്മി നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു. എം വി ബാബുരാജ് സ്വാഗതം പറഞ്ഞു. ക്യാമ്പ് ഉത്‌ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത എഴുത്തുകാരി മാനസി ‘സ്ത്രീയുടെ എഴുത്തു ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.  

തുടർന്ന് ഡോ മിനി പ്രസാദ്, ചെറുകഥയുടെ വർത്തമാനം, എം. ടി യുടെ കഥാപ്രപഞ്ചം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. എട്ടു മണിക്കൂർ നിതീണ്ടുനിന്ന കഥാചർച്ചയായിരുന്നു ക്യാമ്പിന്റെ പ്രധാന ആകർഷണം. പങ്കെടുത്ത അംഗങ്ങളുടെ കഥകൾ വായിക്കുകയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ കഥകളുടെ വിശകലനവും, ചർച്ചയും വളരെ നടന്നതും അംഗങ്ങളിൽ ഉത്സാഹം പകർന്നു. കഥകൾ എങ്ങിനെ വായിക്കണം, എങ്ങിനെ വിശകലനം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഡോ മിനി പ്രസാദും, മനസിയും അംഗങ്ങൾക്കായി വിശദീകരിച്ചു  

തൊട്ടടുത്തുള്ള ഉദ്ദ്യാനത്തിൽ ക്യാമ്പ് അംഗങ്ങൾ കൂട്ടായി പ്രഭാത സവാരിനടത്തിയതിനുശേഷമാണ് രണ്ടാം ദിവസത്തിനു തുടക്കം കുറിച്ചത്. തുടർന്ന് 'നഗരം കഥയിലെഴുതുമ്പോൾ' എന്ന വിഷയം ചർച്ചചെയ്യപ്പെട്ടു. എഴുത്തുകാരായ ജയശ്രീ  രാജേഷ്, രേഖാരാജ്, സജി തോമസ്, ഷാബു എസ് ധരൻ, സതീഷ് മാക്കോത്ത്, സുരേഷ്‌കുമാർ കൊട്ടാരക്കര തുടങ്ങിയവർ പാനൽ അംഗങ്ങളായിരുന്നു. കൂടാതെ അമ്പിളി കൃഷ്ണകുമാർ, ഷിബു സുകുമാരൻ, തൃശൂർ വിശ്വം, സലി കെ എസ്, സരിത സുലോചന, അതീഖ്, മുരളീധരൻ വലിയവീട്ടിൽ, സുരേഷ് പൂനൂർ, രാജൻ തെക്കുംമല, പ്രേമാനന്ദൻ കടങ്ങോട്, കെ. വി എസ് നെല്ലുവായ്, ജയൻ കീഴറ, ഹരീന്ദ്രനാഥ് തുടങ്ങിയ എഴുത്തുകാർ ചർച്ചയുടെ ഭാഗമായി. 

ഏകദേശം ഉച്ചയോടെ ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിൽ എൻ ബി സി സി പ്രസിഡന്റ് മനോജ് മാളവിക അദ്ധ്യക്ഷത വഹിച്ചു. മോഹനൻ പണിക്കർ സ്വാഗതം പറഞ്ഞു. കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റ് എൻ ഹരിഹരൻ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്തു. മുംബൈ നഗരത്തിലെ മലയാളികളും മലയാള സംഘടനകളും മലയാള സാഹിത്യ രംഗത്ത് ഇത്തരം ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു   തുടർന്ന്  പുസ്തകപ്രകാശനമായിരുന്നു അരങ്ങേറിയത്. ചന്ദ്രൻ സൂര്യശിലയുടെ  നോവൽ ' അനന്ദായനം ' മാനസി പ്രകാശനം ചെയ്തു. മനോജ് മാളവിക ഏറ്റുവാങ്ങി, അടുത്തതായി രാജൻ കിണറ്റിൻകരയുടെ 'നഗരച്ചൂടിലെ 'അമ്മ നിലാവ്' എന്ന നോവൽ മാനസി പ്രകാശനം ചെയ്തു. രാമകൃഷ്ണൻ പൂനൈ ഏറ്റുവാങ്ങി. പിന്നീട് തുളസി മണിയാരുടെ കഥാസമാഹാരമായ 'ഉപ്പിന്റെ മണമുള്ള  നിഴലുകൾ’ ഡോ മിനി പ്രസാദ് പ്രകാശനം നടത്തി. കണക്കൂർ സുരേഷ്‌കുമാർ ഏറ്റുവാങ്ങി. തുടർന്ന് ജ്യോതിലക്ഷ്മി നമ്പ്യാരുടെ ലേഖനസമാഹാരമായ ' നിയതിയുടെ നിദര്ശനങ്ങൾ' ഡോ മിനി പ്രസാദ് പ്രകാശനം ചെയ്തു. രാജമ്മ നായർ ഏറ്റുവാങ്ങി.   

സുരേഷ് നായർ , മായാദത്ത് എന്നിവർ പുസ്തകങ്ങളെ സദസ്സിന്  പരിചയപ്പെടുത്തി. ലിജി നമ്പ്യാർ  ചടങ്ങ് നിയന്ത്രിച്ചു. അതിനുശേഷം മുതിർന്ന എഴുത്തുകാരെ ക്യാമ്പ് പൊന്നാട അണിയിച്ച് ആദരിച്ചു. അശ്വതി ബാബുരാജ്, ഉണ്ണി ചങ്കത്ത് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ക്യാമ്പിൽ  പങ്കെടുത്ത എല്ലാവര്ക്കും  സര്ട്ടിഫികാറ്റുകൾ വിതരണം ചെയ്തു. സുരേഷ് നായർ നന്ദി പറഞ്ഞു. മുംബൈയിലെ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ സമാപന ചടങ്ങിൽ പങ്കെടുത്തു. എൻ ബി സി സി യൂത്ത് വിംഗ് പരിപാടികൾ നിയന്ത്രിച്ചു.  പുതുമകൾ  നിറഞ്ഞ ചെറുകഥാക്യാമ്പ് വലിയൊരു അനുഭവമായിരുന്നു എന്ന് ക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

 

Join WhatsApp News
മനോജ്‌ മെനവൻ 2024-04-03 05:19:16
എല്ലാ വിവരങ്ങളും ഒപ്പിയെടുത്തൊരു റിപ്പോർട്ട്‌. വളരെ ആസ്വദിച്ചു പങ്കെടുത്ത നല്ലൊരു ക്യാമ്പ് ആയിരുന്നു.
ആനന്ദവല്ലി ചന്ദ്രൻ 2024-04-03 06:08:02
ആശംസകൾ. നന്ദി. ഇനിയും ഇത്തരം ചടങ്ങുകളും, ക്യാമ്പുകളും നടത്താൻ മുംബൈ എഴുത്തുകാർക്ക് കഴിയട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക